Wednesday , July 17 2019
Breaking News
Cricket

വീണ്ടും ധോനിയുടെ ഫിനിഷിങ് മികവ്; ഇന്ത്യയ്ക്ക് ജയവും പരമ്പരയും

മെല്‍ബണ്‍: പഴയ ഫിനിഷിങ് മികവ് കൈമോശം വന്നിട്ടില്ലെന്ന് എം.എസ് ധോനി തെളിയിച്ചപ്പോള്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യം ഏഴു വിക്കറ്റ് ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. നാലു പന്തുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ഇന്ത്യന്‍ വിജയം. ഇതോടെ മൂന്നു മത്സര പരമ്പര ഇന്ത്യ സ്വന്തമാക്കി. ഓസീസ് മണ്ണില്‍ ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പര വിജയമാണിത്.

87 റണ്‍സെടുത്ത ധോനിയും 61 റണ്‍സെടുത്ത കേദാര്‍ ജാദവും ചേര്‍ന്നാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാം അര്‍ധ സെഞ്ചുറി കണ്ടെത്തിയ ധോനി 114 പന്തില്‍ നിന്ന് 87 റണ്‍സെടുത്തു. ധോനിയുടെ 70ാം അര്‍ധ സെഞ്ചുറിയാണിത്. ഇതോടെ ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യസ്വന്തമാക്കി. 113 റണ്‍സില്‍ വിരാട് കോലി പുറത്തായ ശേഷം ഒന്നിച്ച ധോനിജാദവ് സഖ്യമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. നാലാം വിക്കറ്റില്‍ ഇരുവരും 121 റണ്‍സ് കൂട്ടിച്ചേര്‍ത്തു..

ഓസ്‌ട്രേലിയയില്‍ ഏകദിനത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും ധോനി സ്വന്തമാക്കി. മത്സരത്തില്‍ 34 റണ്‍സ് നേടിയപ്പോഴാണ് ധോനി ഈ നാഴികക്കല്ലിലെത്തിയത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരാണ് ഇതിന് മുമ്പ് ഓസീസ് മണ്ണില്‍ 1000 ഏകദിന റണ്ണുകള്‍ നേടിയിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍. മെല്‍ബണ്‍ ഏകദിനത്തിനിറങ്ങുമ്പോള്‍ 966 റണ്‍സായിരുന്നു ധോനിയുടെ സമ്പാദ്യം.

രോഹിത് ശര്‍മ (9), ശിഖര്‍ ധവാന്‍ (23), 62 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
നേരത്തെ ആറു വിക്കറ്റ് വീഴ്ത്തിയ യൂസ്വേന്ദ്ര ചാഹലാണ് ഓസീസിനെ തകര്‍ത്തത്. 10 ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്താണ് ചാഹല്‍ ആറു വിക്കറ്റെടുത്തത്. ഇതു രണ്ടാംതവണയാണ് ചാഹല്‍ ഏകദിനത്തില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. ഏകദിനത്തില്‍ ചാഹലിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്.
2004ല്‍ മെല്‍ബണില്‍ 42 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ തന്നെ അജിത് അഗാര്‍ക്കറിന്റെ പേരിലുള്ള റെക്കോര്‍ഡിനൊപ്പമെത്താനും ചാഹലിനായി. ഉസ്മാന്‍ ഖ്വാജ (34), ഷോണ്‍ മാര്‍ഷ് (39), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് (58), മാര്‍ക്കസ് സ്റ്റോയിനിസ് (10), റിച്ചാഡ്‌സണ്‍ (16), ആദം സാംപ (8) എന്നിവരെയാണ് ചാഹല്‍ മടക്കിയത്.

നേരത്തെ ഭുവനേശ്വര്‍ കുമാറാണ് ഓസീസ് ഓപ്പണര്‍മാരെ മടക്കിയത്. സ്‌കോര്‍ എട്ടിലെത്തിയപ്പോള്‍ അഞ്ചു റണ്‍സെടുത്ത അലക്‌സ് കാരിയെ ഭുവി കോലിയുടെ കൈയിലെത്തിച്ചു.പിന്നാലെ ക്യാപ്റ്റന്‍ ഫിഞ്ചിനെയും (14) ഭുവി മടക്കി. ആദ്യ ഓവറില്‍ തന്നെ യുസ്വേന്ദ്ര ചാഹല്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. നിലയുറപ്പിച്ച ഉസ്മാന്‍ ഖ്വാജയെയും ഷോണ്‍ മാര്‍ഷിനെയുമാണ് ആദ്യ ഓവറില്‍ തന്നെ ചാഹല്‍ പുറത്താക്കിയത്. ഷോണ്‍ മാര്‍ഷിനെ ചാഹലിന്റെ പന്തില്‍ ധോനി സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. ഒരു പന്തിനു ശേഷം ഖ്വാജയെ ചാഹല്‍ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കി. പിന്നാലെ മാര്‍ക്കസ് സ്റ്റോയ്‌നിസിനെ ചാഹല്‍, രോഹിത്തിന്റെ കൈകളിലെത്തിച്ചു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമിയും രണ്ടു വിക്കറ്റ് വീഴ്ത്തി. മൂന്നാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത മാര്‍ഷ്ഖവാജ സഖ്യമാണ് ഓസീസിനെ ഭേദപ്പെട്ട നിലയിലാക്കിയത്. ഇരുവരും 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

മത്സരം ഇടയ്ക്ക് മഴമൂലം തടസപ്പെട്ടിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് രണ്ടു പന്തുകള്‍ നേരിട്ടപ്പോള്‍ തന്നെ മഴയെത്തുകയായിരുന്നു. ടോസ് ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

RANDOM NEWS

Brazil

ഒന്‍പതാം തവണയും കോപ്പയില്‍ മുത്തമിട്ട് ബ്രസീല്‍

റിയോ ഡി ജനീറോ: മാറക്കാനയുടെ മനമുരുകിയ പ്രാര്‍ഥന വിഫലമായില്ല. ബ്രസീലിന്റെ പന്ത്രണ്ട് വര്‍ഷം നീണ്ട കണ്ണിലെണ്ണയൊഴിച്ചുകൊണ്ടുള്ള കാത്തിരിപ്പും. മഞ്ഞപ്പട ഒന്‍പതാം …