Friday , August 23 2019
Breaking News
aadu-antony-different

ആട്ടിന്‍തോലിട്ട ആന്റണി – ആട് ആന്റണി; ഇരുപതോളം ഭാര്യമാര്‍

aadu-antony-differentപാലക്കാട്‌ : പല രൂപത്തില്‍, പല പേരില്‍, പല നാടുകളില്‍ ആന്റണി ആടിനെപ്പോലെ മേഞ്ഞു നടക്കും. ആടിനെക്കാള്‍ നിഷ്‌കളങ്കതയോടെ. അതുകൊണ്ടാവാം പലയിടത്തും സ്ത്രീകള്‍ ആന്റണി നല്‍കുന്ന ജീവിതം കൈ നീട്ടി സ്വീകരിച്ചത്. മോഷണങ്ങളിലൂടെ വികസിക്കുന്ന ആന്റണിയുടെ ‘ആടുജീവിത’ത്തിന്റെ കഥ വിസ്തൃതമായ ദാമ്പത്യ ബന്ധങ്ങളുടെയും കഥയാണ്. ഇരുപതോളം ഭാര്യമാരുള്ള ആട് ആന്റണിയുടെ ചരിത്രത്തിലൂടെ…

ആട്ടിന്‍തോലിട്ട കല്യാണരാമന്‍

കോടമ്പാക്കത്ത് സിനിമാ മോഹങ്ങളുമായി എത്തിയ സുന്ദരി മുതല്‍ കെട്ടുപ്രായം കഴിഞ്ഞ സെയില്‍സ് ഗേള്‍ വരെ. പൊലീസുകാരനെ കുത്തി ക്കൊലപ്പെടുത്തി കടന്ന ആട് ആന്റണി എന്ന ആന്റണിയുടെ (49) ഭാര്യാശേഖരം കണ്ടു പൊലീസ് അന്തംവിട്ടിട്ടുണ്ട്. ആന്റണിയെ തേടിപ്പോയ അന്വേഷണ സംഘത്തിന് ഇതേവരെ കണ്ടെത്താനായത് ഇരുപതോളം ഭാര്യമാരെയാണ്. സ്ത്രീകളെ വലയില്‍ വീഴ്ത്താന്‍ ബിസിനസുകാരനായും കംപ്യൂട്ടര്‍ പ്രഫഷനലായും വേഷമിട്ട ആട് ആന്റണി ജാതിയും മതവും മാറ്റി നവവരനാകുന്നതിലും വിരുതനാണ്. കബളിപ്പിക്കപ്പെട്ടെന്നു ഭാര്യമാര്‍ തിരിച്ചറിയുമ്പോഴേക്കും തിരിച്ചു പോകാനാകാത്ത സിസ്സഹായാവസ്ഥയില്‍ അവര്‍ എത്തിക്കഴിഞ്ഞിരുന്നു.

ഹരം കവര്‍ച്ച, ദൗര്‍ബല്യം സ്ത്രീ

ആന്റണിക്കു കവര്‍ച്ച ഹരമാണെങ്കില്‍ സ്ത്രീ എക്കാലത്തെയും ദൗര്‍ബല്യമാണ്. ഒളിത്താവളങ്ങളില്‍ സ്ത്രീസ്പര്‍ശം ഏല്‍ക്കാത്ത സ്ഥലങ്ങള്‍ ഇല്ലെന്ന് അന്വേഷണസംഘം സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിലും ചെന്നൈയിലും മുംബൈയിലും വിശാഖപട്ടണത്തുമൊക്ക ഒളിത്താവളങ്ങളില്‍ ഭാര്യമാര്‍ കൂടെയുണ്ടായിരുന്നു. പൊലീസ് ഡ്രൈവര്‍ മണിയന്‍ പിള്ളയെ കൊലപ്പെടുത്തി കേരളം വിടുമ്പോഴും സന്തതസഹചാരി സൂസനെ ഒപ്പം കൂട്ടിയിരുന്നു.

