Friday , May 24 2019
Breaking News
AGC-Basheer

കുഷ്ഠരോഗ നിര്‍ണയ ക്യാമ്പയിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടില്‍ നിന്ന് തുടക്കം

കാസര്‍കോട് : ഒളിഞ്ഞുകിടക്കുന്ന കുഷ്ഠരോഗികളെ കണ്ടെത്തി ചികിത്സയ്ക്കു വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കുഷ്ഠരോഗ നിര്‍ണയ പ്രചാരണ പരിപാടിയായ ‘അശ്വമേധ’ത്തിനു ജില്ലയില്‍ തുടക്കമായി. കുഷ്ഠരോഗ നിര്‍ണയ ക്യാമ്പയിനിന്റെ ഭാഗമായുള്ള ഗൃഹസന്ദര്‍ശന പരിപാടിയുടെ ജില്ലാതലപരിപാടിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീറിന്റെ വീട് സന്ദര്‍ശിച്ച് അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും പരിശോധിച്ചു തുടക്കമിട്ടു. കുഷ്ഠരോഗത്തെക്കുറിച്ചും രോഗം വന്നാല്‍ ചികിത്സിച്ചുമാറ്റുന്നതിനെക്കുറിച്ചും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ ഷാജികുമാര്‍ വിശദീകരിച്ചുകൊടുന്നു.

ആരോഗ്യവകുപ്പിന്റെ ഈ ദൗത്ത്യത്തില്‍ ജില്ലയിലെ മുഴുവന്‍ ജനങ്ങളുടേയും സഹകരണമുണ്ടാകണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ഥിച്ചു. ശരീരത്തില്‍ സംശയകരമായ പാടുകളോ തടിപ്പുകളോ എന്തെങ്കിലും കണ്ടെത്തിയാല്‍ വീട്ടിലെത്തുന്ന ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആശ പ്രവര്‍ത്തകയും പരിശീലനം ലഭിച്ച വോളണ്ടിയറും ചേര്‍ന്നാണു പരിശോധനകള്‍ നടത്തിയത്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പത്മജ, വാര്‍ഡ് മെമ്പര്‍ തഹസീറ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വി സുധീന്ദ്രന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍ മുട്ടത്ത്, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ അരുണ്‍ലാല്‍, ജെ.പി.എച്ച്.എന്‍ റജില തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേയും അധ്യക്ഷന്മാരുടെയും വീടുകളിലെത്തി പഞ്ചായത്ത് തല പരിപാടികള്‍ക്കും ഇതോടെ തുടക്കമായി.

ഈ മാസം 18നകം ജില്ലയിലെ എല്ലാ വീടുകളിലുമെത്തി പരിശോധന നടത്തും. പരിശീലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകര്‍ മുഖേന വീടുകളില്‍ സന്ദര്‍ശിച്ചു കുഷ്ഠരോഗ സംബന്ധമായ ത്വക് പരിശോധനയാണു നടത്തുന്നത്. രാവിലെയും വൈകിട്ടുമാകും പരിശോധന. ഒരു ആശ പ്രവര്‍ത്തക അല്ലെങ്കില്‍ സന്നദ്ധപ്രവര്‍ത്തകയും ഒരു പുരുഷ സന്നദ്ധപ്രവര്‍ത്തകനും അടങ്ങുന്നതാണ് ഒരു ടീം. ജില്ലയില്‍ ഇത്തരത്തില്‍ 1297 ടീമുകളാണു വീടുകളിലെത്തുന്നത്. സംഘത്തെ സൂപ്പര്‍വൈസ് ചെയ്യുന്നതും ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംശയമുള്ളവരെ വിശദമായ പരിശോധിക്കുന്നതും ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരും പബ്‌ളിക് ഹെല്‍ത്ത് നഴ്‌സ്മാരുമാണ്. രോഗം കണ്ടെത്തുന്നവര്‍ക്ക് ആവശ്യമായ ചികിത്സ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാക്കും. ആറു മാസം തുടര്‍ച്ചായി മരുന്ന് കഴിച്ചാല്‍ രോഗം പൂര്‍ണ്ണമായും മാറ്റുവാന്‍ കഴിയും. രണ്ടു വയസിനു മുകളിലുള്ള എല്ലാവരുടേയും ശരീര പരിശോധന നടത്തുകയും തൊലിപ്പുറത്ത് സ്പര്‍ശനശേഷി കുറഞ്ഞു നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍, കട്ടി കൂടിയ തിളക്കമുള്ള ചര്‍മ്മം, വേദനയില്ലാത്ത വ്രണങ്ങള്‍, കൈകാലുകളില്‍ മരവിപ്പ്, വൈകല്യങ്ങള്‍, കണ്ണടയ്ക്കാനുളള പ്രയാസം എന്നിവ ഉണ്ടോ എന്നു കണ്ടുപിടിക്കുകയും ചെയ്യും.

കുഷ്ഠരോഗം ആരംഭത്തില്‍തന്നെ കണ്ടെത്തി ചികിത്സിക്കാന്‍ കഴിഞ്ഞാല്‍ രോഗംമൂലമുള്ള അംഗവൈകല്യം വരുന്നതു തടയുവാന്‍ കഴിയും. അതേസമയം ഏതുഘട്ടത്തില്‍ കണ്ടുപിടിച്ചാലും രോഗം പൂര്‍ണമായി ചികിത്സിച്ചു മാറ്റാനാകും.

RANDOM NEWS

Smirthi-andf-Rahul

അമേഠിയില്‍ അടിപതറി രാഹുല്‍ഗാന്ധി; ഇത് സ്മൃതി ഇറാനിയുടെ മധുരപ്രതികാരം

ന്യൂഡല്‍ഹി: വാശിയേറിയ മത്സരം നടന്ന ഉത്തര്‍പ്രദേശിലെ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തോല്‍വി. കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായസ്മൃതി ഇറാനിയോട് …