Monday , September 24 2018
Breaking News
Cricet

കുല്‍ദീപ് യാദവിന് ഹാട്രിക്; ഈഡനിലും ഇന്ത്യന്‍ തേരോട്ടം

കൊല്‍ക്കത്ത: ചെന്നൈയിലെ വിജയത്തിന്റെ ആത്മവിശ്വാസവുമായി കൊല്‍ക്കത്തയിലെത്തിയ ഇന്ത്യക്ക് അവിടെയും പിഴച്ചില്ല. ഈഡന്‍ ഗാര്‍ഡന്‍സില്‍ ഓസ്‌ട്രേലിയയെഇന്ത്യ 50 റണ്‍സിന് പരാജയപ്പെടുത്തി.. ഇതോടെ അഞ്ചു ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 20ത്തിന് മുന്നിലെത്തി.

ഇന്ത്യ മുന്നോട്ടുവെച്ച 253 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 43.1 ഓവറില്‍ 202 റണ്‍സിന് എല്ലാവരും പുറത്തായി. ഹാട്രിക് നേടിയ കുല്‍ദീപ് യാദവും മൂന്നു വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറുമാണ് ഓസീസിന്റെ നട്ടെല്ലൊടിച്ചത്. പുറത്താവാതെ 62 റണ്‍സ് നേടിയ മാര്‍ക് സ്‌റ്റോയിന്‍സ് ഒറ്റയൊരാള്‍ പോരാട്ടം നടത്തിയെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വീണത് ഓസീസിന് തിരിച്ചടിയായി.  33ാം ഓവറിലെ രണ്ടാം പന്തില്‍ മാത്യു വെയ്ഡിന്റെ കുറ്റി തെറിപ്പിച്ച കുല്‍ദീപ് തൊട്ടടുത്ത പന്തില്‍ ആഷ്റ്റണ്‍ അഗറിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് പാറ്റ് കുമ്മിന്‍സണെ ധോനിയുടെ കൈകളിലെത്തിച്ച് ഹാട്രികും തികച്ചു. കോല്‍ട്ടര്‍ നെയ്‌ലിനെ ഹാര്‍ദിക് പാണ്ഡ്യയും റിച്ചാര്‍ഡ്‌സണെ ഭുവനേശ്വര്‍ കുമാറും പുറത്താക്കിയതോടെ ഓസീസിന്റെ തകര്‍ച്ച പൂര്‍ത്തിയായി.

1991ന് ശേഷം ഏകദിനത്തില്‍ ഹാട്രിക് നേടുന്ന ഇന്ത്യന്‍ ബൗളറാണ് കുല്‍ദീപ്. ഇതിന് മുമ്പ് ചേതന്‍ ശര്‍മ്മയും കപില്‍ദേവുമാണ് ഇന്ത്യക്കായി ഏകദനിത്തില്‍ ഹാട്രിക് വിക്കറ്റ് പിഴുതിട്ടുള്ളത്. ചേതന്‍ ശര്‍മ്മ 1987ലെ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെയും കപില്‍ ദേവ് 1991ല്‍ ശ്രീലങ്കക്കെതിരെയുമാണ് ഹാട്രിക് തികച്ചത്.

ഓസീസിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. മൂന്നാം ഓവറില്‍ കാര്‍ട്ട്‌റെയ്റ്റിനെ നഷ്ടപ്പെട്ട കംഗാരുക്കള്‍ അഞ്ചാം ഓവറില്‍ ഡേവിഡ് വാര്‍ണറെയും നഷ്ടപ്പട്ടു. പിന്നീട് സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡ്ഡും ഇന്നിങ്‌സ് മുന്നോട്ടുനയിക്കുകയായിരുന്നു. സ്മിത്ത് 59 റണ്‍സും ട്രാവിസ് 39 റണ്‍സും നേടി. അതേസമയം മാക്‌സ്വെല്‍ 14 റണ്‍സെടുത്ത് ചാഹലിന്റെ പന്തില്‍ പുറത്തായി.  92 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയുടെ മികവിലാണ് ഇന്ത്യയുടെ സ്‌കോര്‍ 250 കടന്നത്. കളി തുടങ്ങി ആറാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഏഴു റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ കോള്‍ട്ടര്‍ നെയ്ല്‍ പുറത്താക്കുകയായിരുന്നു. പിന്നീട് രണ്ടാം വിക്കറ്റില്‍ വിരാട് കോലിയും അജിങ്ക്യ രഹാനയെും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറ നല്‍കി. 102 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. 55 റണ്‍സെടുത്ത രഹാന റണ്‍ഔട്ടായതോടെ ആ കൂട്ടുകെട്ട് പൊളിഞ്ഞു. പിന്നാലെ മൂന്നു റണ്ണെടുത്ത മനീഷ് പാണ്ഡയും പുറത്തായി. .
കേദര്‍ ജാദവിനും അധികം ആയുസ്സുണ്ടായിരുന്നില്ല. പിന്നീട് ധോനി ക്രീസിലെത്തിയതോടെ ഇന്ത്യ വീണ്ടും പ്രതീക്ഷയിലായി. എന്നാല്‍ സെഞ്ചുറിക്ക് എട്ടു റണ്‍സകലെ വെച്ച് കോലിയുടെ വിക്കറ്റ് നഷ്ടപ്പെട്ടു. 107 പന്തില്‍ നിന്നാണ് കോലി 92 റണ്‍സെടുത്തത്. കഴിഞ്ഞ കളിയിലെ പ്രകടനം ആവര്‍ത്തിക്കാനാവാതെ ധോനി അഞ്ചു റണ്‍സിനും പുറത്തായി.

പിന്നീട് ആര്‍ക്കും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഹാര്‍ദിക് പാണ്ഡ്യ(20), ഭുവനേശ്വര്‍ കുമാര്‍(20), കുല്‍ദീപ് യാദവ്(0),യുസ്വേന്ദ്ര ചാഹല്‍(1) എന്നിവരുടെ വിക്കറ്റുകള്‍ ഓസീസ് ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വീഴ്ത്തി. 10 റണ്‍സുമായി ജസ്പ്രീത് ബുംറ പുറത്താവാതെ നിന്നു. ഓസീസിനായി റിച്ചാര്‍ഡ്‌സണും കോള്‍ട്ടര്‍ നെയ്‌ലും മൂന്നു വീതം വിക്കറ്റ് വീഴ്ത്തി.

RANDOM NEWS

Oruma

ഉസ്താദ് ഹസ്സന്‍ ഭായിയെ ഒരുമ സാംസ്‌കാരിക സമിതി ആദരിച്ചു

മേല്‍പറമ്പ് : ഗ്രാന്‍ഡ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഒരുമ വൈസ് പ്രസിഡന്റ് കെ. എം. ഷാഫി അധ്യക്ഷത വഹിച്ചു. …