സ്ത്രീകളെ വശീകരിക്കാനും സമ്മാനങ്ങള്‍ നല്‍കി സന്തോഷിപ്പിക്കാനുമുള്ള ഉപാധികൂടിയായിരുന്നു ഓരോ കവര്‍ച്ചയും. ഒന്നിലധികം സ്ത്രീകളെ ഒരേ സമയം വീട്ടില്‍ പാര്‍പ്പിക്കുക ആന്റണിക്കു ശീലമാണ്. 2002ല്‍ അന്നത്തെ കൊല്ലം ഈസ്റ്റ് സിഐ ടി. എഫ്. സേവ്യറും സംഘവും കോഴിക്കോട് എരഞ്ഞിപ്പാലത്തെ വാടകവീട്ടില്‍ നിന്ന് ആന്റണിയെ പൊക്കുമ്പോള്‍ ഇയാള്‍ മൂന്നാമത്തെ വിവാഹത്തിനു കല്ല്യാണക്കുറി അടിച്ചു മണവാളനായി കാത്തിരിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടു ഭാര്യമാരില്‍ ഒരാള്‍ ഗര്‍ഭിണി. ജയില്‍ മോചിതനായ ശേഷവും പഴയ ശീലങ്ങള്‍ ആന്റണി മറന്നില്ല. പത്തു വര്‍ഷത്തിനുശേഷം ഇയാളെ തേടി ഉള്ളൂരിലെ വീട്ടില്‍ പൊലീസ് എത്തിയപ്പോള്‍ അവിടെയുമുണ്ടായിരുന്നു രണ്ടു ഭാര്യമാര്‍. അതിലൊരാളും ഗര്‍ഭിണി!

കല്യാണ മാഹാത്മ്യം ഇതുവരെ

തൃശൂര്‍ കൊരട്ടി സ്വദേശിനി സോജയാണ് ഇയാളുടെ ‘ഔദ്യോഗിക’ ഭാര്യ. കൊല്ലം നഗരത്തിലെ കോട്ടയ്ക്കകം വാര്‍ഡിലെ വാടകവീട്ടില്‍ അമ്മയ്‌ക്കൊപ്പം ആന്റണി താമസിക്കുമ്പോഴായിരുന്നു വിവാഹം. ടേപ്പ് റിക്കോര്‍ഡര്‍, ഇസ്തിരിപ്പെട്ടി തുടങ്ങി ചെറുകിട മോഷണങ്ങള്‍ക്കു ജാമ്യത്തില്‍ കഴിയുന്ന കാലം. വിവാഹ പരസ്യത്തിലൂടെയാണു സോജയെ പരിചയപ്പെട്ടത്. നാട്ടില്‍ ഇലക്‌ട്രോണിക്‌സ് ഉപകരണ വിദഗ്ധനെന്നും ബന്ധുക്കള്‍ ഗള്‍ഫിലാണെന്നും പെണ്ണിന്റെ വീട്ടുകാരെ ധരിപ്പിച്ചു. തൃശൂരില്‍ നടന്ന വിവാഹത്തിനുമുണ്ടായിരുന്നു പ്രത്യേകതകള്‍. ബന്ധുക്കളെന്ന പേരില്‍ കൊല്ലത്തു നിന്നു കല്ല്യാണത്തിനെത്തിയതു കോട്ടയ്ക്കകം വാര്‍ഡിനു സമീപം കെട്ടിട നിര്‍മാണത്തിനു തമ്പടിച്ചിരുന്ന പാറശാല സ്വദേശികള്‍. മദ്യവും രണ്ടു ദിവസത്തെ പണിക്കൂലിയുമായിരുന്നു പ്രതിഫലം. കുണ്ടറ കുമ്പളത്തെ ബന്ധുക്കളെയോ നാട്ടുകാരെയോ അറിയിക്കാതെ അങ്ങനെ ആദ്യവിവാഹം തട്ടിക്കൂട്ടി. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്.

കൊല്ലത്തു നിന്നു കോഴിക്കോട്ടേക്ക് ആന്റണി താവളം മാറ്റി അധികം വൈകാതെ ഭാര്യമാര്‍ രണ്ടായി. 2002ല്‍ ഇയാള്‍ പൊലീസ് പിടിയിലായതോടെ സോജ നിയമപരമായി ബന്ധം വേര്‍പെടുത്തി. ആന്റണിയുടെ മക്കള്‍ അമ്മയ്‌ക്കൊപ്പം കഴിയുന്നു. മക്കളെ തേടി ആന്റണി പിന്നീടൊരിക്കലും ആ വഴി ചെന്നിട്ടില്ല.

