Thursday , May 28 2020
Breaking News

ജനജീവിതം സാധാരണഗതിയിലാക്കുന്നതിന് മുന്‍ഗണന; സഹായിച്ചവര്‍ക്കെല്ലാം നന്ദി; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം നേരിട്ട ഏറ്റവും വലിയ ദുരിതത്തില്‍ കൈമെയ് മറന്ന സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്. അത് കാര്യക്ഷമമായി തുടര്‍ന്ന്‌കൊണ്ടിരിക്കും. ജനജീവിതം സാധാരണ നിലയിലാക്കുന്നതിനാണ് ഇനി സര്‍ക്കാരിന്റെ മുന്നിലുള്ള പ്രഥമ പരിഗണനയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് മാത്രം 13 പേര്‍ മരിച്ചിട്ടുണ്ടെന്നും 22034 പേരെ ഇന്ന് രക്ഷപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തൊടാകെ 5645 ദുരിതാശ്വാസ ക്യാമ്പുകളിലായി 724649 ആളുകള്‍ താമസിക്കുന്നുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ക്യാമ്പുകള്‍ നടക്കുന്നത്. ദുരന്ത ഘട്ടത്തില്‍ പ്രഥമ പരിഗണന നല്‍കിയത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനാണ്. അത് ലക്ഷ്യം കാണുന്ന നിലയാണുള്ളത്. ഇനി ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരണം. അതിനുള്ള പദ്ധതികളാണ് അടുത്ത ഘട്ടം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ക്യാമ്പുകള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി
വരികയാണ്. പ്രദേശിക സഹകരണം ലഭ്യമാക്കികൊണ്ട് തന്നെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകും.

വീടുകളില്‍ നിന്ന് മാറാന്‍ സാധിക്കാത്തവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ക്യാമ്പുകളില്‍ വനിതാ പോലീസുകാരെ നിയമിക്കാന്‍നടപടിയെടുത്തിട്ടുണ്ട്. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടികളിലാണ്. സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത് ചെയ്യുക. തെരുവ് വിളുക്കകുളേടതക്കമുള്ള വൈദ്യുതി പെട്ടെന്ന് പുനഃസ്ഥാപിക്കും. രക്ഷാപ്രവര്‍ത്തനത്തില്‍ മത്സ്യത്തൊഴിലാളികളുടെ വലിയ ഇടപെടുലകളുണ്ടായിട്ടുണ്ട്. അവര്‍ക്ക് ഓരോ ബോട്ടിനും ഇന്ധനത്തിന് പുറമെ ദിവസംതോറും 3000 രൂപ നല്‍കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. കേടുപാടു പറ്റുകയും നഷ്ടപ്പെട്ട് പോകുകകയും ചെയ്ത് ബോട്ടുകള്‍ക്ക് നഷ്ട പരിഹാരം നല്‍കും. ദുരിതാശ്വാസത്തിന് എത്തിച്ച ബോട്ടുകള്‍ കൊണ്ടുവന്ന പോലെ തന്നെ തിരിച്ചെത്തിക്കും. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് തദ്ദേശ സ്ഥാനപനങ്ങളുടെ കീഴില്‍ സ്വീകരണം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് പോകുമ്പോള്‍ വേണ്ട ആവശ്യങ്ങള്‍ക്ക്
സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വെള്ളം ഇറങ്ങുന്ന ഉടനെ ശുദ്ധീകരണ പ്രക്രിയകള്‍ ആരംഭിക്കും. ശുദ്ധജല പൈപ്പുകളുടെ തകരാറുകള്‍ യുദ്ധകാലടിസ്ഥാനത്തില്‍ തീര്‍പ്പാക്കും.

മാലിന്യ നിര്‍മാര്‍ജനം ചെയ്യുന്നതിന് പ്രാധാന്യം നല്‍കും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിത കേരള മിഷന്റെയും പൊതുജന സഹകരണത്തോടെയും ഇക്കാര്യങ്ങള്‍ ചെയ്യും.

