Wednesday , September 30 2020
Breaking News

കാപ്പില്‍ മുതല്‍ ജന്മവരെ കടലേറ്റം രൂക്ഷം; ഭയപ്പാടോടെ തീരദേശവാസികള്‍

പാലക്കുന്ന്: ഉദുമയുടെ തീരപ്രദേശങ്ങളായ കാപ്പില്‍, കൊപ്പല്‍, കൊവ്വല്‍, ജന്മഭാഗങ്ങളില്‍ കടലേറ്റം നാള്‍ക്കുനാള്‍ ശക്തിപ്രാപിക്കുമ്പോള്‍ ഭയപ്പാടോടെ കഴിയുകയാണ് ഒട്ടേറെ കുടുംബങ്ങള്‍. രാത്രിയില്‍ കാതടപ്പിക്കുംവിധമാണ് കടല്‍ത്തിരമാലകളുടെ ശബ്ദം.

എല്ലാവരുടെയും ശ്രദ്ധ പ്രളയക്കെടുതിയിലേക്കായപ്പോള്‍ കടലേറ്റദുരിതങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന തീരപ്രദേശത്തെ നൂറോളം കുടുംബങ്ങള്‍ തങ്ങളുടെ ദുരിതം ആരോടുപറയും എന്നറിയാതെ ഉഴലുകയാണ്. ഇരുനൂറോളം തേങ്ങ കായ്ക്കുന്ന തെങ്ങുകളും തൈകളും കടപുഴകി കടപ്പുറത്ത് വീണുകിടക്കുന്നുണ്ട്.

ഈനില തുടര്‍ന്നാല്‍ തിരമാലകള്‍ തങ്ങളുടെ വീടുകളും കൊണ്ടുപോകുമോ എന്ന ആധിയിലാണ് ഇവിടങ്ങളിലെ താമസക്കാര്‍. മുഹമ്മദ്കുഞ്ഞിയുടെയും മാണിക്കം പക്കിരന്റെയും മുപ്പതോളം തെങ്ങുകളാണ് ഇതിനകം കടല്‍ വിഴുങ്ങിയത്. വെള്ളച്ചി സിലോണ്‍, കോരന്‍ കടപ്പുറം, ഇരിയണ്ണി മാധവി, കെ.സി.കൃഷ്ണന്‍, ഗോപാലന്‍ അപ്പണച്ചന്‍, കണ്ണന്‍ ചക്കര, ബാലകൃഷ്ണന്‍ കടപ്പുറം, വെള്ളച്ചി അപ്പണന്‍, കണ്ണന്‍ ബാലംകൈ, ആണ്ടി ബാബു, കണ്ണന്‍ പക്കീരന്‍, കൃഷ്ണന്‍ ചക്കര, ബിജു ചാപ്പ തുടങ്ങിയവരുടെയും ഒട്ടേറെ തെങ്ങുകള്‍ തിരമാല പിഴുതെറിഞ്ഞിട്ടുണ്ട്.

തീരത്തോടുചേര്‍ന്നുള്ള വയലിലേക്ക് കടല്‍കയറിയാല്‍ തുടര്‍ന്നുണ്ടാകുന്ന ദുരന്തം ഗുരുതരമാകുമെന്ന ഭയപ്പാടിലാണ് തീരദേശവാസികള്‍. തീരദേശ സംരക്ഷണ സമിതിയുടെ ചെയര്‍മാന്‍ അശോകന്റെയും കണ്‍വീനര്‍ ശ്രീധരന്‍ കാവുങ്കാലിന്റെയും നേതൃത്വത്തില്‍ കടലേറ്റംമൂലമുള്ള കഷ്ടനഷ്ടങ്ങള്‍ ജില്ലാ കളക്ടറെ നേരില്‍ക്കണ്ട് കഴിഞ്ഞദിവസം ബോധിപ്പിച്ചിരുന്നു.

സംഭവത്തിന്റെ ഗൌരവം മനസ്സിലാക്കിയ കളക്ടര്‍ ഉടന്‍തന്നെ ഇവരോട് കാസര്‍കോട് ഹാര്‍ബര്‍ വകുപ്പ് ഓഫീസുമായി ബന്ധപ്പെടാന്‍ നിവേദകസംഘത്തിന് നിര്‍ദേശംനല്‍കി.
അതേസമയം കാപ്പില്‍മുതല്‍ ജന്മകടപ്പുറംവരെ കടലേറ്റദുരിതത്തിന് ശാശ്വതപരിഹാരം കാണാനുള്ള വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാനും തുടര്‍നടപടികള്‍ക്കും ഏതാനും മാസങ്ങള്‍ വേണ്ടിവരുമെന്ന് കാസര്‍കോട് ഹാര്‍ബര്‍ വകുപ്പ് ഓഫീസ് തീരദേശ സംരക്ഷണ സമിതിയുടെ നിവേദക സംഘത്തെ അറിയിച്ചു.

RANDOM NEWS

അന്താരാഷ്ട്ര ടൂറിസം ദിനം: തണല്‍ മരങ്ങള്‍ക്ക് സംരക്ഷണമൊരുക്കി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ്

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര ടൂറിസം ദിനത്തിന്റെ ഭാഗമായി ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിന്റെ കയ്യൊപ്പായ ബേക്കല്‍ കോട്ടക്ക് സമീപം നട്ടുപിടിപ്പിച്ച ചെടികള്‍ക്കും …