കോടമ്പാക്കത്തെ ഹീറോ

കോടമ്പാക്കത്ത് എത്തിയ പാലക്കാട് മലമ്പുഴ സ്വദേശിനി മായ എന്ന ബിന്ദു ആയിരുന്നു ആട് ആന്റണിയുടെ രണ്ടാമത്തെ ഇര. ആന്റണിയും സിനിമാ കമ്പക്കാരനായിരുന്നു. മോഷണ മുതല്‍ വിറ്റു കിട്ടുന്ന സമ്പാദ്യം കൊണ്ടു സീരിയല്‍ നിര്‍മാണവും അഭിനയവും ഇയാള്‍ ലക്ഷ്യമിട്ടിരുന്നു. ചെന്നൈയില്‍ തങ്ങുമ്പോഴാണ് ആന്റണിയെ ബിന്ദു പരിചയപ്പെട്ടതും ഇയാളുടെ ഗ്ലാമറില്‍ വശംവദയായതും. ചെന്നൈയില്‍ കുറച്ചുകാലം ഒരുമിച്ചു കഴിഞ്ഞു. പിന്നീട് കോഴിക്കോട്ടെ വാടകവീട്ടില്‍ എത്തി സോജയെ കണ്ടപ്പോഴാണ് ആന്റണി വിവാഹിതനാണെന്ന് ബിന്ദു അറിഞ്ഞത്. ഭാര്യമാരെ പരസ്പരധാരണയില്‍ എത്തിച്ച് ആന്റണി പ്രശ്‌നം പരിഹരിച്ചു. അതു പക്ഷേ നീണ്ടില്ല. സോജ ബന്ധം വേര്‍പെടുത്തി. ബിന്ദു ആറു മാസം ഗര്‍ഭിണിയായിരിക്കെ ആന്റണി കൊല്ലം പൊലീസിന്റെ പിടിയിലായി.

കഴിഞ്ഞ മാസം ബിന്ദുവിനെ തേടി കൊല്ലം പൊലീസ് പാലക്കാട്ട് എത്തിയെങ്കിലും പഴയ ജീവിതത്തെക്കുറിച്ച് ഓര്‍ക്കാന്‍ ബിന്ദു ഇപ്പോള്‍ ഇഷ്ടപ്പെടുന്നില്ല. സിനിമാ മോഹങ്ങള്‍ താലോലിച്ചിരുന്ന ആ മനസ്സില്‍ ആന്റണിക്കൊപ്പം താമസിച്ച കാലം സിനിമാ റീലില്‍ നിന്നു കട്ട് ചെയ്തു മാറ്റിയ രംഗങ്ങള്‍ പോലെ വിസ്മൃതിയില്‍. ബിന്ദുവിനെയോ കുട്ടിയെയോ തിരക്കി പിന്നീടൊരിക്കലും ആന്റണി പോയില്ല. അയാള്‍ക്ക് ഓരോ സ്ത്രീയും സുഖഭോഗങ്ങള്‍ക്കു വേണ്ടിയുള്ള ജന്മങ്ങള്‍ മാത്രമായിരുന്നു.

ആന്റണിയെ കെട്ടിയാല്‍ ആടുജീവിതം

വിവാഹ പരസ്യങ്ങളിലെ പുനര്‍വിവാഹ കോളത്തിലാണ് ആട് ആന്റണി കല്യാണരാമനായി സ്ഥിരം പ്രത്യക്ഷപ്പെട്ടിരുന്നത്. രണ്ടു മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ ഇതോടൊപ്പം നല്‍കും. അടുത്ത പരസ്യത്തില്‍ പുതിയ നമ്പര്‍ സ്ഥാനം പിടിക്കും. ആന്റണിയുടെ നമ്പരുകള്‍ ഇവിടെയും തീരുന്നില്ല. 2009 ജൂണ്‍ ഏഴിനു നല്‍കിയ പുനര്‍വിവാഹ പരസ്യത്തില്‍ കണ്ണമ്മൂല സ്വദേശി രാജേഷ് എന്ന ഹൈന്ദവ യുവാവായി മാറിയ ആന്റണി 2010 മേയ് ഒന്നിലെ പരസ്യത്തില്‍ പെന്തക്കോസ്ത് വിശ്വാസിയായി അവതരിച്ചു. മുംബൈയില്‍ സ്ഥിര താമസമാക്കിയ ബിസിനസുകാരനായ മലയാളി, ചെന്നൈയില്‍ കംപ്യൂട്ടര്‍ എന്‍ജിനീയര്‍ തുടങ്ങിയ പ്രലോഭനങ്ങള്‍ ഇനിയുമുണ്ട്.

