Saturday , October 21 2017
Breaking News
India

ഇന്‍ഡോറിലും അജയ്യരായി ഇന്ത്യ; ഓസീസിനെതിരെ ഏകദിന പരമ്പര

ഇന്‍ഡോര്‍: ധോനിയുടെ നേതൃത്വത്തില്‍ ഇന്ത്യ ടിട്വന്റി കിരീടം നേടിയിട്ട് പത്ത് വര്‍ഷം തികയുന്ന സെപ്തംബര്‍ 24ന് ഇന്‍ഡോറില്‍ ഇന്ത്യന്‍ ടീം മറ്റൊരു നേട്ടം കൂടി കുറിച്ചു. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ ഗാലറിയെ സാക്ഷിയാക്കി ഓസീസിനെതിരെ ഇന്ത്യയുടെ ഏകദിന പരമ്പ വിജയം. നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ ഓസീസിനെ കോലിയും സംഘവും 13 പന്ത് ബാക്കി നില്‍ക്കെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യ രണ്ട് ഏകദിനത്തിലും വിജയിച്ച ഇന്ത്യ ഇതോടെ അഞ്ചു ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ 30ത്തിന്റെ മുന്‍തൂക്കം നേടി..

ഓസീസ് മുന്നോട്ടുവെച്ച 294 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ ഒരു ഘട്ടത്തില്‍ പോലും പരാജയഭീതിയില്ലാതെയാണ് കടന്നുപോയത്. മികച്ച തുടക്കം ലഭിച്ച ഇന്ത്യക്കായി ഓപ്പണിങ് വിക്കറ്റില്‍ അജിങ്ക്യ രഹാനെയും രോഹിത് ശര്‍മ്മയും ചേര്‍ന്ന് 139 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. രഹാനെ 76 പന്തില്‍ 79 റണ്‍സ് അടിച്ചപ്പോള്‍ രോഹിത് 62 പന്തില്‍ 71 റണ്‍സ് നേടി. രോഹിതിനെ പുറത്താക്കി കോള്‍ട്ടര്‍ നെയ്‌ലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

വിരാട് കോലി 28 റണ്‍സിനും കേദര്‍ ജാദവ് രണ്ട് റണ്‍സിനും പുറത്തായി. അതേസമയം ഹാര്‍ദിക് പാണ്ഡ്യ ഒരിക്കല്‍ കൂടി തന്റെ ബാറ്റിങ് പാടവം പുറത്തെടുത്തു. 72 പന്തില്‍ അഞ്ചു ഫോറും നാല് സിക്‌സുമടക്കം 78 റണ്‍സാണ് പാണ്ഡ്യ നേടിയത്. പിന്നീട് മനീഷ് പാണ്ഡെക്കും എം.എസ് ധോനിക്കും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഹാര്‍ദിക് പുറത്താവാതെ 36 റണ്‍സും ധോനി മൂന്ന് റണ്‍സും നേടി.

നേരത്തെ പരമ്പരയില്‍ ആദ്യമായി ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ 293 റണ്‍സാണ് അടിച്ചെടുത്തത്. സെഞ്ചുറി നേടിയ ആരോണ്‍ ഫിഞ്ചും അര്‍ധ സെഞ്ചുറിയടിച്ച സ്റ്റീവ് സ്മിത്തുമാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ഓപ്പണിങ് വിക്കറ്റില്‍ തന്നെ മികച്ച തുടക്കമാണ് കംഗാരുക്കള്‍ ലഭിച്ചത്. വാര്‍ണറും ഫിഞ്ചും ചേര്‍ന്ന കൂട്ടുകെട്ട് 13.3 ഓവറില്‍ 70 റണ്‍സ് നേടി. പിന്നീട് ഹാര്‍ദിക് പാണ്ഡ്യ 42 റണ്‍സെടുത്ത വാര്‍ണറെ പുറത്താക്കിയതോടെയാണ് ആ കൂട്ടുകെട്ട് പൊളിഞ്ഞത്.

പക്ഷേ വിട്ടുകൊടുക്കാന്‍ ഓസീസ് തയ്യാറായിരുന്നില്ല. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ സ്മിത്ത്, ഫിഞ്ചിന് കൂട്ടായെത്തിയതോടെ ഓസീസിന്റെ സ്‌കോര്‍ കുതിച്ചു. രണ്ടാം വിക്കറ്റില്‍ 154 റണ്‍സാണ് പിറന്നത്. ഫിഞ്ച് 125 പന്തില്‍ 12 ഫോറിന്റെയും അഞ്ച് സിക്‌സിന്റെയും അകമ്പ ടിയോടെ 124 റണ്‍സ് അടിച്ചെടുത്തപ്പോള്‍ സ്മിത്ത് 71 പന്തില്‍ 63 റണ്‍സ് കണ്ടെത്തി..

എന്നാല്‍ അവസാന പത്ത് ഓവറുകളില്‍ ഈ മുന്‍തൂക്കം പ്രയോജനപ്പെടുത്താന്‍ ഓസീസിന് കഴിഞ്ഞില്ല. ഫിഞ്ചും സ്മിത്തും പുറത്തായതിന് പിന്നാലെ മാക്‌സ്വെല്ലും (5), ട്രാവിസ് ഹെഡ്ഡും (4) ക്രീസ് വിട്ടു. മൂന്നു റണ്ണെടുത്ത ഹാന്‍ഡ്‌സ്‌കോമ്പിനെ ബുംറ പുറത്താക്കി. സ്റ്റോയ്ന്‍സ് 27 റണ്‍സുമായും അഗര്‍ ഒമ്പത് റണ്‍സുമായും പുറത്താവാതെ നിന്നു. ഇന്ത്യക്കായി കുല്‍ദീപ് യാദവും ബുംറയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

RANDOM NEWS

Pinnaray-Vijayan

ശബരിമലയില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ പാടില്ല- മുഖ്യമന്ത്രി

ശബരിമല: ശബരിമല ദേശീയ തീര്‍ഥാടനകേന്ദ്രമാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല റെയില്‍പാതയും എയര്‍പോര്‍ട്ടും യാഥാര്‍ഥ്യമാക്കാന്‍ നടപടി …