ഓരോ വില്ലേജിലും ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഒരു ഉദ്യോഗസ്ഥന്‍ ഉണ്ടാകും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നിര്‍ദേശാനുസൃതമായിരിക്കും. ക്ലോറിനേഷനടക്കമുള്ള കാര്യങ്ങള്‍ നടത്തുക. ഒരു പഞ്ചായത്തില്‍ ആറ് വീതം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കും. ഇപ്പോള്‍ ഉള്ളതും കൂടാതെ കരാറടിസ്ഥാനത്തിലും ആരോഗ്യ വകുപ്പ് ആളുകളെ നിയമിക്കും. ആരോഗ്യ വകുപ്പിന്റെയും തദ്ദേശ വകുപ്പിന്റെയും അഡീഷണല്‍ ചീഫ്‌സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള ഉപസമിതിയെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. പകര്‍ച്ചവ്യാധി തടയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറമെ സ്വകാര്യ ആശുപത്രികളുടെ സഹായം വേണമെങ്കില്‍ അതിനുള്ള നടപടികളുണ്ടാകും. ക്യാമ്പുകളില്‍ എത്തിയവരില്‍ തുടര്‍ച്ചയായി മരുന്നുകളോ ചികിത്സയോ തേടുന്നവരുണ്ടെങ്കില്‍ അവരെ ഉടന്‍ ആശുപത്രികളിലേക്ക് മാറ്റും.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മരുന്നകള്‍ വിതരണം ചെയ്യാനും സ്വീകരിക്കാനും നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗാതഗതം മേഖല പുനഃസ്ഥാപിക്കും. റെയില്‍വെയുടെ തകരാറുകള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. റോഡ് മാര്‍ഗം യാത്ര നടത്തുന്നതിനുള്ള താത്ക്കാലിക
സൗകര്യങ്ങള്‍ സ്വീകരിക്കും. വന്‍നാശ നഷ്ടങ്ങളാണ് റോഡുകള്‍ക്കുണ്ടായിട്ടുള്ളത്. നേരത്തെ മാറ്റിവെച്ച ആയിരം കോടി രൂപ ഇത് പരിഹരിക്കാനുപയോഗിക്കും.

പാഠപുസ്തകം നഷ്ടപ്പെട്ടിട്ടുള്ള എല്ലാകുട്ടികള്‍ക്കും സൗജന്യമായി നല്‍കും. ഇപ്പോള്‍ തന്നെ ലക്ഷകണക്കിന് പാഠപുസ്തകങ്ങള്‍ അടിച്ചുവെച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് യൂണിഫോം നല്‍കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

സമാനതകളില്ലാത്ത പ്രതിസന്ധി മറികടക്കുന്നതിന് കൈമെയ് മറന്ന സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹായങ്ങള്‍ കൂട്ടിയുറപ്പിച്ച് മുന്നോട്ട് പോകും. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി കേരളം സന്ദര്‍ശിച്ച് നിരവധി സഹായങ്ങളൊരുക്കുകയും വാഗ്ദ്ധാനങ്ങള്‍ നല്‍കുകയും ചെയ്തതിനെ അനുസ്മരിക്കുന്നു. വിവിധ സൈനിക വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഗവര്‍ണറുടെ നപടികളേയും സര്‍ക്കാര്‍ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു. പ്രവാസികളുടെയടക്കം സഹകരണത്തിന് സര്‍ക്കാരിന് വലിയ കടപ്പാടും നന്ദിയുമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇതര സംസ്ഥാനങ്ങളും ഒരുപാട് സഹായിച്ചു. മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടിനേയും സഹായത്തേയും നന്ദിയോട് സ്മരിക്കുന്നു. രക്ഷാപ്രവര്‍ത്തന്തിന് സഹകരിച്ച സ്ഥാപനങ്ങള്‍, മൊബൈല്‍ സേവനദാതാക്കള്‍ എന്നിവര്‍ക്കും നന്ദിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

RANDOM NEWS

തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെയെല്ലാം നാട്ടിലെത്തിക്കും; ആശങ്കവേണ്ട മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികളെയെല്ലാം നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, അതിന് ചില ക്രമീകരണങ്ങള്‍ അത്യാവശ്യമാണെന്ന് അദ്ദേഹം …