പരസ്യത്തില്‍ പേരും സമുദായവും തൊഴിലുമൊക്കെ മാറിയാലും മാറാത്ത ഒന്നുണ്ട്: പ്രായം. അത് സ്ഥിരമായി 43 തന്നെ. പെണ്ണു കാണാനെത്തുമ്പോള്‍ ആന്റണി വധുവിന്റെ വീട്ടുകാരോട് അങ്ങേയറ്റം മര്യാദയോടെ പെരുമാറുന്നയാളാണ്. ഷര്‍ട്ട് ഇന്‍സെര്‍ട്ട് ചെയ്തു ഫുള്‍്‌ലസീവ് വേഷത്തില്‍ എത്തുന്ന ആന്റണിയെ ആരും ബഹുമാനിച്ചുപോകും. ആദ്യ ഭാര്യ മരിച്ചുപോയെന്നും നാട്ടില്‍ അധികം ബന്ധുക്കളില്ലെന്നും വിശദീകരിക്കും. വിവാഹം ആര്‍ഭാടം കൂടാതെ വേണമെന്നതാണു മറ്റൊരു ആവശ്യം. ‘നന്മ നിറഞ്ഞ’ ആന്റണിയെ ആരും സംശയിക്കില്ല.

വിവാഹം കഴിഞ്ഞാല്‍ ഭാര്യമാരെ ചൊല്‍പ്പടിക്കു കൊണ്ടുവരുന്നതില്‍ ഇയാള്‍ക്കു പ്രത്യേക കഴിവുണ്ട്. നിര്‍ധന കുടുംബങ്ങളിലെ യുവതികള്‍ക്ക് ആന്റണിയുടെ തനിനിറം തിരിച്ചറിഞ്ഞിട്ടും പ്രതികരിക്കാന്‍ സാധിക്കാതിരുന്നത് ഇതുകൊണ്ടായിരുന്നു. ഭാര്യമാര്‍ക്ക് ആവശ്യത്തിനു സ്വര്‍ണാഭരണങ്ങളും ആഡംബര വസ്തുക്കളും ആന്റണി സമ്മാനിച്ചിരുന്നു. എതിര്‍പ്പു കാണിക്കുന്ന ഭാര്യമാരെ ആന്റണി നിര്‍ദയം മര്‍ദിച്ചിരുന്നതായി ബിന്ദുവിന്റെ മൊഴിയുണ്ട്.

ഗിരിജയുടെ ദുര്‍വിധി

ആന്റണിയുടെ തട്ടിപ്പിന് ഇരയായി ജയിലില്‍ കഴിയുന്ന കൊല്ലം കാവനാട് സ്വദേശിനി ഗിരിജയുടെ ദുര്‍വിധി യുവതികളുടെ കണ്ണു തുറപ്പിക്കണം. നിര്‍ധന കുടുംബത്തില്‍പ്പെട്ട ഗിരിജ ആന്റണിയുടെ വിവാഹപരസ്യം കണ്ട് അങ്ങോട്ടു വിളിച്ചു കുരുക്കില്‍പ്പെടുകയായിരുന്നു. പിതാവു മരിച്ച ഗിരിജ കുടുംബം പോറ്റാന്‍ തെക്കന്‍ കേരളത്തിലും എറണാകുളത്തും കടകളില്‍ സെയില്‍സ് ഗേളായി. വിവാഹം മരീചികയാണെന്നു തോന്നിയ ദുര്‍ബല മുഹൂര്‍ത്തത്തില്‍ ആന്റണിയെ രക്ഷാപുരുഷനായി കണ്ടതാണ് അബദ്ധമായത്. പെരുമ്പാവൂര്‍ സ്വദേശിനികളായ സൂസനും മകള്‍ ശ്രീകലയും ഒരേ സമയം ഇയാളുടെ ഭാര്യമാരായി ഉള്ളപ്പോഴാണു ഗിരിജയുടെ വിളി.

