Wednesday , February 20 2019
Breaking News
Dheeju

മൂന്ന് ശസ്ത്രക്രിയകളും വിജയകരം; ദിജു ഇപ്പോള്‍ ‘ഏമാന്മാരുടെ’ പ്രിയങ്കരന്‍

കാഞ്ഞങ്ങാട്: മനുഷ്യപറ്റില്ലാത്ത അന്യസംസ്ഥാന തൊഴിലാളിയുടെ ക്രൂരതയില്‍ മൃതപ്രായനായ തെരുവുനായക്ക് തുണയായത് കാക്കിക്കുള്ളിലെ കാരുണ്യം. മൂന്ന് ശസ്ത്രക്രിയകളെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ദിജു എന്ന തെരുവുനായ ഇപ്പോള്‍ അനാഥനല്ല. തന്റെ ജീവന്‍ രക്ഷിച്ച യജമാനന്മാരോടുള്ള സ്‌നേഹവും കടപ്പാടും ചെയ്തുതീര്‍ക്കാനുള്ള തത്രപാടിലാണിവന്‍.
മാവുങ്കാല്‍ മൂലക്കണ്ടത്ത് കൊടുവാളു കൊണ്ട് തലക്ക് വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ തെരുവുനായയെ ഹൊസ്ദുര്‍ഗ് എസ്‌ഐ എന്‍ പി പത്മനാഭനും സംഘവുമാണ് രക്ഷപ്പെടുത്തി മുറിവില്‍ മരുന്ന് വെച്ച് കെട്ടി ഭക്ഷണവും നല്‍കി പരിചരിച്ചത്. ഒപ്പം സ്‌നേഹം ചൊരിഞ്ഞ് സഹപ്രവര്‍ത്തകരായ പോലീസുകാരും ഒപ്പം കൂടി.
അല്‍പം ഭേദപ്പെട്ടപ്പോള്‍ കാഞ്ഞങ്ങാട് മൃഗാശുപത്രിയില്‍ ചികിത്സക്കായി കൊണ്ടുപോയി. ഇവിടെനിന്നാണ് ഡോക്ടര്‍മാരായ അഭിനാഷ്, വിക്രം കൃഷ്ണ, സായൂജ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ മൂന്ന് ശസ്ത്രക്രിയകള്‍ വിജയകരമായതോടെ ദിജു പൂര്‍ണ്ണ ആരോഗ്യവാനായി മാറി. ഇപ്പോള്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനാണ് ഇവന്റെ വീട്. കൂട്ടുകാര്‍ ഇവിടത്തെ പോലീസുകാരും.
ഡ്യൂട്ടി സമയത്തും അല്ലാതെയും പോലീസുകാരോട് മുട്ടിയുരുമ്മിയും വാലാട്ടിയും ഇവന്റെ സ്‌നേഹപ്രകടനം സ്റ്റേഷനിലെത്തുന്നവര്‍ക്കെല്ലാം കൗതുകമാണ്.
കഴിഞ്ഞ ജൂണ്‍ 26നാണ് ദിജുവിനെ അന്യസംസ്ഥാന തൊഴിലാളിയായ ഝാര്‍ഖണ്ഡ് ദിജു മാര്‍ഡ്യു വടിവാള്‍കൊണ്ട് മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തന്റെ ചെരുപ്പുകള്‍ സ്ഥിരമായി കടിച്ചുകീറുന്നതിലുള്ള ദേഷ്യമായിരുന്നു ദിജുവിനെ തെരുവുനായക്ക് നേരെ ക്രൂരത കാണിക്കാന്‍ പ്രേരിപ്പിച്ചത്.
ദിജുവിന്റെ വെട്ടേറ്റ് തെരുവുനായയുടെ തലയോട്ടി പിളര്‍ന്നിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ ദിജു മാര്‍ഡ്യുവിനെ ഒരു മാസം തടവും 100 രൂപ പിഴയും ശിക്ഷിച്ചിരുന്നു. പരിക്ക് ഭേദമായ തെരുവുനായക്ക് അതുകൊണ്ടു തന്നെ പോലീസുകാര്‍ ദിജു എന്ന പേരും നല്‍കി.

RANDOM NEWS

Murder

പെരിയ ഇരട്ടക്കൊലപാതകം: മുഖ്യമന്ത്രിയോട് അടിയന്തര റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍

തിരുവനന്തപുരം : കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് …