Friday , March 22 2019
Breaking News

കാണിയൂര്‍ പാത യാഥാര്‍ത്ഥ്യമാകും ; പകുതി വിഹിതം സംസ്ഥാനം വഹിക്കും

Railwayകാഞ്ഞങ്ങാട്: സ്വപ്‌ന പദ്ധതിയായ കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പ്പാത ഒടുവില്‍ യാഥാര്‍ത്ഥ്യമാകുന്നു. പാത നിര്‍മ്മാണത്തിന്റെ പകുതി വിഹിതം സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും റെയില്‍വേ മന്ത്രാലയത്തിന് രേഖാമൂലം കത്ത് നല്‍കി. ഇതോടെയാണ് കാണിയൂര്‍ പാതക്ക് വീണ്ടും ജീവന്‍വെക്കുന്നത്.

കാഞ്ഞങ്ങാട്-കാണിയൂര്‍ പാതക്ക് റെയില്‍വേ ചെന്നൈ ഡിവിഷന്റെ നേതൃത്വത്തില്‍ പ്രാഥമിക സര്‍വ്വെ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ സര്‍വ്വേ റിപ്പോര്‍ട്ടും ശുപാര്‍ശയും റെയില്‍വേ മന്ത്രാലയത്തിനും കേന്ദ്ര സര്‍ക്കാറിനും ലഭിക്കാത്തതിനാല്‍ ഇതുവരെയും ബഡ്ജറ്റില്‍ വെക്കാന്‍ കഴിഞ്ഞിട്ടില്ല. പാത നിര്‍മ്മാണത്തിന്റെ പകുതി ചിലവ് വഹിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കാത്തതിനാലാണ് സര്‍വ്വെ റിപ്പോര്‍ട്ട് ഫയലില്‍ ഒതുങ്ങിയത്. ഇതിനിടയില്‍ കഴിഞ്ഞ ജനുവരിയില്‍ അടുത്ത 5-10 വര്‍ഷത്തില്‍ ഏറ്റെടുക്കാവുന്ന റെയില്‍വേയിലെ പ്രധാന പദ്ധതികള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കാണിയൂര്‍പാത ഉണ്ടായിരുന്നില്ല. പകരം മൈസൂര്‍ റെയില്‍വേ ലൈനുമായി ബന്ധപ്പെടുത്തി തലശേരി – പെരിയപട്ടണം പാതക്കാണ് പ്രഥമ പരിഗണ നല്‍കിയിട്ടുള്ളത്. കേന്ദ്ര ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി അഞ്ച് പദ്ധതികള്‍ സമര്‍പ്പിക്കണമെന്നായിരുന്നു കേന്ദ്രം നിര്‍ദ്ദേശിച്ചത്.
പെരിയപട്ടണത്തിന് പുറമെ തിരുവനന്തപുരത്തു നിന്ന് കാസര്‍കോട്ടേക്കുള്ള മൂന്നും നാലും ലൈന്‍ നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശവും കോട്ടയം വഴി 586.65 കി.മീറ്റര്‍ നീളമുള്ള മേല്‍പ്പാലം നിര്‍മ്മിക്കാനും 610 കി.മീ നീളത്തില്‍ കാസര്‍കോട്ടെത്താവുന്ന വളവും തിരിവുമില്ലാത്ത രണ്ടുവരി മേല്‍പ്പാത നിര്‍മ്മിക്കാനുമാണ് നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെയാണ് കാഞ്ഞങ്ങാട് കാണിയൂര്‍ പാത എന്ന സ്വപ്‌നത്തിന് കരിനിഴല്‍ വീണത്.
എന്നാല്‍ പി കരുണാകരന്‍ എംപി ഇതു സംബന്ധിച്ച് മൂന്നു തവണ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കുകയും കാണിയൂര്‍ പാതയുടെ സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കാഞ്ഞങ്ങാട് കഴിഞ്ഞമാസം മുഖ്യമന്ത്രി പൗരപ്രമുഖരുമായി നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന പ്രധാന ആവശ്യവും കാണിയൂര്‍പാത യാഥാര്‍ത്ഥ്യമാക്കണമെന്നായിരുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യത്തില്‍ അനുകൂലമായ നിലപാട് കൈക്കൊള്ളാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.