സൂസന്‍ അമ്മയുടെയും ആന്റണി അനുസരണയുള്ള മകന്റെയും വേഷത്തില്‍ മുളങ്കാടകത്തെ ഗിരിജയുടെ വീട്ടില്‍ പെണ്ണുകാണാനെത്തി. മൂന്നു മാസം മുന്‍പായിരുന്നു വിവാഹം. ഉള്ളൂരിലെ വാടകവീട്ടില്‍ താമസം തുടങ്ങിയ ഗിരിജ തട്ടിപ്പു തിരിച്ചറിഞ്ഞപ്പോഴേക്കും വൈകി. കഴിഞ്ഞ മാസം ഇവിടെ റെയ്ഡ് നടത്തിയ പൊലീസ് ശ്രീകലയ്‌ക്കൊപ്പം ഗിരിജയെയും കസ്റ്റഡിയിലെടുത്തു. രണ്ടാഴ്ച പൊലീസ് നിരീക്ഷണത്തിലായിരുന്ന ഗിരിജയെ 23നു ശ്രീകലയ്‌ക്കൊപ്പം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പൊലീസുകാരന്റെ കൊലപാതകം കഴിഞ്ഞെത്തിയ ആന്റണിയുടെ ഷര്‍ട്ട് കഴുകി കൊടുത്തു, മോഷണത്തിനു കൂട്ടു നിന്നു തുടങ്ങിയ കുറ്റങ്ങളാണു പൊലീസ് ചുമത്തിയത്.

മുംബൈ ചേരിയിലും ഭാര്യ

തിരുവല്ലക്കാരി കൊച്ചുമോള്‍ പക്ഷേ, വിട്ടുവീഴ്ചയ്ക്കു തയാറായില്ല. മുംബൈയിലെ ചേരി പ്രദേശമായ സാക്കിനാക്കയില്‍ ഹോംനഴ്‌സായ കൊച്ചുമോള്‍ പെന്തക്കോസ്ത് വിശ്വാസിയാണ്. മുംബൈയില്‍ സ്ഥിരതാമസക്കാരനായ രാജേഷ് എന്ന ഈഴവ യുവാവെന്ന പേരില്‍ ആന്റണി നല്‍കിയ പരസ്യം കണ്ടാണു പെട്ടുപോയത്. 2010ല്‍ തിരുവല്ലയില്‍ ആന്റണിയും കൊച്ചുമോളും വിവാഹിതരായി. 25,000 രൂപയായിരുന്നു സ്ത്രീധനം. തിരുവല്ലയില്‍ ഇയാള്‍ക്കൊപ്പം തങ്ങുന്നതിനിടെ കൊച്ചുമോള്‍ക്കു പന്തികേടു തോന്നി. കുഴിത്തുറ സ്വദേശിയായ യുവതി മൊബൈലില്‍ വിളിച്ച് ആട് ആന്റണി തന്റെ ഭര്‍ത്താവാണെന്നു കൊച്ചുമോളെ അറിയിച്ചു. ഇതേച്ചൊല്ലി ദമ്പതികള്‍ വഴക്കിട്ടെങ്കിലും ആന്റണി തലയൂരി. പിന്നീടു മുംബൈയിലേക്കു മടങ്ങിയ കൊച്ചുമോളെ കാണാന്‍ സാക്കിനാക്കയിലെ താമസ സ്ഥലത്ത് ആന്റണി പല തവണയെത്തി; കേരളത്തില്‍ നിന്നു മോഷ്ടിച്ച സാധനങ്ങളുമായി. ഇതിനിടെ, കോട്ടയം പൊലീസ് പുറപ്പെടുവിച്ച ആന്റണിയുടെ തിരച്ചില്‍ നോട്ടീസ് കണ്ട കൊച്ചുമോള്‍ ഇയാളുമായുള്ള ബന്ധം ഒഴിയാന്‍ തീരുമാനിച്ചു. പക്ഷേ, അടൂര്‍ കുടുംബ കോടതിയില്‍ കൊച്ചുമോള്‍ നല്‍കിയ വിവാഹമോചന കേസില്‍ ആട് ആന്റണി ഒരു തവണ പോലും ഹാജരായില്ല.

