Sunday , June 24 2018
Breaking News
Chief-Minister

ആലുവ സ്വകാര്യ റിപ്പബ്ലിക്കല്ല, പ്രതിഷേധിച്ചത് തീവ്രവാദ സംഘടനകളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എടത്തലയില്‍ യുവാവിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് സഭയില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം. ഉസ്മാന്‍ പോലീസ് ഡ്രൈവറെ ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ചു. തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളാണ് പോലീസിനെതിരെ പ്രതിഷേധവുമായെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോലീസിനോട് ആദ്യം തട്ടിക്കയറിയത് ഉസ്മാനാണ്. പോലീസ് ഡ്രൈവറെ ദേഹോപദ്രവമേല്‍പ്പിക്കാന്‍ ഉസ്മാന്‍ ശ്രമിച്ചു. എന്നാല്‍ പോലീസിന്റെ നടപടി ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. ഉസ്മാന്‍ ആക്രമിച്ചപ്പോള്‍ പോലീസ് കേസെടുക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. സാധാരണക്കാരന്റെ നിലവാരത്തിലേക്ക് പോലീസ് താഴാന്‍ പാടില്ലായിരുന്നു. കുറ്റക്കാര്‍ക്കുനേരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതായും പോലീസുകാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ പോലീസിനെതിരായി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികളാണ് പ്രതിഷേധവുമായി വന്നവര്‍. ആലുവ ആരുടെയും സ്വകാര്യ റിപ്പബ്ലിക്കല്ല. തീവ്രവാദികളെ ആ നിലക്കുതന്നെ കാണണം. ഇതിനെ പ്രതിപക്ഷം ന്യായീകരിക്കുന്നത് ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ മറുപടി പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലിറങ്ങുകയും സ്പീക്കറുടെ ഡയസിനു സമീപമെത്തി പ്രതിഷേധിക്കുകയും ചെയ്തു. എടത്തല സംഭവം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് ആണ് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയത്. എന്നാല്‍ സ്പീക്കര്‍ അനുമതി നല്‍കിയില്ല.
സ്പീക്കറുടെ തീരുമാനത്തെ പ്രതിപക്ഷമോ ഭരണപക്ഷമോ സ്വാധീനിക്കുന്നില്ലെന്നും അവതരണാനുമതി നിഷേധിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ആലുവക്കാരെ മുഴുവന്‍ തീവ്രവാദികളെന്നു വിളിച്ച് അപമാനിച്ചതായി പ്രതിപക്ഷം ആരോപിച്ചു. കളമശ്ശേരി കേസിലെ പ്രതി പോലീസിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ പ്രതിപക്ഷം ഉത്തരവാദിയല്ലെന്നും അവര്‍ സഭയില്‍ പറഞ്ഞു. മഖ്യമന്ത്രിയുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്കു പിരിഞ്ഞു.

RANDOM NEWS

Rajatham

ജില്ലാ പദ്ധതി രേഖ സമര്‍പ്പണ ചടങ്ങ്: മന്ത്രിയും എം പിയും എം എല്‍ എമാരും എത്തിയില്ല

കാസര്‍കോട്: സംസ്ഥാന ആസൂത്രണ ബോര്‍ഡും ജില്ലാ ആസൂത്രണ സമിതിയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷനും സംയുക്തമായി സംഘടിപ്പിച്ച രജതം …