Friday , July 10 2020
Breaking News

സഹായ ഹസ്തം എത്തിത്തുടങ്ങി; സജീവമായി കളക്ഷന്‍ കേന്ദ്രങ്ങള്‍

കാസര്‍കോട് : കഴിഞ്ഞ ദിവസങ്ങളിലെ പേമാരിയില്‍ ദുരിതത്തിലായ ജില്ലയെയും സഹോദര ജില്ലകളിലെയും ജനങ്ങള്‍ക്ക് സാന്ത്വന സ്പര്‍ശം നല്‍കുന്നതിനായി ജില്ലയിലാരംഭിച്ച ദുരിതാശ്വാസ സഹായത്തിനുള്ള കളക്ഷന്‍ കേന്ദ്രങ്ങളിലേക്ക് നാടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് സഹായ ഹസ്തം എത്തിത്തുടങ്ങി. ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസിലെ കളക്ഷന്‍ സെന്ററിലും പടന്നക്കാട് കാര്‍ഷിക കോളേജിലെ ദുരിതാശ്വാസ സഹായ കേന്ദ്രത്തിലുമാണ് ദുരിതബാധിതര്‍ക്ക് വേണ്ടിയുള്ള സഹായങ്ങള്‍ സ്വീകരിക്കുന്നത്. ജില്ലയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സന്നദ്ധ പ്രവര്‍ത്തകരും കൂട്ടായ്മകളും യുവജന ക്ലബുകളും സ്ഥാപനങ്ങളും വ്യക്തികളുമാണ് സഹായ സഹകരണങ്ങളുമായി മുന്നോട്ട് വരുന്നത്. അരി,പഞ്ചസാര,ധാന്യങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍, ബിസക്കറ്റ്, കുട്ടികള്‍ക്കുള്ള പോഷകാഹാരങ്ങള്‍ തുടങ്ങിയ അവശ്യസാധനങ്ങളാണ് കളക്ഷന്‍ കേന്ദ്രങ്ങളിലേക്ക് നല്‍കുന്നത്. മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായി ജില്ലയില്‍ ആരംഭിച്ച ക്യാമ്പുകളിലേക്ക് വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് സാധനസാമഗ്രികള്‍ വിതരണം ചെയ്യുന്നുണ്ട്
റോട്ടറി ക്ലബ് കാഞ്ഞങ്ങാട്, ഡോ. കെ ജി പൈയുടെ നേതൃത്വത്തില്‍ ദുരിതബാധിതര്‍ക്കായി 80 ബെഡ്ഷീറ്റുകള്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്ക് ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഗുഡ്‌മോണിങ് കാസര്‍കോട് ചെയര്‍മാന്‍ ഹാരിസ് ചൂരിയുടെയും കണ്‍വീനര്‍ ബാലകൃഷ്ണന്‍ ചെന്നിക്കരയുടെയും നേതൃത്വത്തില്‍ ഒരു ടണ്‍ അരി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന് ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസ് കളക്ഷന്‍ സെന്ററില്‍ വെച്ച് നല്‍കി.
ഉദുമ വ്യാസ പാരലല്‍ കോളേജ് 94 ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഒരു കിന്റല്‍ അരിയുള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങളും കളക്ടര്‍ക്ക് കൈമാറി. അല്ലു അഹമ്മദ്, സുരേഷ് മണി, രാധാകൃഷ്ണന്‍ കളനാട്, റഹ്മാന്‍ മേല്‍പ്പറമ്പ്, അശോകന്‍ കീഴൂര്‍, മനോജ് പൂച്ചക്കാട്, ഹരിദാസ് പെരുമ്പള എന്നിവരാണ് വ്യാസ കോളേജ് 94 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിച്ച് എത്തിയത്
അസോസിയേഷന്‍ ഓഫ് എഞ്ചിനീയേഴ്‌സ് ഓഫ് കേരളയുടെ കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് രവികുമാറിന്റെയും സെക്രട്ടറി വൈശാഖ് ബാലന്റെയും നേതൃത്വത്തിലും ദുരിതാശ്വാസ സഹായം കളക്ടര്‍ക്ക് കൈമാറി.കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ് ഭാരവാഹികളായ ആന്റോ,ഡോ കൃഷ്ണ കുമാരി,രഞ്ചു മാരാര്‍,അംബിക, ബാലകൃഷ്ണന്‍ നമ്പ്യാര്‍ എന്നിവരുടെ നേതൃത്വത്തിലും അവശ്യ സാധനങ്ങള്‍ നല്‍കി.
സീതാംഗോളി കിന്‍ഫ്രയിലെ യൂണിറ്റ് മാനേജര്‍ പാലക്കാട് സ്വദേശി പി രഞ്ജിത്തും അവശ്യ സാധനങ്ങള്‍ നല്‍കി.കാഞ്ഞങ്ങാട് മണ്ഡലം എഐവൈഎഫ് ഭാരവാഹികളും കളക്ഷന്‍ സെന്ററിലേക്കുള്ള സാധനങ്ങള്‍ സബ് കളക്ടര്‍ അരുണ്‍ കെ വിജയന് നല്‍കി.

കളക്ഷന്‍ കേന്ദ്രങ്ങളില്‍ നിന്നും ആവശ്യാനുസരണം ഇതര ജില്ലകളിലേക്കും സഹായങ്ങള്‍ എത്തിക്കും.വെള്ളപ്പൊക്കത്തിലും ഉരുള്‍പ്പൊട്ടലിലും വീടും കിടപ്പാടവും നഷ്ടപ്പെട്ടവര്‍ക്ക് സഹായ സഹകരണം എത്തിക്കുന്നതിനായി പൊതുസമൂഹം ഇനിയും മുന്നോട്ട് വരണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ആവശ്യപ്പെട്ടു.

RANDOM NEWS

ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ വിദേശത്തു നിന്നും 3 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ : 15പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ വ്യാഴാഴ്ച (ജൂലൈ 9) ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എട്ടുപേര്‍ വിദേശത്ത് …