Wednesday , May 22 2019
Breaking News
------------

ചെങ്കൊട്ട കാക്കാന്‍ ഖദറിട്ട പോരാളി

ജീവിത ലാളിത്യവും വിനയാന്വിതമായ പൊരുമാറ്റവും കൈമുതലായ കെ പി സതീഷ്ചന്ദ്രനാണ് ഇടതുപക്ഷത്തിന്റെ കാസര്‍കോടന്‍ ചെങ്കോട്ട കാക്കാനുള്ള നിയോഗം. മൂന്ന് വട്ടം സിപിഐ എം കാസര്‍കോട് ജില്ലാ സെക്രട്ടറിയും രണ്ട് തവണ തൃക്കരിപ്പൂര്‍ എംഎല്‍എയും നിലവില്‍ എല്‍ഡിഎഫ് ജില്ലാ കണ്‍വീനറുമായ സതീഷ്ചന്ദ്രനെ മണ്ഡലത്തില്‍ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിസ്വാര്‍ഥമായ പൊതുപ്രവത്തനം ജനം അംഗീകരിച്ചതാണ്.കട്ടി ഖദറിനുള്ളിലെ നിര്‍മല ഹൃദയനെ മണ്ഡലം ഏറ്റെടുത്തിരിക്കയാണ്.
മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ 2006ല്‍ എല്‍ഡിഎഫിലെ സി എച്ച് കുഞ്ഞമ്പു അട്ടിമറി വിജയം നേടുമ്പോള്‍ തെരഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിച്ചത് സതീഷ്ചന്ദ്രനായിരുന്നു. പരാജയപ്പെട്ട മുസ്ലിംലീഗിന്റെ അതികായന്‍ ചെര്‍ക്കളം അബ്ദുള്ള ആദ്യം കൈകെടുത്തത് സതീഷ്ചന്ദ്രനായിരുന്നു. പിറ്റേ ദിവസത്തെ പത്രങ്ങളില്‍ ഈ പടം ‘ഇരുത്തി കളഞ്ഞല്ലോടാ മോനേ’ എന്ന വാക്യത്തോടെയാണ് വന്നത്. സംഘടനാ രംഗത്തും പാര്‍ലമെന്ററി മേഖലയിലും ഒരു പോലെ തിളങ്ങാനായി.
നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ എസ്എഫ്‌ഐ യൂണിറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി. കോഴിക്കോട് മടപ്പള്ളി കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ യൂണിറ്റ് സെക്രട്ടറിയായി. അടിയന്തിരാവസ്ഥ കാലത്താണ് കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ ബിഎ പഠനം. ഹൊസ്ദുര്‍ഗ് ഏരിയാ പ്രസിഡന്റും സെക്രട്ടറിയുമായും പ്രവര്‍ത്തിച്ചു. തിരുവനന്തുപുരം ലോ കോളേജില്‍ നിയമ പഠനത്തിന് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കിയില്ല. എസ്എഫ്‌ഐ അവിഭക്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഡിവൈഎഫ്‌ഐ കാസര്‍കോട് ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്രകമ്മിറ്റി അംഗവുമായി.
1988 ല്‍ സിപിഐ എം ജില്ലാകമ്മിറ്റി അംഗമായി. അഭിവക്ത നിലേശ്വരം ഏരിയാ സെക്രട്ടറിയായിരുന്നു. 91ല്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗമായി. 2008 മുതല്‍ 2018വരെ ജില്ലാ സെക്രട്ടറിയായി. 2008 മുതല്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി, എഐകെഎസ് കേന്ദ്രകമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. നിലവില്‍ കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റി അംഗമാണ്. 1996 മുതല്‍ 2006വരെ പത്ത് വര്‍ഷം തൃക്കരിപ്പൂര്‍ മണ്ഡലം എംഎല്‍എയായി.
1982 പാരലല്‍ കോളേജ് സമരത്തിനിടയില്‍ ഭീകര മര്‍ദ്ദനമേറ്റു. വിദ്യാര്‍ഥി– യുവജന പ്രക്ഷോഭത്തിനിടയില്‍ ഒട്ടേറെ തവണ അക്രമത്തിനിരയായി.
എസ്എഫ്‌ഐ മുഖ മാസികയായ സ്റ്റുഡന്റിന്റെ മാനേജിങ് എഡിറ്ററും ഡിവൈഎഫ്‌ഐ മാസിക യുവധാരയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവുമായിരുന്നു. ഇന്ത്യയിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് അമീര്‍ ഹൈദര്‍ഖാന്റെ ഇംഗ്ലീഷിലുള്ള ജീവചരിത്രം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് സതീഷ്ചന്ദ്രനും ഡോ. സി ബാലനുമായിരുന്നു. തിരക്കേറിയ പൊതുപ്രവര്‍ത്തനത്തിനിടയില്‍ വായനയ്ക്ക് സമയം കണ്ടെത്താറുണ്ട്. ആനുകാലികങ്ങളില്‍ എഴുതാറുമുണ്ട്. പഠന കാലത്ത് പ്രസംഗം, ലേഖനം, കവിത രചന, നാടകാഭിനയം എന്നിവയ്ക്ക് സമ്മാനം നേടിയിട്ടുണ്ട്. സൈദ്ധാന്തിക വിഷയങ്ങള്‍ ലളിതമായ ഭാഷയില്‍ പറഞ്ഞ് ഫലിപ്പിക്കുന്ന പ്രസംഗ ശൈലി വേറിട്ടതാണ്. 1989ല്‍ ഉത്തര കൊറിയയില്‍ നടന്ന ലോക യുവജന– വിദ്യാര്‍ഥി സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിയായിരുന്നു.
1957 നവംബര്‍ 25ന് നീലേശ്വരം പട്ടേനയിലാണ് ജനനം. കമ്യൂണിറ്റ് സഹയാത്രികന്‍ പരേതനായ കമ്പല്ലൂര്‍ കോട്ടയില്‍ കെ കെ ഗോവിന്ദന്‍ നമ്പ്യാരുടെയും പരേതയായ കുഞ്ഞുലക്ഷ്മിയുടെയും മകനാണ്. സീതാദേവിയാണ് ഭാര്യ. മക്കള്‍: അജിത്(കണ്ണൂര്‍ റെയ്ഡ്‌കോ എന്‍ജിനീയര്‍), നന്ദഗോപാല്‍(എംബിഎ, അബുദാബി).

RANDOM NEWS

periya-Murder

പെരിയ ഇരട്ടക്കൊല: പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 28ലേക്ക് മാറ്റി

കൊച്ചി ; പെരിയ ഇരട്ടക്കൊലപാതക കേസില്‍ പോലീസിന് വിമര്‍ശനവുമായി ഹൈക്കോടതി. കേസിലെ റിമാന്റ് റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് പരാമര്‍ശിക്കാത്തത് എന്തുകൊണ്ടെന്ന് …