Friday , May 24 2019
Breaking News
LDF

ജന്മനാടിന്റെ സ്‌നേഹാഭിവാദ്യം ഏറ്റുവാങ്ങി കെ പി സതീഷ്ചന്ദ്രന്റെ പര്യടനം .

നീലേശ്വരം : ജന്മനാടിന്റെ സ്‌നേഹാഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി സതീഷ്ചന്ദ്രന്‍. ജനിച്ചുവളര്‍ന്ന നീലേശ്വരം പട്ടേനയില്‍ ഊഷ്മളമായ വരവേല്‍പാണ് ശനിയാഴ്ച ലഭിച്ചത്. അടുത്തറിയുന്ന നാട്ടുകാര്‍ ഏറെ ആവേശത്തോടെയാണ് തങ്ങളുടെ സ്വന്തം സ്ഥാനാര്‍ഥിക്ക് വിജയാശംസ നേരാന്‍ കാത്തിരുന്നത്. ചിരപരിചതരുടെ മുന്നില്‍ വോട്ടഭ്യര്‍ഥനയൊന്നുമുണ്ടായില്ല. സുഖവിവരങ്ങള്‍ തിരക്കി ഓരോ വീടുകളിലും സതീഷ്ചന്ദ്രനെത്തി. പട്ടേനയുടെ മനസ്സറിഞ്ഞ പൊതുപ്രവര്‍ത്തകന്‍ സ്വതസിദ്ധമായ പുഞ്ചിരിയുമായി നാടിന്റെ മുഴുവന്‍ പിന്തുണയും ഉറപ്പിച്ചാണ് പര്യടനം തുടര്‍ന്നത്.
നീലേശ്വരം പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഐ എം നേതാവുമായിരുന്ന എന്‍ കെ കുട്ടന്റെ വീട്ടിലാണ് ആദ്യമെത്തിയത്. സഖാവിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം സൗഹൃദം പങ്കിട്ടു. സ്വാതന്ത്ര്യസമര സേനാനി കെ ആര്‍ കണ്ണന്റെ ആശിര്‍വാദം വാങ്ങാനെത്തുമ്പോള്‍ സ്ഥാനാര്‍ഥിയെ കാണാനും വര്‍ത്തമാനം പറയാനുമായി ഒട്ടേറെ പേര്‍ കാത്തിരിപ്പുണ്ടായിരുന്നു. വാര്‍ധക്യത്തിന്റെ അവശത കൂസാതെ സ്ഥാനാര്‍ഥിയുടെ കരം ഗ്രഹിച്ച കെ ആര്‍ കണ്ണന്‍ വിജയം നേര്‍ന്നാണ് യാത്രയാക്കിയത്. ആദ്യക്ഷരം ഉള്‍പ്പെടെ അറിവിന്റെ പടവ് ചവിട്ടാന്‍ പ്രാപ്തരാക്കിയ പ്രിയ ഗുരുനാഥന്മാരുടെ അടുത്തേക്കായിരുന്നു അടുത്ത യാത്ര. കെ സി മാനവവര്‍മ രാജ, കുഞ്ഞികൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ എന്നിവരുടെ വീടുകളിലെത്തി അനുഗ്രഹം തേടി. ജയിച്ചുവരുമെന്ന ആശിര്‍വാദത്തോടെ ഇവരെല്ലാം സ്‌നേഹാശംസ നേര്‍ന്നു. സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഇ വി സിയുടെ വീടും സന്ദര്‍ശിച്ചു. വടക്കേക്കാട്, പാലായി ചിറപ്പുറം, പള്ളിക്കര, നീലേശ്വരം കിഴക്കന്‍കൊഴുവല്‍ ദിനേശ് ബീഡി കമ്പനികള്‍, പിലിക്കോട് കാര്‍ഷിക ഫാം, നീലേശ്വരം സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന ശേഷം നീലേശ്വരം ടൗണിലെ സ്ഥാപനങ്ങളിലും കടകളിലും കയറി വോട്ടഭ്യര്‍ഥിച്ചു.
എം രാജഗോപാലന്‍ എംഎല്‍എ, കെ പി വത്സലന്‍, ടി വി ഗോവിന്ദന്‍, ഇ കുഞ്ഞിരാമന്‍, കെ ബാലകൃഷ്ണന്‍, പ്രൊഫ. കെ പി ജയരാജന്‍, എ വി സുരേന്ദ്രന്‍, സി സുരേശന്‍, എന്‍ അമ്പു, പി മനോഹരന്‍, കെ പി രവീന്ദ്രന്‍, പി പി മുഹമ്മദ് റാഫി, കെ വി ദാമോദരന്‍, കെ നാരായണന്‍, കെ രാഘവന്‍, ടി വി ശാന്ത, ജോണ്‍ ഐമണ്‍, പി വിജയകുമാര്‍, സി രാഘവന്‍, സുരേഷ് പുതിയേടത്ത്, റഫീക്ക് കോട്ടപ്പുറം എന്നിവര്‍ കൂടെയുണ്ടായിരുന്നു.

RANDOM NEWS

Unnithan

കാസര്‍കോട്ട് അട്ടിമറി വിജയം നേടി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ; 41847 വോട്ടുകളുടെ ഭൂരിപക്ഷം

കാസര്‍കോട് : ഉണ്ണിത്താന് അട്ടിമറി ജയം. 41,847 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫിലെ കെ.പി. സതീഷ് ചന്ദ്രനെ പരാജയപ്പെടുത്തിയത്. ഉണ്ണിത്താന് 4,73,831 ഉം …