ഇതിനു പിന്നാലെയാണ് കാണിയൂര്‍പാതയുടെ പകുതി വിഹിതം നല്‍കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് റെയില്‍വേ മന്ത്രാലയത്തിന് രേഖാമൂലം ഉറപ്പ് നല്‍കിയത്. നിര്‍മ്മാണത്തിന്റെയും ഭൂമി ഏറ്റെടുക്കലിന്റെയും പകുതി തുക സംസ്ഥാനം വഹിക്കാമെന്ന് സമ്മതിച്ചതോടെ ഇനി പാത നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് വേഗതയേറും. വി എസ് അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ കാണിയൂര്‍പാതയുടെ പകുതി വിഹിതം സംസ്ഥാനം വഹിക്കാമെന്ന് കേന്ദ്രത്തിന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ കാലാവധി അവസാനിച്ചതാണ് കാണിയൂര്‍പാതയെ അനിശ്ചിതത്വത്തിലാക്കിയത്.
തടസ്സങ്ങള്‍ നീങ്ങിയതോടെ അടുത്ത ബഡ്ജറ്റില്‍ തന്നെ കാണിയൂര്‍പാതയെ ഉള്‍പ്പെടുത്താന്‍ കഴിയുമെന്ന് പി കരുണാകരന്‍ എംപി മലബാര്‍ വാര്‍ത്തയോട് പറഞ്ഞു. ഇതോടെ കാണിയൂര്‍പാത നിര്‍മ്മാണത്തിനുള്ള കേരളത്തിന്റെ തടസ്സങ്ങളെല്ലാം നീങ്ങിയെങ്കിലും പാതയുടെ 30 ശതമാനം കര്‍ണാടകത്തിലായതിനാല്‍ കര്‍ണാടക സര്‍ക്കാറിന്റെ അനുമതി കൂടി വാങ്ങേണ്ടതുണ്ട്. കാണിയൂര്‍പാത നിര്‍മ്മാണവുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് പി കരുണാകരന്‍ എംപി അന്നത്തെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയയ്യുമായി പലവട്ടം ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യത്തില്‍ അനുകൂല നിലപാടും കര്‍ണാടക മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. കര്‍ണാടകത്തില്‍ അധികാരമാറ്റം വന്നതോടെ ഇക്കാര്യത്തില്‍ വീണ്ടും ഇടപെടല്‍ നടത്തേണ്ടതുണ്ട്.
രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് ഗുണകരമായതും സാമ്പത്തികമായി ലാഭകരവുമായ കാണിയൂര്‍ പാതക്ക് 1200 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. 90 കി.മി ദൈര്‍ഘ്യമുള്ള കാണിയൂര്‍പാത വടക്കേ മലബാറിലെ ജനങ്ങള്‍ക്ക് ബംഗളൂരില്‍ എത്തിച്ചേരാന്‍ ഇന്നുള്ളതിന്റെ പകുതി സമയം മാത്രമേ വേണ്ടി വരികയുള്ളൂ.
വിദ്യാഭ്യാസത്തിനും ചികിത്സക്കും കച്ചവടത്തിനുമായി ധാരാളം ആളുകള്‍ കര്‍ണാടകവുമായി ബന്ധപ്പെടുന്നുണ്ട്. ഇതിനു പുറമെ ധാരാളം വിനോദ സഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെടാനും പാത ഗുണകരമാകും.

RANDOM NEWS

Nileshwram

ബസ് സ്റ്റാന്റ് പൊളിച്ചു; കാത്തിരിപ്പ് കേന്ദ്രം തുറന്നു ; വൈദ്യുതി തൂണുകള്‍ മധ്യത്തിലായി

നീലേശ്വരം: ബഹുനില മന്ദിരമായി നീലേശ്വരം മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പുതുക്കി പണിയാന്‍ പഴയ കെട്ടിടം പൊളിക്കുകയും പുതിയ കാത്തിരിപ്പ് കേന്ദ്രം …