Friday , August 23 2019
Breaking News
CPM-District-Secretary-M-V-Balakrishnan-Master

എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ സി പി ഐ എം ജില്ലാ സെക്രട്ടറി

കാസര്‍കോട് : സംഘാടക മികവിലെ കണിശതയും ഭരണരംഗത്തെ കരുത്ത് മുഖമുദ്രയാക്കിയ എം വി ബാലകൃഷ്ണന്‍ (61) സിപിഐ എം ജില്ലാസെക്രട്ടറി. കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അടിയുറച്ച കുടുംബത്തില്‍ ജനിച്ച് കെഎസ്‌വൈഎഫ് പ്രവര്‍ത്തകനായി കര്‍ഷകത്തൊഴിലാളികളെയും തൊഴിലുറപ്പ് തൊഴിലാളികളെയും സംഘടിപ്പിച്ച് നേതൃനിരയിലെത്തിയ അദ്ദേഹം അധ്യാപക ജോലി രാജിവച്ചാണ് പൂര്‍ണമായി സംഘടനാ പ്രവര്‍ത്തനത്തില്‍ കേന്ദ്രീകരിച്ചത്. പിന്നീട് സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗമായി. അവിഭക്ത കയ്യൂര്‍- ചീമേനി ലോക്കല്‍ സെക്രട്ടറിയായിരിക്കവെയാണ് ചീമേനിയില്‍ അഞ്ച് സിപിഐ എം പ്രവര്‍ത്തകരെ കോണ്‍ഗ്രസ് നരാധമന്മാര്‍ കൂട്ടക്കൊല ചെയ്തത്. പാര്‍ടിയും പ്രവര്‍ത്തകരും തീക്ഷ്ണമായ വെല്ലുവിളി നേരിട്ട ഈ കാലത്ത് നെഞ്ചൂക്കോടെ നയിച്ചു. ചീമേനിയില്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ അഴിഞ്ഞാടിയപ്പോള്‍ പാര്‍ടിയെ നയിച്ച് നാടിനും നാട്ടുകാര്‍ക്കും ആത്മവിശ്വാസം പകര്‍ന്നു. സാമ്രാജ്യത്വത്തിനെതിരെ പടപൊരുതി വീരമൃത്യു വരിച്ച കയ്യൂര്‍ സഖാക്കളുടെ നാട്ടുകാരനായ എം വി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ വെല്ലുവിളികളെ പാര്‍ടി കൂട്ടായ്മയോടെ നേരിട്ടു. കയ്യൂര്‍ മുഴക്കോം നാപ്പച്ചാലിലാണ് താമസം.
1964ല്‍ സിപിഐ എം അംഗമായി. ബ്രാഞ്ച് സെക്രട്ടറി, അവിഭക്ത കയ്യൂര്‍- ചീമേനി ലോക്കല്‍ സെക്രട്ടറി, അവിഭക്ത നീലേശ്വരം ഏരിയാകമ്മിറ്റി അംഗമായി. ജില്ല രൂപീകൃതമായപ്പോള്‍ ജില്ലാകമ്മിറ്റി അംഗമായി. 2002ല്‍ പ്രധാനാധ്യാപക ജോലി രാജിവച്ച് പൂര്‍ണസമയ പ്രവര്‍ത്തകനായി പാര്‍ടി സംഘടനാ പ്രവര്‍ത്തനത്തില്‍ കേന്ദ്രീകരിച്ചു. 1996 മുതല്‍ ജില്ലാസെക്രട്ടറിയറ്റ് അംഗമായിരുന്നു. 2015ല്‍ ആലപ്പുഴ സംസ്ഥാന സമ്മേളനം മുതല്‍ സംസ്ഥാനകമ്മിറ്റി അംഗമായി. കെഎസ്‌വൈഎഫ് വില്ലേജ് സെക്രട്ടറിയായാണ് സംഘടനാ ഭാരവാഹിയാകുന്നത്. കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാസെക്രട്ടറി, സംസ്ഥാനകമ്മിറ്റി അംഗം, അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2005 മുതല്‍ എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാസെക്രട്ടറിയായ അദ്ദേഹം 2008ല്‍ സംസ്ഥാനകമ്മിറ്റി രൂപീകരിച്ചപ്പോള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. സംസ്ഥാനത്താകെ യൂണിയന്‍ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക നേതൃത്വം വഹിച്ചു.