ആടിനെ ‘വെട്ടിയ’ സോജ

ആന്റണിയുമായി പാലാ കിടങ്ങൂര്‍ സ്വദേശിനി സോജയുടേതു പുനര്‍വിവാഹമായിരുന്നു. 2010ല്‍ വിവാഹത്തിനു ശേഷം അഡയാറില്‍ താമസമായി. ആന്റണി കള്ളനാണെന്ന് അറിഞ്ഞുതന്നെയായിരുന്നു സോജ ഇവിടെ താമസിച്ചത്. ആന്റണി ഒരുക്കിയ ആഡംബരങ്ങളില്‍ സുഖം കണ്ടെത്തിയ സോജ ഇയാള്‍ക്കു മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നു മനസ്സിലാക്കിയതോടെ സ്ഥലം വിട്ടു. ആന്റണി ഇല്ലാത്ത സമയത്ത് അഞ്ചു ലക്ഷത്തിന്റെ ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് സാധനങ്ങളുമായാണു മുങ്ങിയത്. ഇവയെല്ലാം ആന്റണി മോഷ്ടിച്ച സാധനങ്ങളായിരുന്നു. ആന്റണിയുടെ ഭാര്യമാരെ തിരഞ്ഞു പോയ പൊലീസ് സോജയെ അറസ്റ്റ് ചെയ്തു.

ആടിനെപ്പോലെ തുടക്കം

ആടു മോഷണത്തിലായിരുന്നു ആന്റണിയുടെ തുടക്കം. പില്‍ക്കാലത്തു കംപ്യൂട്ടര്‍ മോഷണത്തില്‍ ‘പേരെടുത്തിട്ടും’ ആട് ആന്റണിയെന്ന് അറിയപ്പെടാന്‍ കാരണവും ഇതാണ്. കുണ്ടറ, പടപ്പക്കര മേഖലകളിലെ അറിയപ്പെടുന്ന മോഷ്ടാവ് ക്യാപ്റ്റന്‍ ജോസായിരുന്നു ആന്റണിയുടെ ആരാധ്യ പുരുഷന്‍. നാട്ടില്‍ ആടുകളെ മോഷ്ടിച്ചു ചന്തകളില്‍ വില്‍ക്കുന്നതു നാട്ടില്‍ പാട്ടായതോടെ അവിടെ നിന്നു മുങ്ങി. ടേപ് റിക്കോര്‍ഡര്‍, മൈക്ക് എന്നിവയിലാണു പിന്നീടു കൈവച്ചത്. അതിനു പിടിയിലായി പുറത്തിറങ്ങിയതോടെ ആത്മവിശ്വാസം ഇരട്ടിയായി. പിന്നീടു തൊഴില്‍ ‘കംപ്യൂട്ടര്‍വത്കരിച്ചു!’

ആടിനെ (ഭാര്യമാരെയും) തിരഞ്ഞു തളര്‍ന്നു

ആന്റണിയെ തിരയുന്നതിനൊപ്പം ഭാര്യമാരെക്കുറിച്ചും അന്വേഷണം നടത്തേണ്ട ഗതികേടിലായിരുന്നു പൊലീസ്. ഭാര്യമാരെ ഒന്നൊന്നായി കണ്ടെത്തി ആന്റണിയെപ്പറ്റി വിവരങ്ങള്‍ ശേഖരിക്കുന്നതിനു സ്‌ക്വാഡുകള്‍ രൂപീകരിച്ചു. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ഇയാള്‍ താമസിച്ചിരുന്ന ഒളിത്താവളങ്ങള്‍ തിരിച്ചറിയാന്‍ ഭാര്യമാരുടെ മൊഴികള്‍ സഹായകമായി. സോജ (തൃശൂര്‍), ഷൈല (വയനാട്), ബിന്ദുവെന്ന മായ (പാലക്കാട്), സ്മിത (ചേര്‍പ്പ്), എയ്ഞ്ചല്‍ മേരി (പ്രക്കാനം), സൂസന്‍ (എറണാകുളം), ശ്രീകല (എറണാകുളം), വിജി (കോഴിക്കോട്), സോജ (കോട്ടയം), കൊച്ചുമോള്‍ (മുംബൈ), ഗിരിജ (കൊല്ലം), കുഴിത്തുറ സ്വദേശി കുമാരി എന്നിവര്‍ ഭാര്യമാരുടെ പട്ടികയില്‍പ്പെടുന്നു. ആറുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ദിവസംതോറും പുതിയ ഭാര്യമാര്‍ അവതരിക്കുന്നതു പൊലീസിനു തലവേദന സൃഷ്ടിക്കുന്നു.

