Sunday , November 18 2018
Breaking News
Hadiya

ഹാദിയയെ ഭര്‍ത്താവിനൊപ്പമോ അച്ഛനൊപ്പമോ അയക്കില്ല

Hadiyaന്യൂഡല്‍ഹി: ഹാദിയക്ക് തുടര്‍ പഠനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. ഹാദിയയെ പിതാവിനൊപ്പമോ ഭര്‍ത്താവിനൊപ്പമോ അയക്കില്ല. സര്‍വകലാശാല ഡീന്‍ ആയിരിക്കും അവരുടെ ലോക്കല്‍ ഗാര്‍ഡിയന്‍. ഹാദിയയുടെ സംരക്ഷണ ചുമതലയും ഡീനിനായിരിക്കും. പഠനം പൂര്‍ത്തിയാക്കുന്നതിന് എല്ലാ സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊടുക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. അതുവരെ ഡല്‍ഹിയിലെ കേരളാ ഹൗസില്‍ ഹാദിയ തുടരും. ഹാദിയയ്ക്ക് സിവില്‍ ഡ്രസില്‍ പോലീസ് സുരക്ഷ ഒരുക്കണമെന്നും കോടതി ഉത്തരവിട്ടു. ജനുവരി മൂന്നാം വാരം കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

തന്നെ സ്വതന്ത്രയാക്കണമെന്ന് ഹാദിയ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. വിശ്വാസമനുസരിച്ച് ജീവിക്കാനും പഠനം തുടരാനും തന്നെ അനുവദിക്കണം. പഠന ചെലവ് ഭര്‍ത്താവ് വഹിക്കുമെന്നും ഹാദിയ കോടതിയെ അറിയിച്ചു. വിദ്യാഭ്യാസ യോഗ്യതകള്‍ സംബന്ധിച്ച ഹാദിയ കോടതിയില്‍ വിശദീകരണം നല്‍കി. ഹാദിയയുടെ കുടുംബ പശ്ചാത്തലം കോടതി ആരാഞ്ഞു. സര്‍ക്കാര്‍ ചെലവില്‍ പഠിക്കാന്‍ താല്‍പര്യമുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് തന്റെ പഠനചെലവ് വഹിക്കാന്‍ ഭര്‍ത്താവിന് സാധിക്കുമെന്നായിരുന്നു ഹാദിയയുടെ മറുപടി. സംരക്ഷണത്തിന് ലോക്കല്‍ ഗാര്‍ഡിയനെ ഏര്‍പ്പെടുത്താമെന്ന കോടതിയുടെ നിര്‍ദ്ദേശത്തിന് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ തന്നെ സംരക്ഷിക്കുമെന്നും ഹാദിയ പ്രതികരിച്ചു. കഴിഞ്ഞ 11 മാസമായി താന്‍ വീട്ടുതടങ്കലില്‍ മാനസിക പീഡനം അനുഭവിക്കുന്നു. എനിക്ക് നല്ല ഒരു പൗരയാവണം.നല്ല ഡോക്ടറാവണം. വിശ്വാസത്തെ അനുസരിച്ച് ജീവിക്കണം. കോളേജിലേക്ക് തിരിച്ചു പോയി പഠനം പൂര്‍ത്തിയാക്കണം. ഭര്‍ത്താവിനെ രക്ഷിതാവാക്കണമെന്നും ഹാദിയ കോടതിയില്‍ ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. തുറന്ന കോടതിയിലെ വാദം എന്ന തീരുമാനം പുന:പരിശോധിക്കണമെന്നും ജഡ്ജിമാര്‍ നേരിട്ട് ഹാദിയയുമായി സംസാരിക്കണണെന്നും ഹാദിയയുടെ പിതാവ് അശോകന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി നിരസിച്ചു. കോടതിക്ക് രഹസ്യ സ്വഭാവമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അശോകന്റെ ആവശ്യം തള്ളിയത്. തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇതുവരെ ഇത്തരത്തില്‍ ഒരു കേസ് കൈകാര്യം ചെയ്തിട്ടില്ലെന്നായിരുന്നു കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പ്രതികരണം. കേസില്‍ ഹാദിയയുടെ പിതാവ് അശോകന്റേയും എന്‍ഐഎയുടേയും കപില്‍ സിബലിന്റേയും വാദം കേട്ടതിനു ശേഷമാണ് തുറന്ന കോടതി ഹാദിയയെ കേട്ടത്. ഹാദിയയെ വിവാഹം ചെയ്ത ഷഫീന്‍ ജഹാന് തീവ്രവാദി ബന്ധമുണ്ട്. ഇത് തെളിയിക്കുന്ന വീഡിയോയും ശബ്ദസന്ദേശങ്ങളും കൈയിലുണ്ടെന്നും പിതാവ് അശോകന് വേണ്ടിയായ അഭിഭാഷകന്‍ ശ്യാം ദിവാന്‍. ഐ.എസ് റിക്രൂട്ടര്‍ മന്‍സ് ബുറാഖിനോട് ഷഫീന്‍ ജഹാന്‍ സംസാരിച്ചിട്ടുണ്ട്. ഒരാളെ ചോദിച്ചാല്‍ എത്ര പണം കിട്ടുമെന്ന് ഷെഫിന്‍ ജഹാന്‍ ചോദിച്ചു. ദുര്‍ബല മാനസികാവസ്ഥയിലുള്ള വ്യക്തിയാണ് ഹാദിയ. നിര്‍ബന്ധിപ്പിച്ചാണ് വിവാഹം ചെയ്തത്. വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ല. സമീപത്തെ മദ്രസയില്‍ വെച്ചാണ് വിവാഹം നടന്നത്. വിവാഹത്തിന് അമ്മയും അച്ഛനും ഹാജരായിട്ടില്ലെന്നും അഭിഭാഷകന്‍ മുഖേനെ അശോകന്‍ കോടതിയെ അറിയിച്ചു. ഷെഫിന്‍ ജഹാന് ഐഎസ് ബന്ധമുണ്ടെന്ന് വാദത്തിനിടെ എന്‍.ഐഎയും കോടതിയില്‍ വാദിച്ചു. ഹാദിയയുടേത് ഒറ്റപ്പെട്ട സംഭവമല്ല. മതപരിവര്‍ത്തനം 11 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ഏഴ് കേസുകള്‍ സത്യസരണിയുമായി ബന്ധപ്പെട്ടതാണ്. മതപരിവര്‍ത്തനത്തിനത്തിന്റെ കേന്ദ്രമായാണ് സത്യസരണി പ്രവര്‍ത്തിക്കുന്നത്. ഇത് അന്വേഷിച്ചു വരികയാണെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു.

