Wednesday , July 17 2019
Breaking News
Vote

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് ; അഡ്വ. എ സുബ്ബയ്യറൈ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന

കാസര്‍കോട്: പി ബി അബ്ദുള്‍ റസാഖ് എംഎല്‍എയുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് കെപിസിസി അംഗവും മുന്‍ എംപി ഐ രാമറൈയുടെ മകനുമായ അഡ്വ. എ സുബ്ബയ്യറായ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായേക്കും.
ഇതു സംബന്ധിച്ച് സിപിഎം നേതാക്കള്‍ പലവട്ടം സുബ്ബയ്യറൈയുമായി ചര്‍ച്ച നടത്തി. തുടര്‍ച്ചയായി കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രഥമ പരിഗണനയില്‍ ഉണ്ടായിട്ടും അവസാന നിമിഷം സുബ്ബയ്യറായിയെ തഴഞ്ഞ് ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ കൊണ്ടുവരികയാണ് പതിവ്.
ഇത്തവണ ഏതാണ്ട് സുബ്ബയ്യറൈയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതായിരുന്നുവെങ്കിലും ഫിനിഷിംഗ് പോയിന്റില്‍ സ്ഥാനാര്‍ത്ഥിത്വം തെറിക്കുകയും കൊല്ലത്തു നിന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട്ട് മത്സരിക്കുകയും ചെയ്തു.
ഇതില്‍ സുബ്ബയ്യറായിക്ക് കടുത്ത അമര്‍ഷമുണ്ടായിരുന്നുവെങ്കിലും പാര്‍ട്ടി നേതൃത്വത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് അദ്ദേഹം എത്തിയിരുന്നു. എങ്കിലും അദ്ദേഹം അത്ര സജീവമായിരുന്നില്ല. ഈ അവസരം മുതലെടുക്കാനാണ് സിപിഎം തുടക്കം മുതല്‍ ശ്രമിച്ചത്.
പാര്‍ലിമെന്റില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രവീശ തന്ത്രി കുണ്ടാര്‍ തന്നെയായിരിക്കും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുക. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പി ബി അബ്ദുള്‍ റസാഖിന്റെ പിന്‍ഗാമിയായി മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീനാണ് പ്രഥമ പരിഗണനയുള്ളത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷറഫിന്റെ പേരും സജീവ പരിഗണനയിലുണ്ട്. ഏതാണ്ട് അര ലക്ഷത്തോളം വോട്ടുകളാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് ഉള്ളത്. ഈ വോട്ടുകള്‍ക്കൊപ്പം സുബ്ബയ്യറൈയുടെ കുടുംബ വോട്ടുകള്‍ക്ക് പുറമെ ഭാഷാ ന്യൂനപക്ഷ വോട്ടുകളും കൂടിയാല്‍ വിജയം സുനിശ്ചിതമാണെന്നും സിപിഎമ്മും ഇടതുമുന്നണിയും കണക്കുകൂട്ടുന്നത്.
എന്നാല്‍ രണ്ട് ഭാഷാന്യൂനപക്ഷ സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള പോര് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് മുസ്‌ലിംലീഗിനുള്ളത്. ഭാഷാന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിക്കുമ്പോള്‍ ന്യൂനപക്ഷ വോട്ട് ഏകോപിപ്പിക്കാന്‍ കഴിയുമെന്നും മുസ്‌ലിംലീഗ് കരുതുന്നു.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ യുഡിഎഫും ഇടതുമുന്നണിയും തമ്മില്‍ 23026 വോട്ടിന്റെയും യുഡിഎഫും ബിജെപിയും തമ്മില്‍ 5828 വോട്ടിന്റെയും അന്തരമുണ്ടായിരുന്നു. എന്നാല്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും യുഡിഎഫുമായുള്ള വോട്ടകലം പതിനാലായിരത്തി മുന്നൂറ്റി അഞ്ചാക്കി കുറക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞു.
ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ കേവലം 89 വോട്ടിനാണ് പരാജയപ്പെട്ടത്. ഇത്തവണ കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും അഡ്വ. എ സുബ്ബയ്യറായി മഞ്ചേശ്വരത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി വരുന്നതോടെ ഈ കണക്കുകളൊക്കെ അപ്രസക്തമാക്കാന്‍ കഴിയുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍.

RANDOM NEWS

Sitting

സാങ്കേതികത്വം പറഞ്ഞ് അര്‍ഹര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട് : നിയമങ്ങളുടെ സാങ്കേതികത്വം അടിസ്ഥാനമാക്കി അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ …