Tuesday , August 22 2017
Breaking News
Cricket

ഗോളില്‍ ഇന്ത്യന്‍ ആധിപത്യം, ലീഡ് 498 റണ്‍സ്

ഗോള്‍: ശ്രീലങ്കക്കെതിരായ ടെസ്റ്റില്‍ ഇന്ത്യക്ക് ആധിപത്യം. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ലങ്കയേക്കാള്‍ 498 റണ്‍സ് മുന്നിലാണ്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെന്ന നിലയിലാണ്. 14 റണ്‍സെടുത്ത ശിഖര്‍ ധവാന്‍, 81 റണ്‍സെടുത്ത അഭിനവ് മുകുന്ദ്, 15 റണ്‍സടിച്ച ചേതേശ്വര്‍ പൂജാര എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 114 പന്തില്‍ 76 റണ്‍സുമായി വിരാട് കോലിയാണ് ക്രീസില്‍.

ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 600 റണ്‍സിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ലങ്ക 291 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഉപുല്‍ തരംഗ, എയ്ഞ്ചലോ മാത്യസ്, ദില്‍റുവാന്‍ പെരേര എന്നിവരൊഴികെയുള്ള ലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും പിടിച്ചു നില്‍ക്കാനായില്ല.

വാലറ്റക്കാര്‍ക്കൊപ്പം ഉജ്വലമായി ചെറുത്തുനിന്ന് 132 പന്തില്‍ നിന്ന് 92 റണ്‍സ് നേടിയ പെരേരയാണ് ടോപ് സ്‌കോറര്‍. എയ്ഞ്ചലോ മാത്യൂസ് 130 പന്തില്‍ നിന്ന് 83 ഉം ഉപുല്‍ തരംഗ 93 പന്തില്‍ നിന്ന് 64 ഉം റണ്‍സെടുത്തു. ഉച്ചഭക്ഷണത്തിന് 77 ഓവറില്‍ എട്ട് വിക്കറ്റിന് 289 റണ്‍സ് എന്ന നിലയിലായിരുന്നു ശ്രീലങ്ക. ഉച്ചയ്ക്കുശേഷമുള്ള രണ്ടാം ഓവറില്‍ തന്നെ ശേഷിക്കുന്ന രണ്ട് വിക്കറ്റ് കൂടി നഷ്ടമായി.

ഓപ്പണര്‍ കരുണരത്‌നെ (2), ഗുണതിലക (16), മെന്‍ഡിസ് (0), ഡിക്ക്വെല്ല (8), ക്യാപ്റ്റന്‍ ഹെരാത്ത് (9), നുവാന്‍ പ്രദീപ് (10), കുമാര (2) എന്നിവര്‍ക്കൊന്നും രവീന്ദ്ര ജഡേജയും ഷമിയും നയിച്ച ഇന്ത്യന്‍ ബൗളിങ്ങിനെ ചെറുക്കാനായില്ല. 22.3 ഓവറില്‍ 67 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് വിക്കറ്റ് വേട്ടയില്‍ മുന്നില്‍. മുഹമ്മദ് ഷമി 12 ഓവറില്‍ 45 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ്, അശ്വിന്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സില്‍ രണ്ടു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയുമാണ് പിറന്നത്. ശിഖര്‍ ധവാനും ചേതേശ്വര്‍ പൂജാരയും സെഞ്ചുറിയടിച്ചപ്പോള്‍ രഹാനെയും ഹാര്‍ദിക് പാണ്ഡ്യയും അര്‍ധശതകം നേടി.

RANDOM NEWS

P-U-Chithra

സമയപധി കഴിഞ്ഞു; പി.യു ചിത്രയ്ക്ക് അവസരം നഷ്ടപ്പെടുന്നു

ന്യുഡല്‍ഹി: ലണ്ടനില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പി.യു ചിത്രയ്ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞേക്കില്ല. സമയ പരിധി കഴിഞ്ഞുവെന്നും അതിനാല്‍ ചിത്രയെ …