Sunday , June 16 2019
Breaking News
LDF

കെ പി സതീഷ്ചന്ദ്രന്റെ തിരഞ്ഞെടുപ്പ് പര്യടനം -ആവേശം വാനോളം

മഞ്ചേശ്വരം : പുത്തിഗെയിലെ ചുവന്ന ഗ്രാമമായ ഖത്തീബ് നഗര്‍ ജന്മിത്വത്തിനെതിരെയുള്ള സമരത്തില്‍ ചുവന്നതാണ്. ഖത്തീബ്‌നഗര്‍ ചെങ്കൊടികളാലും അലങ്കാരങ്ങളാലും ചുവന്ന് തുടുത്തിരിക്കുന്നു. നാടാകെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി സതീഷ്ചന്ദ്രന്റെ പ്രചാരണബോര്‍ഡുകളും പോസ്റ്ററുകളും. എ കെ ജി ആയിരുന്നു വഴികാട്ടി. യു അബ്ദുള്‍ റഹ്മാന്‍ മാസ്റ്റര്‍, ബി കെ മാസ്റ്റര്‍, കെ എസ് അബ്ദുറഹ്മാന്‍, വൈ അനന്തന്‍ മാസ്റ്റര്‍, ഡി കുമാരന്‍ അടക്കമുള്ള നേതാക്കളാണ് ചെങ്കൊട്ടക്ക് അസ്ഥിവാരമിട്ടവര്‍. അധ്യാപകരുടെ പേരില്‍ അഭിമാനം കൊള്ളുന്ന നാട്ടില്‍ വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റമുണ്ടാക്കിയത് പുരോഗമന പ്രസ്ഥാനങ്ങളുടെ കരുത്തില്‍.
സന്തോഷമുള്ള ഒരു കാര്യം പറയാം. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ സദസിനോട് പറഞ്ഞു. എല്ലാവരും കൗതുകത്തോടെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തിരുന്നു. ഇവിടെ ആരൊക്കെയാണ് തൊഴിലുറപ്പ് തൊഴിലാളികളുള്ളത്. തൊഴിലാളികള്‍ കൈപൊക്കി. തൊഴിലാളികള്‍ക്കുള്ള ആറു മാസത്തെ കുടിശ്ശിക കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയന്‍ നിരന്തരം നടത്തിയ ഇടപെടലിലാണ് 1512 കോടി രൂപ അനുവദിച്ചത്. കേന്ദ്രം തന്നില്ലെങ്കില്‍ തങ്ങള്‍ നല്‍കാമെന്നും പിന്നീട് നല്‍കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയപ്പോഴാണ് കേന്ദ്രം വഴങ്ങിയത്. വിഷുവിന് മുമ്പ് എല്ലാവരുടെയും അക്കൗണ്ടുകളില്‍ ആറു മാസത്തെ പണിക്കൂലി എത്തും. കര്‍ഷകര്‍ക്ക് 6000 രൂപ നല്‍കുമെന്ന് പറഞ്ഞ മോഡി രണ്ടായിരം മാത്രമാണ് തന്നത്. ബാക്കി കിട്ടുമോയെന്ന് അറിയില്ല. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ ഒരു വര്‍ഷം 14,400 രൂപ കൃത്യമായി നല്‍കുന്നു. 53 ലക്ഷം പേര്‍ക്കാണ് വിഷുവിന് മുമ്പ് പെന്‍ഷന്‍ ലഭിക്കുക. സര്‍വേക്കാര്‍ പറയുന്നു കാസര്‍കോട് യുഡിഎഫിന് കിട്ടുമെന്ന്. പച്ചക്കള്ളം. 15 തെരഞ്ഞെടുപ്പില്‍ 12 തവണയും എല്‍ഡിഎഫ് ജയിച്ച മണ്ഡലമാണിത്. ഇടതുപക്ഷത്തിന്റെ കൊട്ട കൊത്തളമാണിത്. ആര്‍ക്കും തോല്‍പ്പിക്കാനാകില്ല. സദസില്‍ കരഘോഷം.
