Sunday , December 15 2019
Breaking News

ചെങ്കള ബാങ്ക്: ലീഗ് നേതാവ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചേക്കും

Muhammed-Kunhi-Kadavathചെര്‍ക്കള: കോണ്‍ഗ്രസിനെ പിണക്കി നറുക്കെടുപ്പിലൂടെ ചെങ്കള സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് നേതാവ് മുഹമ്മദ് കുഞ്ഞി കടവത്ത് രാജിവെക്കും. യു.ഡി.എഫിലെ പൊട്ടിത്തെറി ഒഴിവാക്കാനാണിത്. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും ഉന്നതനേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്നാണ് രാജിക്ക് ധാരണയായത്.

രാജിവെച്ചാല്‍മാത്രമേ ചര്‍ച്ച നടത്തേണ്ടതുള്ളൂവെന്ന കടുത്ത തീരുമാനമാണ് തിങ്കളാഴ്ച കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഒറ്റക്കെട്ടായി കൈക്കൊണ്ടത്. ചൊവ്വാഴ്ച നടക്കുന്ന യു.ഡി.എഫ്. കാസര്‍കോട് നിയോജകമണ്ഡലം കമ്മിറ്റിയോഗത്തിലും ഡി.സി.സി. നേതൃയോഗത്തിലും പ്രശ്‌നം കൂടുതല്‍ ചര്‍ച്ചയ്ക്കും വിവാദത്തിനും വഴിവെക്കുമെന്ന കണക്കുകൂട്ടലും തീരുമാനത്തിനു പിന്നിലുണ്ട്.
ഒമ്പതംഗ ഭരണസമിതിയുണ്ടായിരുന്ന ഇവിടെ കോണ്‍ഗ്രസിന് അഞ്ചും മുസ്ലിം ലീഗിന് നാലും അംഗങ്ങളായിരുന്നു. കോണ്‍ഗ്രസിലെ ബാലകൃഷ്ണ വോര്‍ക്കുഡ്ലു ആയിരുന്നു പ്രസിഡന്റ്. അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഭരണസമതി അംഗങ്ങളുടെ എണ്ണം എട്ടായി. കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും നാലുവീതം അംഗങ്ങളായി. പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും ലീഗ് മുഹമ്മദ് കുഞ്ഞിയെ മത്സരിപ്പിച്ചു. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും സ്ഥാനാര്‍ഥികള്‍ക്ക് നാലുവീതം വോട്ടുകിട്ടുകയും നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം ലീഗിന് കിട്ടുകയുമായിരുന്നു. അതാണിപ്പോള്‍ രാജിവെക്കാന്‍ പോകുന്നത്.

ഓഗസ്റ്റ് എട്ടിന് ചെങ്കള പഞ്ചായത്തില്‍പ്പെടുന്ന മുട്ടത്തോടി സഹകരണബാങ്കില്‍ തിരഞ്ഞെടുപ്പ് വരുന്നുണ്ട്. മുട്ടത്തോടി ബാങ്കില്‍ നിലവിലുള്ള 11 അംഗ ഭരണസമിതിയില്‍ മുസ്ലിം ലീഗിന് ആറും കോണ്‍ഗ്രസിന് അഞ്ചും അംഗങ്ങളാണുള്ളത്. മുസ്ലിം ലീഗിലെ ഇ.അബൂബക്കര്‍ ഹാജി പ്രസിഡന്റും കോണ്‍ഗ്രസിലെ അച്ചേരി ബാലകൃഷ്ണന്‍ വൈസ് പ്രസിഡന്റുമായുള്ളതാണ് ഭരണസമിതി.
ചെങ്കള ബാങ്കില്‍ ധാരണയിലെത്തിയില്ലെങ്കില്‍ ഇവിടെയും ധാരണ പ്രയാസമാകും. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് ആസന്നമായതാണ് മറ്റൊരു കാരണം. മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റാണിത്. കോണ്‍ഗ്രസിന്റെ സഹകരണം ഉറപ്പാക്കിയില്ലെങ്കില്‍ തലവേദനയാകുമെന്ന് ലീഗ് കരുതുന്നു.

