Wednesday , July 17 2019
Breaking News
-------

കല്ലടയുടെ വൈറ്റില ഓഫീസ് അടപ്പിച്ചു; യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ കര്‍ശന നടപടിയുമായി പോലീസ്

കൊച്ചി/തിരുവനന്തപുരം: യാത്രക്കാരെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ സുരേഷ് കല്ലട ബസ് സര്‍വീസിനെതിരെ കര്‍ശന നടപടിയുമായി ഗതാഗത വകുപ്പും പോലീസും. സുരേഷ് കല്ലട ട്രാവല്‍സിന്റെ വൈറ്റില ഓഫീസ് പോലീസ് അടച്ചു പൂട്ടി. തെളിവ് ശേഖരിക്കുന്നതിനിടെ അനധികൃതമായി പാര്‍സല്‍ കടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിനേത്തുടര്‍ന്നാണ് നടപടി.

മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ഗതാഗത കമ്മീഷണര്‍ സുദേഷ് കുമാര്‍ ഐ.പി.എസ് വ്യക്തമാക്കി. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉടമ സുരേഷ് കല്ലടയെ വിളിച്ചുവരുത്താന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ദക്ഷിണമേഖല എ.ഡി.ജി.പി മനോജ് എബ്രഹാമിന് നിര്‍ദ്ദേശം നല്‍കി.

കല്ലടയുടെ വൈറ്റിലയിലെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയിരുന്നു. പ്രതിഷേധത്തിനിടെ ഓഫീസിലേക്ക് സംശയാസ്പദമായ തരത്തില്‍ പാര്‍സല്‍ കൊണ്ടുവന്നു. പ്രതിഷേധം നടക്കുന്നത് കണ്ടപ്പോള്‍ അത് തിരിച്ചു കൊണ്ടുപോയി. ഇക്കാര്യം പ്രവര്‍ത്തകര്‍ പോലീസിന്റെ ശ്രദ്ധയില്‍പെടുത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍
കല്ലട ട്രാവല്‍സ് കേന്ദ്രീകരിച്ച് അനധികൃതമായി പാര്‍സല്‍ നീക്കം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇതേത്തുടര്‍ന്ന് മരട് പോലീസ് ഓഫീസ് അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

യാത്രക്കാരെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിനേത്തുടര്‍ന്ന് കൊച്ചി മരട് പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ജിതിന്‍, ഗിരിലാല്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഉടമ സുരേഷ് കല്ലടയെ വിളിച്ചുവരുത്താനും നിര്‍ദേശം നല്‍കി. വിഷയത്തില്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനുള്ള റിപ്പോര്‍ട്ട് കൊടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ബസ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

തിരുവനന്തപുരത്തു നിന്ന് ബെംഗളുരുവിലേക്ക് പുറപ്പെട്ട ബസ് ഹരിപ്പാട് എത്തിയപ്പോള്‍ ബ്രേക്ക് ഡൗണായി. ഏറെ നേരം കഴിഞ്ഞിട്ടും പകരം സംവിധാനം ഒരുക്കാന്‍ തയ്യാറാവാതിരുന്നതിനെ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമായത്. യാത്രക്കാരിലൊരാളായ അജയഘോഷ് ഹരിപ്പാട് സി.ഐയെ വിളിച്ച് പരാതിപ്പെട്ടതിനേത്തുടര്‍ന്ന് കമ്പനി പകരം
ബസ് ഏര്‍പ്പാടാക്കി. ഇതില്‍ ക്ഷുഭിതരായ ജീവനക്കാര്‍ കൂടുതല്‍ പേരെ സംഘടിപ്പിച്ച് ബസ് വൈറ്റിലയിലെത്തിയപ്പോള്‍ അജയഘോഷിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് രണ്ട് വിദ്യാര്‍ഥികളേയും മര്‍ദിച്ചത്. തിരുവനന്തപുരത്തു നിന്ന് മെക്കാനിക് വന്ന് ബസ് അറ്റകുറ്റപ്പണി ചെയ്താല്‍ കമ്പനിക്ക് 2000 രൂപമാത്രമേ ചിലവ് വരുമായിരുന്നുള്ളൂ. താന്‍ കാരണം കമ്പനിക്ക് 30000 ലേറെ രൂപ ചിലവ് വന്നുവെന്ന് ഡ്രൈവര്‍ മര്‍ദിക്കുന്നതിനിടെ പറഞ്ഞതായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അജയഘോഷ് പറഞ്ഞു.

RANDOM NEWS

Kodiyeri

വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവം: ഒരു പ്രതിയേയും സംരക്ഷിക്കില്ല, അന്വേഷണത്തില്‍ ഇടപെടില്ല കോടിയേരി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഖിലിന് കുത്തേറ്റ സംഭവത്തില്‍ പ്രതികളില്‍ ആരേയും സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി …