Wednesday , July 17 2019
Breaking News
Meeting

2017 മെഡിക്കല്‍ ക്യാമ്പ്: പുന:പരിശോധനയില്‍ എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ 77 പേരെകൂടി ഉള്‍പ്പെടുത്തി

കാസര്‍കോട് : 2017ലെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തവരില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍പ്പെടാത്തവര്‍ക്കായി നടത്തിയ പുന:പരിശോധനയില്‍ 77 പേരെകൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. കളക്ടറേറ്റില്‍ റവന്യുവകുപ്പ് മന്ത്രി ഇ.ചന്ദ്രശേരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗമാണ് 77 പേരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.

2017ലെ മെഡിക്കല്‍ ക്യാമ്പിന്റെ അടിസ്ഥാനത്തില്‍ നേരത്തെ 287 പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ പട്ടികയില്‍ ഉള്‍പ്പെടാത്ത 1618 പേരെ പുന:പരിശോധിക്കാന്‍ 2018 ഫെബ്രുവരി എട്ടിന് എന്‍ഡോസള്‍ഫാന്‍ സെല്‍ ചെയര്‍മാന്‍കൂടിയായ മന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സെല്‍ യോഗം തീരുമാനമെടുത്തിരുന്നു. എന്‍ഡോസള്‍ഫാന്‍ തളിക്കപ്പെട്ട പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടങ്ങളുടെ അതിര്‍ത്തിയില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ ചുറ്റളവിലെ പ്രദേശങ്ങളില്‍ താമസിക്കുന്നവരെകൂടി ഉള്‍പ്പെടുത്തിയാണ് പുന:പരിശോധന നടത്തിയത്. ജി.ഐ.എസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബഫര്‍ചെയ്ത് തൊട്ടടുത്ത പഞ്ചായത്തുകളിലെ പ്രദേശങ്ങളിലെ ദുരിതബാധിതരെയും ശാസ്ത്രീയ മാനദണ്ഡങ്ങള്‍ക്ക് വിധേയമാക്കി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി പുന:പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ എന്‍എച്ച്എം ജില്ല പ്രോഗ്രാം മാനേജര്‍, ജില്ല മെഡിക്കല്‍ ഓഫീസര്‍ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പുന:പരിശോധന പൂര്‍ത്തിയാക്കിയാണ് സെല്‍ യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ഇതുപ്രകാരം 1618 പേരില്‍ 76 പേര്‍ പട്ടികയില്‍പ്പെടാന്‍ യോഗ്യരാണ്. 505 പേര്‍ക്ക് ഗുരുതരരോഗമുള്ളവരാണ്. ഇവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കും. 1037 പേര്‍ പട്ടികയില്‍പ്പെടാന്‍ യോഗ്യരല്ലെന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ച എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രാമന്‍ സ്വാതി വാമന്‍ പറഞ്ഞു. 76 പേരെ ഉള്‍പ്പെടുത്തിയതോടെ 363 പേരായി ഈ പട്ടികയില്‍. നേരിട്ട് പരിശോധന നടന്നില്ലെന്ന ചുരുക്കം ചിലരുടെ ആക്ഷേപങ്ങളുടെ അടിസ്ഥാനത്തില്‍ അവരെ പരിശോധിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. അതാത് പ്രദേശത്തെ പഞ്ചായത്ത് പ്രസിഡന്റ്, സെല്‍ അംഗങ്ങള്‍ കൂടി മെഡിക്കല്‍ സംഘത്തിന്റെ ഒപ്പം പങ്കെടുക്കണം. കൂടാതെ ഒരാളെ കൂടി പട്ടികയില്‍പ്പെടുത്തി. 2017 മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ സ്ലിപ് നല്‍കാന്‍ കഴിയാതിരുന്ന നീലേശ്വരം പള്ളിക്കരയില്‍ നിന്നുള്ള 29കാരനെ വീട്ടിലെത്തി മെഡിക്കല്‍ സംഘം പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പട്ടികയില്‍പ്പെടാന്‍ യോഗ്യനാണെന്നു കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ യുവാവിനെക്കൂടി ഉള്‍പ്പെടുത്തിയത്. ഇതോടെ 2017 ലെ പട്ടികയില്‍ 364 പേരും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ മൊത്തം 6212 പേരുമായി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി മുളിയാറില്‍ 25 ഏക്കറില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പുനരധിവാസ കേന്ദ്രത്തിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട്(ഡിപിആര്‍) ഒക്ടറോബര്‍ 15നകം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കുവാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കാന്‍ കഴിയും.

നബാര്‍ഡ് ആര്‍ഐഡിഎഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ 151 കെട്ടിടങ്ങള്‍ പൂര്‍ത്തിയായി. സിവില്‍ ജോലികള്‍ പൂര്‍ത്തിയായെങ്കിലും വൈദ്യുതി, വെള്ളം എന്നിവയുടെ ജോലികള്‍ പൂര്‍ത്തിയാവാത്ത ഒന്‍പത് കെട്ടിടങ്ങള്‍ ഉണ്ട്. ബാക്കി 21 കെട്ടിടങ്ങളുടെ പ്രവര്‍ത്തികളാണ് പൂര്‍ത്തിയാകാത്തത്.

ബഡ്‌സ് സ്‌കൂളുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ അടിയന്തരമായി യോഗം വിളിച്ചു ചേര്‍ക്കും. ദുരിതബാധിതരുടെ മൂന്നുലക്ഷം രുപവരെയുള്ള വായ്പ എഴുതിത്തള്ളുന്നതിനും അതിനായി 7.63 കോടി രൂപ അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്ന മൊറട്ടോറിയം ഒക്‌ടോബര്‍ 25ന് അവസാനിക്കുകയാണ്. ഇക്കാര്യം അടിയന്തരമായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി അവശ്യമായ നടപടികള്‍ സ്വീകരിക്കും. പരാതികള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അക്കാര്യം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്താവുന്നതാണെന്നും മന്ത്രി പറഞ്ഞു.

എംഎല്‍എമാരായ കെ.കുഞ്ഞിരാമന്‍, എന്‍.എ നെല്ലിക്കുന്ന് , എം.രാജഗോപാലന്‍, ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.ജയലക്ഷ്മി, സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ , സെല്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

RANDOM NEWS

Sitting

സാങ്കേതികത്വം പറഞ്ഞ് അര്‍ഹര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട് : നിയമങ്ങളുടെ സാങ്കേതികത്വം അടിസ്ഥാനമാക്കി അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ …