Saturday , January 20 2018
Breaking News
Madikai-Kammaran

ജീവിതം മുഴുവന്‍ സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഉഴിഞ്ഞുവെച്ച നേതാവാണ് മടിക്കൈ കമ്മാരനെന്ന് കുമ്മനം രാജശേഖരന്‍

കാഞ്ഞങ്ങാട് : ജീവിതം മുഴുവന്‍ സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഉഴിഞ്ഞു വെച്ച വ്യക്തിത്വമായിരുന്നു അന്തരിച്ച ബിജെപി നേതാവ് മടിക്കൈ കമ്മാരന്റേതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്ന് ജനസംഘത്തിലും തുടര്‍ന്ന് ബിജെപിയിലുമായാണ് മടിക്കൈ കമ്മാരന്റെ രാഷ്ട്രീയ ജീവിതം പടര്‍ന്നത്. ജനസംഘം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിംയംഗം, സംസ്ഥാന വൈസ് പ്രസിഡന്റ് , ദേശീയ സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കമ്മാരേട്ടന്‍ മലബാര്‍ മേഖലയില്‍ സംഘടന കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.അടിയന്തിരാവസ്ഥ കാലത്ത് ലോകസംഘര്‍ഷ സമിതി ഹൊസ്ദുര്‍ഗ് താലൂക്ക് കണ്‍വീനറായി പ്രവര്‍ത്തിച്ച കമ്മാരേട്ടന്‍ 1983 ല്‍ നടന്ന കാസര്‍കോട് ജില്ലാ രൂപീകരണ പ്രക്ഷോഭത്തിനും നേതൃത്വം നല്‍കി.

കാഞ്ഞങ്ങാട്ടെ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച കമ്മാരന്‍ ജീവിതാവസാനം വരെ അങ്ങനെ തുടര്‍ന്നെങ്കിലും ആശയപരമായി ഏറെ സമ്പന്നനായിരുന്നു. ജനകീയ പ്രശ്‌നങ്ങള്‍ കണ്ടെത്തി അവയെ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതില്‍ കമ്മാരേട്ടന് പ്രത്യേക കഴിവുണ്ടായിരുന്നു. മാത്രവുമല്ല അവയുടെ പരിഹാരത്തിനായി നിരന്തരം പോരാടാനും അദ്ദേഹം ശ്രദ്ധാലുവായിരുന്നു. എല്ലാവരോടും വലിപ്പ ചെറുപ്പമില്ലാതെ പെരുമാറിയിരുന്ന കമ്മാരേട്ടന്റെ വ്യക്തിപ്രഭാവം രാഷ്ട്രീയത്തിന് അതീതമായിരുന്നു. തികഞ്ഞ ജനാധിപത്യ വിശ്വാസിയായിരുന്ന കമ്മാരന്‍ തനിക്ക് ശരിയെന്ന് തോന്നുന്ന അഭിപ്രായങ്ങള്‍ ഏത് വേദിയിലും സങ്കോചമില്ലാതെ വെട്ടിത്തുറന്ന് പറയുകയും ചെയ്തിരുന്നു. അതേസമയം പിശക് ബോധ്യപ്പെട്ടാന്‍ അത് അംഗീകരിക്കാനും തിരുത്താനും ഒട്ടും മടി കാണിക്കുകയുമില്ലായിരുന്നു. പൊതു വേദികളിലെ അദ്ദേഹത്തിന്റെ ചാട്ടുളിപോലുള്ള പ്രയോഗങ്ങള്‍ രാഷ്ട്രീയ എതിരാളികളുടെ പോലും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ബിജെപിക്ക് മാത്രമല്ല പൊതു സമൂഹത്തിനും രാഷ്ട്രീയ കേരളത്തിനും വലിയ നഷ്ടമാണെന്നും കുമ്മനം പറഞ്ഞു.

RANDOM NEWS

Pinaray

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; 17,22,000 രൂപ വിതരണം ചെയ്തു

കാസര്‍കോട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 147 പേര്‍ക്കായി 17,22,000 രൂപ വിതരണം ചെയ്തു. കാസര്‍കോട് താലൂക്കില്‍ നടന്ന …