ഇതിനിടെ സ്ത്രീകളെ ഉപയോഗിച്ച് ആന്റണിയെ കുടുക്കാന്‍ പൊലീസ് ആവിഷ്‌കരിച്ച തന്ത്രം പാളിയിരുന്നു. അന്വേഷണത്തിന്റെ ആദ്യനാളുകളില്‍ ഭാര്യമാരുടെ മൊബൈലുകളില്‍ ആന്റണി വിളിച്ചേക്കുമെന്ന കണക്കുകൂട്ടലില്‍ സൈബര്‍സെല്‍ കാത്തിരുന്നു. തമിഴ്‌നാട്ടില്‍ എത്തിയ ക്രൈം സ്‌ക്വാഡുകള്‍ ഏതു നിമിഷവും റെയ്ഡിനു സജ്ജമായി. പക്ഷേ, ഭാര്യമാരെ തേടി ആന്റണിയുടെ വിളി വന്നില്ല. ഭാര്യമാരുടെ കണക്കെടുപ്പിനൊപ്പം ആന്റണിയുടെ മക്കളുടെ ‘തലയെണ്ണലും’ പൊലീസ് നടത്തി. ആണും പെണ്ണുമായി ഇതുവരെ കണ്ടെത്തിയത് ഏഴുപേരെ. ശ്രീകലയില്‍ പിറക്കാനിരിക്കുന്ന കുട്ടി ഇതില്‍പ്പെടുന്നില്ല. അന്വേഷണം മുറുകുംതോറും എണ്ണം കൂടിയേക്കുമെന്നു പൊലീസ് മുന്നറിയിപ്പ്. ഇവര്‍ക്കു പിതാവിന്റെ പരിലാളനകള്‍ ഏല്‍ക്കാന്‍ ഒരിക്കലും ഭാഗ്യമുണ്ടായിട്ടില്ല. മക്കള്‍ക്ക് ഓര്‍മ ഉറയ്ക്കുമ്പോഴേക്കും പിതാവ് മറ്റെവിടെയെങ്കിലും ചേക്കേറിയിരിക്കും.

അമ്മ, അമ്മായിയമ്മ, ഭാര്യ

സൂസമ്മ, സൂസി എന്നീ പേരുകളിലും അറിയപ്പെടുന്ന സൂസന്‍ (53) ആണ് ആന്റണിയുടെ ഭാര്യമാരില്‍ വമ്പത്തി. ഇയാളുടെ വിശ്വാസം പിടിച്ചുപറ്റാന്‍ കഴിഞ്ഞ സൂസന്‍ ഒരു തരത്തില്‍ ആന്റണിയുടെ പഴ്‌സനല്‍ അസിസ്റ്റന്റ് കൂടിയാണ്. ആന്റണിയുടെ തട്ടിപ്പുകളിലും കവര്‍ച്ചകളിലും സൂസനുള്ള പങ്ക് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ആടിന്റെ ഭാര്യ, അമ്മായിയമ്മ, അമ്മ വേഷങ്ങളില്‍ സൂസന്‍ ഒരേ സമയം തിളങ്ങി. ആന്റണിക്കൊപ്പം ആദ്യം ഭാര്യയായി കൂടിയ സൂസന്‍ വൈകാതെ മകള്‍ ശ്രീകലയെ ഇയാള്‍ക്കു വിവാഹം കഴിച്ചുകൊടുത്ത് അമ്മായിയമ്മ പട്ടവുമണിഞ്ഞു. ഗിരിജയെ പെണ്ണുകാണാന്‍ ആന്റണി കൊല്ലത്ത് എത്തിയപ്പോള്‍ ‘ചെറുക്കന്റെ’ അമ്മയുടെ വേഷത്തിലായിരുന്നു സൂസന്‍. വാടകവീടുകളിലെ പരിസരവാസികള്‍ക്കു സൂസന്‍ ആന്റി ആന്റണിയുടെ അമ്മയായിരുന്നു!

ധ്യാനകേന്ദ്രത്തില്‍ തുടങ്ങി, ധാന്യം പോലെ സംഭരിച്ചു

പെരുമ്പാവൂര്‍ സ്വദേശിനിയായ സൂസനും ആട് ആന്റണിയും തൃശൂരിലെ ഒരു ധ്യാനകേന്ദ്രത്തില്‍ 2008ലാണു പരിചയപ്പെട്ടത്. സമാനമനസ്സുകളുടെ സംഗമമായിരുന്നു അത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു ശിക്ഷ കഴിഞ്ഞിറങ്ങിയ ആന്റണിയും ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ച സൂസനും അടുപ്പക്കാരാകാന്‍ അധിക സമയമെടുത്തില്ല. ആന്റണിയേക്കാള്‍ നാലു വയസ്സ് കൂടുതലുള്ള സൂസനെ ഇയാള്‍ ഭാര്യയായി കൊണ്ടുനടക്കാന്‍ തുടങ്ങി. സൂസന്റെ ഏക മകള്‍ ശ്രീകല അന്നു പിതാവിനൊപ്പമായിരുന്നു താമസം. ആന്റണിയുടെ കവര്‍ച്ചയ്ക്കു മാത്രമല്ല സ്ത്രീകളെ കബളിപ്പിച്ചു വിവാഹം കഴിക്കുന്നതിനും സൂസന്റെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നു.

