Wednesday , July 17 2019
Breaking News
haidarali-shihab-tanghal

ഏക സിവില്‍കോഡിനെതിരെ യോജിച്ച പോരാട്ടം വേണ്ടിവരും –ഹൈദരലി ശിഹാബ് തങ്ങള്‍

മദീന: ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ഇന്ത്യയില്‍ യോജിച്ച പോരാട്ടം വേണ്ടിവരുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എല്ലാ സംഘടനകളും ഇതിനുവേണ്ടി ഒരുമിച്ചിരിക്കാന്‍ സന്നദ്ധമാവുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മദീനയില്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ നീക്കം ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും. ഓരോരുത്തര്‍ക്കും അവരവരുടെ മതപരമായ വിശ്വാസങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശത്തിന്‍മേലാണ് സര്‍ക്കാര്‍ കൈവെക്കുന്നത്. രാജ്യത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതാണ് ഈ നീക്കം. ഇതിനെതിരെ എല്ലാവരും ചേര്‍ന്ന് വലിയ പ്രക്ഷോഭം വേണ്ടിവരും.

പലവിധ വിശ്വാസം സൂക്ഷിക്കുന്നവര്‍ ഒരുമിച്ച് ജീവിക്കുന്നതാണ് രാജ്യത്തിന്‍െറ സൗന്ദര്യം. ഏക സിവില്‍കോഡ് മുസ്ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്നമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമംനടക്കുന്നുണ്ട്. ഭൂരിപക്ഷ വര്‍ഗീയതയെ ഉണര്‍ത്തി മുതലെടുക്കുകയാണ് സംഘ്പരിവാര്‍ ലക്ഷ്യം. ദലിതരും ആദിവാസികളും ക്രൈസ്തവ, ജൈന, ബുദ്ധമതവിഭാഗങ്ങളും ഏക സിവില്‍കോഡിനെതിരായി ഒരുമിച്ചുനീങ്ങണമെന്ന് ഹൈദരലി തങ്ങള്‍ ആവശ്യപ്പെട്ടു. രാജ്യത്ത് ഏകീകൃത സിവില്‍ നിയമമില്ലാത്തതല്ല ഇപ്പോഴത്തെ മുഖ്യപ്രശ്നം. ദാരിദ്ര്യം, നിരക്ഷരത, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കേണ്ടത്. മുസ്ലിം വ്യക്തിനിയമത്തെ തള്ളിക്കളഞ്ഞ് മുത്തലാഖിനെ എതിര്‍ത്ത് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയെയും അതിന്‍െറ ശില്‍പികളെയും അവഹേളിച്ചിരിക്കയാണ്.

രാജ്യത്തിന്‍െറ വൈവിധ്യം ഉള്‍ക്കൊണ്ട് തയാറാക്കിയ ഭരണഘടനയുടെ അന്തസ്സത്തയെ വോട്ടുബാങ്ക് ലക്ഷ്യമിട്ട് ചിലര്‍ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്ന് ഹൈദരലി തങ്ങള്‍ ചൂണ്ടിക്കാട്ടി. മുസ്ലിം സമുദായത്തിലെ യുവാക്കള്‍ തീവ്രവാദത്തിലേക്ക് പോകുന്നതിന് തടയിടാന്‍ മുസ്ലിം ലീഗ് വിപുലമായ പഠനക്ളാസുകള്‍ സംഘടിപ്പിക്കുമെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു. സൗദി അറേബ്യയില്‍ തൊഴില്‍ പ്രതിസന്ധിയിലകപ്പെട്ട ഇന്ത്യക്കാരോട് സൗദി ഭരണകൂടം സ്വീകരിച്ച അനുകൂല നിലപാടിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. കേരളത്തില്‍ അടുത്ത ദിവസങ്ങളിലുണ്ടായ സമരങ്ങളിലൂടെ യു.ഡി.എഫ് ഉണര്‍ന്നുകഴിഞ്ഞതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പിണറായി സര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങള്‍ ശരിയായി വിലയിരുത്താനാവുന്നതേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RANDOM NEWS

maneesh

യുവാവിനെ കാണാതായതായി പരാതി

മുളിയാര്‍ ഇരിയണ്ണിയിലെ കൃഷ്ണന്‍ മണിയാണിയുടെ മകന്‍ എല്‍.കെ.മനീഷിനെ കാണ്‍മാനില്ല. 2019 ജൂണ്‍ 29 മുതലാണ് കാണാതായത്. 35 വയസ്സ് പ്രായം. …