ജില്ലാ പഞ്ചായത്തില്‍ മുസ്ലിം ലീഗിനും കോണ്‍ഗ്രസിനും തുല്യ അംഗങ്ങളായിട്ടും രണ്ടരവര്‍ഷത്തിനു ശേഷം പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് ലഭിക്കാത്തത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ
പിടിപ്പുകേടാണെന്ന് നേതാക്കള്‍ക്കിടയില്‍ പോലും അഭിപ്രായമുണ്ട്. മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടാല്‍ രാജിവെക്കുമെന്ന് മുഹമ്മദ് കുഞ്ഞി കടവത്ത് വ്യക്തമാക്കി.കോഴിക്കോട്ട് നടക്കുന്ന ഹജ്ജ് ക്യാമ്പില്‍ വൊളന്റിയറായി സേവനംചെയ്യുന്ന മുഹമ്മദ് കുഞ്ഞി കടവത്ത് 20-ന് ചെര്‍ക്കളയില്‍ തിരിച്ചെത്തും. ഇതിനുശേഷമാകും രാജി സമര്‍പ്പിക്കുകയെന്നറിയുന്നു.

1992-ല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന കെ.കറുത്തമ്പു വൈദ്യര്‍ ചീഫ് പ്രമോട്ടറായാണ് ചെങ്കള സഹകരണ ബാങ്ക് രൂപവത്കരിച്ചത്. തുടക്കത്തില്‍ മുസ്ലിം ലീഗിന് ഭരണസമിതിയില്‍ അംഗങ്ങളുണ്ടായിരുന്നില്ല. പിന്നീട് രണ്ടും തുടര്‍ന്നുള്ള തിരഞ്ഞെടുപ്പില്‍ മൂന്നും അംഗങ്ങളെ നല്‍കി. ആറുവര്‍ഷം മുമ്പുവരെ ഭരണസമിതിയില്‍ സി.പി.എമ്മിന്റെ ഒരംഗവുമുണ്ടായിരുന്നു.
പിന്നീട് സി.പി.എമ്മിനെ ഭരണസമിതിയില്‍നിന്നൊഴിവാക്കി അതും മുസ്ലിം ലീഗിന് നല്‍കുകയായിരുന്നു. ബാങ്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് കൈക്കൊണ്ട നിലപാടില്‍ പ്രതിഷേധിച്ച് ഭരണസമിതിയിലെ നാല് കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിക്കത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന് കൈമാറിയിട്ടുണ്ട്. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ രാജിക്കത്ത് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും.

മുസ്ലിം ലീഗ് മുന്നണിമര്യാദ പാലിച്ചില്ലെന്നാരോപിച്ച് യു.ഡി.എഫ്. ചെങ്കള പഞ്ചായത്ത് കമ്മിറ്റി കണ്‍വീനറായ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.പുരുഷോത്തമന്‍ നായരും സ്ഥാനം രാജിവെച്ചിട്ടുണ്ട്.

RANDOM NEWS

മുളിയാര്‍ സ്വദേശിനിയില്‍ നിന്ന് തട്ടിപ്പറിച്ച സ്വര്‍ണ്ണമാല കടബയിലെ ജ്വല്ലറിയില്‍ കണ്ടെത്തി; പ്രതി വീണ്ടും റിമാന്റില്‍

ആദൂര്‍ : മുളിയാര്‍ സ്വദേശിനിയില്‍ നിന്ന് തട്ടിപ്പറിച്ച സ്വര്‍ണ്ണമാല കര്‍ണ്ണാടക കടബയിലെ ജ്വല്ലറിയില്‍ നിന്നും പോലീസ് കണ്ടെടുത്തു. റിമാന്റില്‍ കഴിയുകയായിരുന്ന …