Thursday , September 20 2018
Breaking News
Police-hat

പഴയങ്ങാടി ജ്വല്ലറി കവര്‍ച്ചക്ക് പിന്നില്‍ രണ്ടംഗസംഘമെന്ന് സൂചന;പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

പയ്യന്നൂര്‍: പഴയങ്ങാടിയിലെ അല്‍ ഫത്തീബി ജ്വല്ലറി കവര്‍ച്ചക്ക് പിന്നില്‍ രണ്ടുപേരാണെന്ന് വ്യക്തമായി. ഇവര്‍ക്ക് പ്രാദേശിക തലത്തില്‍ സഹായം ലഭിച്ചതായും സൂചനയുണ്ട്. മോഷണവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ടെങ്കിലും കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അന്വേഷണ സംഘം തയ്യാറാകുന്നില്ല. രണ്ടംഗ സംഘം ബൈക്കിലെത്തിയാണ് കവര്‍ച്ച നടത്തിയതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. കവര്‍ച്ചക്ക് ശേഷം ഇവര്‍ മാടായിപാറയിലേക്കും മാടായി ഗവ. കോളേജ് പരിസരത്തേക്കും പോയതായും കണ്ടെത്തിയിട്ടുണ്ട്.
പഴയങ്ങാടി ടൗണിലെ നിരീക്ഷണ ക്യാമറകളില്‍ നിന്നുമാണ് കവര്‍ച്ച നടത്തിയ ശേഷം ബൈക്കില്‍ പോകുന്ന രണ്ടുപേരുടെ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. കവര്‍ച്ചക്കാരില്‍ ഒരാളുടെ രേഖാചിത്രം പോലീസ് തയ്യാറാക്കിയിട്ടുണ്ട്. ജ്വല്ലറിക്കുള്ളില്‍ കവര്‍ച്ച നടത്തുന്നതിനിടയില്‍ പുറത്ത് കാവര്‍ നിന്നതായി സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രമാണ് പോലീസ് തയ്യാറാക്കിയത്. ഇയാളുമായി ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ സംസാരിച്ചിരുന്നു. ജ്വല്ലറിയുടെ ഷട്ടര്‍ നന്നാക്കാന്‍ വന്നതെന്നായിരുന്നു ഇയാള്‍ ഓട്ടോഡ്രൈവറോട് പറഞ്ഞത്. മാടായി കോളേജിന് സമീപത്തെ പാറമടയില്‍ നിന്നും അപരിചിതരായ രണ്ടുപേര്‍ മുഖം കഴുകുന്നത് കോളേജിലെ ജീവനക്കാരും കണ്ടിരുന്നു. ഇവരുടെയും സഹായം രേഖാചിത്രം തയ്യാറാക്കാനായി പോലീസ് തേടിയിരുന്നു.
അല്‍ഫത്തീബി ജ്വല്ലറിയില്‍ നിന്നും ഒന്നരക്കോടി വിലവരുന്ന ആഭരണങ്ങളും രണ്ടുലക്ഷം രൂപയുമാണ് കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് കവര്‍ച്ച നടത്തിയത്. തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കവര്‍ച്ചാ കേസ് അന്വേഷിക്കുന്നത്.
സ്ഥിരം കുറ്റവാളികളും അടുത്തിടെ ജയില്‍മോചിതരാവുകയും ചെയ്ത മോഷ്ടാക്കളുടെയും മൊബൈല്‍ ഫോണുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സംഭവ സമയത്ത് ഇവരുടെ മൊബൈല്‍ഫോണ്‍ ടവര്‍ പരിധി കണ്ടെത്താനാണ് പരിശോധന.അല്‍ഫത്തീബി ജ്വല്ലറി കവര്‍ച്ചക്ക് ഏതാനും ദിവസം മുമ്പ് പുതിയങ്ങാടി മൊട്ടാമ്പുറത്തെ അല്‍ബദര്‍ ജ്വല്ലറി ചുമര് തുറന്നും കവര്‍ച്ച നടത്താന്‍ ശ്രമം നടന്നിരുന്നു.
രണ്ടുപേര്‍ ജ്വല്ലറിയുടെ ചുമര് തുരക്കാന്‍ ശ്രമിച്ചത് ശ്രദ്ധയില്‍പ്പെട്ട സമീപവാസിയായ സ്ത്രീ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എസി ഘടിപ്പിക്കാന്‍ വേണ്ടിയാണ് ചുമര് തുരക്കുന്നതെന്നായിരുന്നു മറുപടി നല്‍കിയത്. എന്നാല്‍ നിമിഷങ്ങള്‍ക്കകം രണ്ടുപേരും ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു. ഈ സംഭവം സ്ത്രീ ജ്വല്ലറി ഉടമയെ അറിയിക്കുകയും ചെയ്തിരുന്നുവെങ്കിലും ജ്വല്ലറി ഉടമ പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല.

RANDOM NEWS

accident

ഇരുചക്രവാഹനം ബസ്സിനടിയിലായി; യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് കെ.എസ്.ആര്‍.ടി.സി. ബസ്സും ഇരുചക്രവാഹനവും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ് സാരമായി പരിക്കേറ്റ സ്‌കൂട്ടിയാത്രക്കാരന്‍ വെള്ളരിക്കുണ്ടിലെ അനീഷിനെ മംഗളൂരു …