Monday , June 25 2018
Breaking News
Collector-Jeevan-Babu

എല്ലാ പഞ്ചായത്തുകളിലും ആധുനിക പൊതുശൗചാലയങ്ങള്‍ ആവശ്യം: ജില്ലാ കളക്ടര്‍

കാസര്‍കോട് : ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ആധുനിക രീതിയിലുള്ള പൊതുശൗചാലയങ്ങള്‍ ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ പഞ്ചായത്ത് പ്രസിഡന്‍്‌റുമാരോട് നിര്‍ദേശിച്ചു. അംഗപരിമിതര്‍ക്കുകൂടി ഉപകരിക്കുന്ന രീതിയിലാകണം ഇത്തരം പൊതുശൗചാലയങ്ങളെന്നും അദ്ദേഹം പറഞ്ഞു.
‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ പ്രഖ്യാപനം പദ്ധതിയുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം കാസര്‍കോട് ഡി.പി.സി കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ 38 പഞ്ചായത്തുകളിലും ആധുനിക രീതിയിലുള്ള ഒരു പൊതുശൗചാലയമെങ്കിലും നിര്‍മ്മിക്കേണ്ടത് അത്യാവശ്യമാണ്. ചിലയിടത്ത് പൊതുശൗചാലയങ്ങള്‍ ഉണ്ടെങ്കിലും ഉപയോഗിക്കാന്‍ കഴിയാത്തവിധത്തില്‍ വൃത്തിഹീനമാണ്. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയും അംഗപരിമിതരെയുമാണ്. ശുചിയുള്ള പൊതുശൗചാലയങ്ങളില്ലാത്തത് സാമൂഹ്യ-ആരോഗ്യപ്രശ്‌നമായി വളര്‍ന്നിരിക്കുകയാണ്. ഓരോ പഞ്ചായത്തും തങ്ങളുടെ പരിധിയിലുള്ള സന്നദ്ധ സംഘടനകളുടേയും വ്യക്തികളുടേയും സഹകരണത്തോടെ ഇതിനുള്ള ഫണ്ടും സ്ഥലവും കണ്ടെത്തണം. പ്ലാസ്റ്റിക്ക് പോലുള്ള മാലിന്യങ്ങള്‍ തെരുവിലേക്ക് വലിച്ചെറിയുന്നത് കര്‍ശനമായി തടയാന്‍ പഞ്ചായത്ത് തലത്തില്‍ നടപടിസ്വീകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

ഈ സ്വാതന്ത്ര്യദിനത്തില്‍ ‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ പ്രഖ്യാപനത്തോട് അനുബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ നടക്കുന്ന മുന്നൊരുക്ക പ്രവര്‍ത്തനങ്ങളെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഹരിതകേരളം മിഷന്‍ നടപ്പിലാക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ ഇതുവരെ നടന്ന ഗൃഹതല സര്‍വേ നടപടികള്‍ തൃപ്തികരമാണെന്ന് ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡി.വി അബ്ദുള്‍ ജലീല്‍ അറിയിച്ചു. സര്‍വേ നടപടികള്‍ നാളെ(13) പൂര്‍ത്തിയാകും. ഗൃഹതല സര്‍വേയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വാര്‍ഡ് തലങ്ങളില്‍ ചര്‍ച്ച ചെയ്ത് ക്രോഡീകരിച്ചതിന്‍െ്‌റ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡന്‍്‌റുമാര്‍, സെക്രട്ടറിമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി പ്രതിനിധികള്‍ യോഗം ചേര്‍ന്ന് ഓരോ തദ്ദേശസ്ഥാപനങ്ങള്‍ക്കും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍ പറഞ്ഞു. പ്രഖ്യാപനത്തോട് അനുബന്ധിച്ച് ഓരോ പഞ്ചായത്തുകളിലും നടക്കുന്ന പരിപാടികളുടെ ചിത്രങ്ങള്‍, വീഡിയോ, പങ്കെടുത്തവരുടെ വിവരങ്ങള്‍ എന്നിവയടക്കം സര്‍ക്കാരിന് സമര്‍പ്പിക്കുവാനായി ലഘുറിപ്പോര്‍ട്ട് ജില്ലാ പ്ലാനിംഗ് ഓഫിലേക്ക് ഇമെയില്‍ ചെയ്യണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എം സുരേഷ് അറിയിച്ചു.

സുസ്ഥിര കൃഷി വികസനം, മാലിന്യസംസ്‌ക്കരണം, ജലവിഭവ സംരക്ഷണം, ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും പരിധിയിലുള്ള പ്രദേശങ്ങള്‍ മാലിന്യമുക്തമാക്കുക, വീടുകള്‍, കോളനികള്‍, ഫ്‌ളാറ്റുകള്‍ കച്ചവട സ്ഥാപനങ്ങള്‍, ചന്തകള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

15 ന് ജില്ലാതലത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങുകള്‍ക്കു ശേഷം ‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ പ്രഖ്യാപനവും പ്രതിജ്ഞയും നടത്തും. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന സ്വാതന്ത്ര്യദിന പരിപാടികളിലും പ്രഖ്യാപനങ്ങളും പ്രതിജ്ഞയും ഉണ്ടാകും. അന്നേദിവസം മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, തദ്ദേശഭരണ സ്ഥാപനത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ എന്നിവര്‍ ഗൃഹസന്ദര്‍ശനം നടത്തി ലഘുലേഖകള്‍ വിതരണം ചെയ്യും. വൈകിട്ട് നാലുമുതല്‍ ഏഴുവരെ വാര്‍ഡ്തലത്തില്‍ സംഘടിപ്പിക്കുന്ന ശുചിത്വസംഗമത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍ ആറു മുതല്‍ 13 വരെ ഗൃഹസന്ദര്‍ശനത്തോടനുബന്ധിച്ച് നടത്തിയ അവസ്ഥാ നിര്‍ണയ പഠനത്തിന്റെ ക്രോഡീകരിച്ച റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും മാലിന്യസംസ്‌കരണം ഫലപ്രദമായി നടത്തിയ സ്ഥാപനങ്ങള്‍, കുടുംബങ്ങള്‍, ഹരിതപ്രോട്ടോകോള്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ അനുഭവസാക്ഷ്യവിവരണവും അനുമോദനവും സംഘടിപ്പിക്കം. വൈകിട്ട് ഏഴിന് ശുചിത്വദീപ സന്ധ്യയും സമ്പൂര്‍ണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജന വാര്‍ഡായി പ്രഖ്യാപിക്കുതിനുള്ള പ്രതിജ്ഞയും നടക്കും. എല്ലാ വീടുകളിലും ശുചിത്വ ദീപവും തെളിയിക്കും.യോഗത്തില്‍ എഡിസി(ജനറല്‍)പി.എം രാജീവ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍(ഇന്‍ചാര്‍ജ്)കെ.വിനോദ്, തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, ജില്ലാ ഉദ്യോഗസ്ഥര്‍, ജില്ലാ മിഷന്‍ അംഗങ്ങള്‍, ഹരിതകേരളം ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RANDOM NEWS

Arrested

ചാക്കിലാക്കി കൊണ്ടുപോവുകയായിരുന്ന 223 കുപ്പി മദ്യവുമായി ഉപ്പള സ്വദേശി അറസ്റ്റില്‍

ഉപ്പള: 223 കുപ്പി കര്‍ണാടക നിര്‍മ്മിത മദ്യവുമായി ഉപ്പള പച്ചിലമ്പാറ സ്വദേശിയെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പച്ചിലമ്പാറയിലെ …