സ്ഥാനാര്‍ഥിലെ ചുവന്ന മുണ്ടുടുത്ത യുവാക്കള്‍ ആനയിച്ചാണ് കൊണ്ടുവന്നത്. മുദ്രാവാക്യത്തിന്റെയും പടക്കത്തിന്റെ പെരുക്കം. എല്‍ഡിഎഫ് പാര്‍ലമെന്റ്മണ്ഡലം സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ സര്‍വേയെന്ന് പേരില്‍ നടക്കുന്ന പെയ്ഡ് സര്‍വേകളെ പൊളിച്ചടുക്കുകയാണ്. യുഡിഎഫിനും എന്‍ഡിഎക്കും അവരുടെ കൂട്ടാളികള്‍ക്കും മാധ്യമങ്ങളെ വിലക്കെടുക്കാനാകും. എന്നാല്‍ പ്രബുദ്ധരായ വോട്ടര്‍മാരെ അതിന് കിട്ടില്ല. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇത് തെളിഞ്ഞതാണെന്ന് രാജേഷ്. കുമ്പള, ഉപ്പള, മഞ്ചേശ്വരം റെയില്‍വേ സ്‌റ്റേഷനുകളുടെ സൗകര്യം വര്‍ധിപ്പിക്കുമെന്നും കൂടതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കാന്‍ ശ്രമിക്കുമെന്നും കെ പി സതീഷ്ചന്ദ്രന്‍.
ചൊവ്വാഴ്ച ഉച്ചക്ക് ശേഷം പെര്‍ളയില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. സ്വീകരിക്കാന്‍ നൂറുകണക്കിനാളുകള്‍ എത്തി. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് ചെലവിലേക്ക് അധ്യാപകനായ സിപിഐ എം കുമ്പള ഏരിയാ കമ്മിറ്റി അംഗം കെ സുധാകര ഒരുമാസത്തെ ശമ്പളം കൈമാറി. കര്‍ഷക സമരങ്ങളുടെ മണ്ണിലുടെയായിരുന്നു തുടര്‍ന്നുള്ള സ്വീകരണം. യുഡിഎഫും ബിജെപിയും വിട്ട നിരവധി യുവാക്കള്‍ അവരുടെ കേന്ദ്രങ്ങളില്‍ കെ പി സതീഷ്ചന്ദ്രനെ സ്വീകരിക്കാനെത്തി. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് മണ്ഡലം ചെയര്‍മാന്‍ ബി വി രാജന്‍, കണ്‍വീനര്‍ ഡോ. വി പി മുസതഫ, കെ ആര്‍ ജയാനന്ദ, പി രഘുദേവന്‍, എം ശങ്കര്‍റൈ, അബ്ദുറസാഖ് ചിപ്പാര്‍, സി എ സുബൈര്‍, രാമകൃഷ്ണ കടമ്പാര്‍, ജയരാമ ബള്ളംകൂടല്‍, റിയാസ് അമലടുക്കകം, സുരേഷ് പതിയേടത്ത്, ജോണ്‍ ഐമന്‍, വി കെ രമേശന്‍, സജിതറൈ എന്നിവര്‍ സംസാരിച്ചു.

RANDOM NEWS

Kadannapally

വഗ്ഗീയത ഇല്ലാതാക്കാന്‍ സാസ്‌കാരികാവബോധത്തിന് ഊന്നല്‍ നല്‍കണം ; കടന്നപ്പല്‌ളി

പാലക്കുന്ന്: നമ്മുടെ മനസിനകത്താണ് വര്‍ഗീയത അടക്കമുള്ള എല്ലാ ദുഷ്ടചിന്തകളും പിറവിയെടുക്കുന്നതെന്ന് മന്ത്രി വഗ്ഗീയത ഇല്ലാതാക്കാന്‍ സാസ്‌കാരികാവബോധത്തിന് ഊന്നല്‍ നല്‍കണം ; …