Saturday , October 21 2017
Breaking News
CPM

മന്ത്രിയുടെ ഭര്‍ത്താവ് പാര്‍ട്ടി പ്രവര്‍ത്തകയായ ദളിത് യുവതിയെ മര്‍ദ്ദിച്ചത് വിവാദമാകുന്നു

കണ്ണൂര്‍: മന്ത്രി കെ.കെ ശൈലജയുടെ ഭര്‍ത്താവ് പാര്‍ട്ടി പ്രവര്‍ത്തകയായ ദളിത് യുവതിയെ മര്‍ദ്ദിച്ച സംഭവം വിവാദത്തിലേയ്ക്ക്. യുവതിയുടെ പരാതിയെത്തുടര്‍ന്ന് ശൈലജയുടെ ഭര്‍ത്താവ് കെ. ഭാസ്‌കരനെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വം ഇടപെട്ടതായാണ് റിപ്പോര്‍ട്ട്.

മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പു ദിവസമാണ് സംഭവം നടന്നത്. ദളിത് വിഭാഗത്തില്‍പ്പെട്ട ഡിവൈഎഫ്ഐ വനിതാ നേതാവും മട്ടന്നൂര്‍ നഗരസഭാംഗവുമായ യുവതിയാണ് പരാതിക്കാരി. സിപിഎം ഏരിയാ കമ്മിറ്റി അംഗവും മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനുമായ ഭാസ്‌കരന്‍ പരസ്യമായി മര്‍ദ്ദിച്ചതായാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയത്. എന്നാല്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 21-ാം വാര്‍ഡായ പെരിഞ്ചേരി ബൂത്തില്‍ ഓപ്പണ്‍ വോട്ട് സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. സിപിഎം ബൂത്ത് ഏജന്റായിരുന്ന യുവതിയും പോളിങ് ഉദ്യോഗസ്ഥനും തമ്മിലായിരുന്നു തര്‍ക്കം. ഇതിനിടയില്‍ ബൂത്തിലെത്തിയ കെ ഭാസ്‌കരനോട് പോളിങ് ഉദ്യോഗസ്ഥനെക്കുറിച്ച് യുവതി പരാതിപ്പെട്ടു. എന്നാല്‍ ഭാസ്‌കരന്‍ പോളിങ് ഉദ്യോഗസ്ഥന്റെ പക്ഷം ചേരുകയും യുവതിയെ ചീത്തവിളിക്കുകയും തല്ലുകയും ചെയ്തെന്നാണ് പരാതി.

തുടര്‍ന്ന് പാര്‍ട്ടിയുടെ ബാങ്ക് എംപ്ലോയീസ് യൂണിയന്റെ നേതാവായ ഭര്‍ത്താവിനെ യുവതി വിവരമറിയിക്കുകയും ഇയാളും ഭാസ്‌കരനും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു. പോലീസില്‍ പരാതിപ്പെടാന്‍ ഒരുങ്ങിയ യുവതിയെ നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും പരാതി നല്‍കിയത്.

രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരിലും ക്രമസമാധാന നില തകര്‍ന്നെന്ന് ആരോപിച്ചും ഇടതുപക്ഷ നേതൃത്വത്തിലുള്ള കേരളത്തിലെ സര്‍ക്കാരിനെതിരെ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനിടയിലാണ് ദളിത് യുവതിയ്ക്കുനേരെ അതിക്രമം നടന്നതായി പരാതിയുയര്‍ന്നിരിക്കുന്നത്. ഇത് പാര്‍ട്ടിയെ കടുത്ത സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.

RANDOM NEWS

Dileep

ദിലീപ് വ്യാജ ചികിത്സാരേഖ ഉണ്ടാക്കിയതായി പോലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദീലീപ് വ്യാജ ചികിത്സാരേഖ ഉണ്ടാക്കിയതായി പോലീസ്. നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ ആശുപത്രിയില്‍ …