ഭരണരംഗക്കും പ്രാഗത്ഭ്യത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭാരവാഹിയായി നിരവധി മാതൃകകള്‍ നടപ്പാക്കി. 1988ല്‍ ചീമേനി പഞ്ചായത്ത് പ്രസിഡന്റായി. 12 വര്‍ഷത്തോളം സ്ഥാനത്ത് തുടര്‍ന്നു. ഒട്ടേറെ ജില്ലാതല- സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കി. 2005ല്‍ കാസര്‍കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റായി. മികച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ ദേശീയതലത്തില്‍ പ്രഥമ അഖിലേന്ത്യാ അവാര്‍ഡ് ജില്ലാപഞ്ചായത്തിന് ലഭിച്ചു. ഒട്ടേറെ മാതൃകാപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി സംസ്ഥാനത്തെ മികച്ച ജില്ലാപഞ്ചായത്ത് അവാര്‍ഡ് നേടി. ജില്ലാ ആസൂത്രണ സമിതി കെട്ടിടം സംസ്ഥാനത്ത് ആദ്യമായി കാസര്‍കോട് നിര്‍മിക്കാന്‍ നടപടിയെടുത്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാരുടെ സംസ്ഥാന ചേമ്പറിന്റെ ജനറല്‍ സെക്രട്ടറിയായി.
2016 സെപ്തംബര്‍ രണ്ട് മുതല്‍ ഖാദി- ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു. ഖാദി-്ര ഗാമ വ്യവസായ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ പുതിയ ഉണര്‍വുണ്ടാക്കി. തൊഴിലാളികളുടെ സേവന- വേതന വ്യവസ്ഥകള്‍ പുതുക്കാന്‍ മുന്‍കൈയെടുത്തു. ആയിരത്തോളം പേര്‍ക്ക് ഒരു വര്‍ഷം തൊഴില്‍നല്‍കി. പുതിയ ചര്‍ക്ക, തറി യൂണിറ്റുകള്‍ സംസ്ഥാനത്ത് പാപ്പിനിശേരിയില്‍ ആരംഭിച്ചു. ഉല്‍പാദനം 30 ശതമാനത്തിലധികം വര്‍ധിപ്പിച്ചു. മുഴക്കോം ഗ്രാമീണ കലാസമിതിയുടെ സെക്രട്ടറിയായിരുന്ന എം വി ബാലകൃഷ്ണന്‍ നാടകനടന്‍ കൂടിയാണ്. വോളിബോള്‍ താരവും അത്‌ലറ്റിക്‌സില്‍ 200 മീറ്റര്‍, 400 മീറ്റര്‍ ഇനങ്ങളില്‍ ചാമ്പ്യനുമായിരുന്നു. പരേതരായ ചെറുവിട്ടാരവീട്ടില്‍ കുഞ്ഞമ്പു നമ്പ്യാര്‍- മാഞ്ചേരി വീട്ടില്‍ ചിരുതൈ അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: എം കെ പ്രേമവല്ലി (റിട്ട. ജീവനക്കാരി, ക്ലായിക്കോട് സഹകരണ ബാങ്ക്). മക്കള്‍: എം ആര്‍ പ്രതിഭ (അധ്യാപിക, ചട്ടഞ്ചാല്‍ എച്ച്എസ്എസ്), എം ആര്‍ പ്രവീണ (സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍, ലണ്ടന്‍).

.

RANDOM NEWS

Durga

പാഠം ഒന്ന്: ഉപയോഗിക്കൂ വലിച്ചെറിയാതിരിക്കൂ

കാഞ്ഞങ്ങാട് : അക്ഷരം എന്നാല്‍ ക്ഷരമില്ലാത്തത് അല്ലെങ്കില്‍ നാശമില്ലാത്തത് എന്നാണര്‍ഥം. എന്നാല്‍ എഴുതുന്ന പേന അങ്ങനെ ആകാതിരിക്കാനുള്ള ശ്രമത്തിലാണ് ദുര്‍ഗ …