എന്‍ഐഎയെ ഷെഫിന്‍ ജഹാന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ ഈ വാദം എതിര്‍ത്തു. ഹാദിയയെ കേള്‍ക്കാന്‍ തയ്യാറാവുന്നില്ലെന്നായിരുന്നു കപില്‍ സിബലിന്റെ വാദം. ഹാദിയയെ കേള്‍ക്കുന്നതിന് പകരം എന്‍ഐഎ കേള്‍ക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഹാദിയയ്ക്ക് പറയാനുള്ളതല്ല ചാനലുകളില്‍ വരുന്നതാണ് ചര്‍ച്ച ചെയ്യുന്നത്.എന്‍ഐഎ അന്വേഷണം കോടതി അനുമതിയോടെയല്ല. എന്‍ഐഎ അന്വേഷണം കോടതിയലക്ഷ്യമാണെന്നും കപില്‍ സിബല്‍ വാദിച്ചു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചില്‍ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഢ് എന്നിവരാണ് കേസില്‍ വാദം കേള്‍ക്കുന്ന മറ്റ് ജഡ്ജിമാര്‍

താനുമായുള്ള ഹാദിയ(അഖില)യുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹമെന്ന് എന്‍.ഐ.എ.യ്ക്ക് നല്‍കിയ മൊഴിയിലും കഴിഞ്ഞദിവസം മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും ഹാദിയ വ്യക്തമാക്കിയിരുന്നു.
സുരക്ഷ പരിഗണിച്ച് ബുള്ളറ്റ് പ്രൂഫ് അംബാസിഡര്‍ കാറിലാണ് ഹാദിയയെ കേരള ഹൗസില്‍ നിന്നും സുപ്രീം കോടതിയിലെത്തിച്ചത്.
താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയത്. തനിക്ക് ഭര്‍ത്താവായ ഷെഫിന്‍ ജഹാനൊപ്പം പോകണമെന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് ഹാദിയ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു. അതേസമയം ആശയങ്ങള്‍ നിരുപാധികം അടിച്ചേല്‍പ്പിക്കപ്പെട്ട ഹാദിയയുടെ മൊഴി കണക്കിലെടുക്കരുതെന്ന് എന്‍.ഐ.എ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച തത്സ്ഥിതി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു..

RANDOM NEWS

Collector-Dr.-Sajith-Babu-Damoddharan

കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലെ കിണര്‍ ഉടന്‍ നികത്തണം: ജില്ലാകളക്ടര്‍

മാലിന്യങ്ങള്‍ തള്ളി മലിനമാക്കിയ കാസര്‍കോട് പുതിയ ബസ്റ്റാന്റിലെ കിണര്‍ ഉടന്‍ നികത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു കാസര്‍കോട് …