പകരമായി സ്വര്‍ണവും പണവും ആഡംബര ജീവിതവും സൂസനു ലഭിച്ചു. വൈകാതെ സ്വന്തം മകളുടെ ജീവിതം വെള്ളിത്തളികയില്‍ ആന്റണിക്കു സമര്‍പ്പിക്കാനും അവര്‍ മടിച്ചില്ല. പിതാവ് കണ്ണനൊപ്പം കഴിഞ്ഞിരുന്ന ശ്രീകലയെ (26) വിവാഹത്തിനു പ്രേരിപ്പിച്ച് ഒപ്പം കൊണ്ടുവന്നു. ആന്റണിയുമായുള്ള വിവാഹത്തെ എതിര്‍ത്ത പിതാവുമായി ശ്രീകല വഴക്കിട്ട് അമ്മയ്‌ക്കൊപ്പം പോവുകയായിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു വിവാഹം. ചെന്നൈയിലും തിരുവനന്തപുരത്തും ആന്റണിക്കും സൂസനുമൊപ്പം താമസിച്ച ശ്രീകല അമ്മയുടെയും ഭര്‍ത്താവിന്റെയും വഴിവിട്ട ജീവിതത്തെ എതിര്‍ക്കാന്‍ ശ്രമിക്കാതെ അതില്‍ പങ്കാളിയായി.

കൊല്ലത്തു ഗിരിജയെ പെണ്ണുകാണാന്‍ ആന്റണി വന്നപ്പോള്‍ ആറു മാസം ഗര്‍ഭിണിയായ ശ്രീകല ഇയാളുടെ സഹോദരി എന്ന വ്യാജേന കൂടെ ഉണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ ഒരു വിവാഹം കൂടി വേണമെന്നായിരുന്നു ആന്റണി ഭാര്യയ്ക്കു നല്‍കിയ വിശദീകരണം. ഒരു വീട്ടില്‍ ഒരേ സമയം ഒരാളുടെ ഭാര്യയായി അമ്മയും മകളും കഴിഞ്ഞതിനെപ്പറ്റി ശ്രീകല പൊലീസിനു വിശദമായ മൊഴി നല്‍കി.

കവര്‍ച്ചയിലും പാര്‍ട്ണര്‍

ആന്റണിയുടെ പഴ്‌സിന്റെ പിടിവള്ളിയും സൂസനായിരുന്നു. ഇയാള്‍ക്കു ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിലടക്കം സൂസന്റെ പങ്കാളിത്തം തിരുവനന്തപുരത്തെ ബാങ്കില്‍ അക്കൗണ്ട് തുറക്കാന്‍ ഇരുവരും എത്തിയ സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിരുന്നു. ചെന്നൈയിലെ താമസ സ്ഥലത്തു നിന്നു തിരുവനന്തപുരത്തേക്ക് ഇവര്‍ താമസം മാറ്റിയതു തെക്കന്‍ കേരളത്തില്‍ കവര്‍ച്ച നടത്താനുള്ള സൗകര്യം കണക്കിലെടുത്താണ്. ആന്റണിയുടെ ഓരോ കവര്‍ച്ചകളെപ്പറ്റിയും സൂസനു വ്യക്തമായ ധാരണയുണ്ടെന്നു പൊലീസ് പറയുന്നു. ജൂണ്‍ 26നു പുലര്‍ച്ചെ പാരിപ്പള്ളിയില്‍ പൊലീസ് ഡ്രൈവര്‍ മണിയന്‍ പിള്ളയെ കൊലപ്പെടുത്തിയ ആന്റണി രണ്ടു ദിവസം കഴിഞ്ഞു കേരളം വിട്ടതു സൂസനുമായാണ്.

RANDOM NEWS

Chithambaram

ഐ.എന്‍.എക്‌സ്. മീഡിയ കേസ്: മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ്. മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു. എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ …