Monday , February 17 2020
Breaking News

ശബരിമല: സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട് -ഗവര്‍ണര്‍

തിരുവനന്തപുരം: സുപ്രീംകോടതി വിധി എന്തായാലും അത് നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്ന് ഗവര്‍ണര്‍ പി. സദാശിവം. അതിലെന്തെങ്കിലും പരാതിയുള്ള വ്യക്തികള്‍ക്കോ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കോ കോടതിയെ സമീപിക്കാനാകും. സുപ്രീംകോടതിയുടെ ശബരിമലവിധിയില്‍ സര്‍ക്കാരിന്റെ നിലപാട് സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയായാണ്
അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ശബരിമലവിധിയുമായി ബന്ധപ്പെട്ട് പുനഃപരിശോധനാ ഹര്‍ജികള്‍ നിലനില്‍ക്കുന്നതിനാല്‍ അതേക്കുറിച്ച് സംസാരിക്കുന്നത് കോടതിയലക്ഷ്യമാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്ഥാനമൊഴിയുന്നതിനു മുമ്പ് രാജ്ഭവനില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ ജുഡീഷ്യല്‍ സംവിധാനത്തിന്റെ സ്വതന്ത്രസ്വഭാവത്തിന് ഇന്നെന്തെങ്കിലും തടസ്സമുള്ളതായി വിശ്വസിക്കുന്നില്ല. സുപ്രീംകോടതി ജഡ്ജിമാരുടെ ജോലിവിഭജനം ഓരോരുത്തരുടെയും വൈദഗ്ധ്യം വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് നിര്‍വഹിക്കുന്നത്. പുറത്തുനില്‍ക്കുന്നവര്‍ക്ക് ഇതേപ്പറ്റി കൃത്യമായ ധാരണയില്ലാത്തതാണ് പ്രശ്നം. അവരാണ് വിവാദമുണ്ടാക്കുന്നത്. കൊളീജിയത്തില്‍ ചര്‍ച്ചയാകാത്ത കാര്യങ്ങളും അടുത്തദിവസം മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നു. ഇത് നല്ല പ്രവണതയല്ല. ഗവര്‍ണര്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഇംഗിതമനുസരിച്ച് പ്രവര്‍ത്തിക്കേണ്ടിവരുന്നുവെന്ന വിമര്‍ശനവും ശരിയല്ല. ഭരണഘടനാ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആര്‍ക്കും സാധിക്കില്ല.

ഗവര്‍ണറുടെ ചുമതല നിശ്ശബ്ദമാണ്. ക്രമസമാധാനപ്രശ്നം ഉടലെടുക്കുമ്പോഴാണ് പ്രധാനമായും ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യമുള്ളത്. യൂണിവേഴ്സിറ്റി കോളേജ്, പി.എസ്.സി. നിയമനം എന്നീ വിഷയങ്ങളില്‍ സ്വീകരിക്കാവുന്ന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പ് നല്‍കിയിട്ടുമുണ്ട്.

യോഗ്യത വിശദമായി പരിശോധിച്ച് മാത്രമേ എല്ലാ നിയമനങ്ങളും നടത്തിയിട്ടുള്ളൂ. സര്‍ക്കാരിന്റെ ശുപാര്‍ശ മറികടന്ന് കേരള സര്‍വകലാശാലാ സെനറ്റിലേക്ക് നാമനിര്‍ദേശംചെയ്ത രണ്ടുപേരും തത്സ്ഥാനത്ത് നിയമിതരാകാന്‍ പൂര്‍ണ യോഗ്യരായിരുന്നു. ഗവര്‍ണര്‍ എന്നനിലയില്‍ പൂര്‍ണസംതൃപ്തിയോടെയാണ് കാലാവധി പൂര്‍ത്തീകരിക്കുന്നതെന്നും സദാശിവം പറഞ്ഞു.

തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാര്‍സംവിധാനങ്ങള്‍ ഇല്ലാത്തപ്പോഴോ അത് പരാജയപ്പെടുമ്പോഴോ ആണ് ഗവര്‍ണര്‍മാര്‍ സംസ്ഥാനത്തിന്റ കാര്യത്തില്‍ ഇടപെടുന്നതെന്ന് രാജ്ഭവന്‍ ജീവനക്കാര്‍നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി യോജിച്ച് പ്രവര്‍ത്തിക്കാനായെന്നു പറഞ്ഞ അദ്ദേഹം രാജ്ഭവനില്‍ ചെയ്ത കാര്യങ്ങളും വിശദീകരിച്ചു.പ്രളയകാലത്ത് മലയാളികളില്‍ കണ്ട ഐക്യം കേരള പുനര്‍നിര്‍മാണത്തിലും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഈ ഐക്യമാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ദേവന്ദ്രകുമാര്‍ ദോഡാവത്ത്, ഡെപ്യൂട്ടി സെക്രട്ടറിമാരായ എല്‍.ആര്‍. സുമ, ആര്‍.കെ. മധു, കണ്‍േട്രാളര്‍ എസ്. ശാന്തി, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എസ് ഡി പ്രിന്‍സ് തുടങ്ങിയവര്‍ സംസാരിച്ചു

RANDOM NEWS

നെടുങ്കണ്ടം കസ്റ്റഡി മരണം: ഒന്നാംപ്രതി മുന്‍ എസ്ഐ സാബു അറസ്റ്റില്‍

കൊച്ചി: നെടുങ്കണ്ടത്തെ രാജ്കുമാര്‍ കസ്റ്റഡി മരണക്കേസില്‍ ഒന്നാം പ്രതിയായ മുന്‍ എസ്ഐ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു. ഹൈക്കോടതി അനുവദിച്ച …