Tuesday , December 12 2017
Breaking News
Mohan-Bagavath

കേരളത്തില്‍ ജിഹാദി പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്ന് മോഹന്‍ ഭാഗവത്

നാഗ്പുര്‍: കേരളത്തിലും ബംഗാളിലും ജിഹാദി പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ജനങ്ങള്‍ ഇതിനെ പ്രതിരോധിക്കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ കടമ നിര്‍വഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്തെ വിജയദശമി റാലിയെ അഭിസംബോധന ചെയ്ത്
സംസാരിക്കുകയായിരിന്നു അദ്ദേഹം. ജിഹാദികളെ നേരിടുന്നതില്‍ കേരളാ, ബംഗാള്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തില്‍ അടുത്തിടെ ചര്‍ച്ചയായ ഐഎസ് റിക്രൂട്ട്മെന്റ്, ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം. വോട്ടുബാങ്ക് ലക്ഷ്യം വെച്ച് രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാനാണ് രാജ്യവിരുദ്ധ ശക്തികള്‍ക്ക് സഹായം ചെയ്യുന്നതെന്നും ഭാഗവത് ആരോപിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം കൈകാര്യം ചെയ്യുന്നതിലും അതിര്‍ത്തി കടന്നുള്ള ഭീകരവാദം, വിഘടനവാദം എന്നിവ കൈകാര്യം ചെയ്യുന്നതിലും മോദി സര്‍ക്കാര്‍ വിജയിച്ചുവെന്നും മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. കശ്മീരിനെ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമാക്കാന്‍ നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന നിര്‍ണായക ആവശ്യവും അദ്ദേഹം ഉയര്‍ത്തുകയുണ്ടായി. ഇതാദ്യമായാണ് ആര്‍എസ്എസിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു ആവശ്യം ഉയരുന്നത്.

കോളനി സ്വഭാവത്തില്‍ നിന്ന് രാജ്യത്തെ ജനങ്ങള്‍ പുറത്തുവരണം, ഇന്ത്യ അതിവേഗം വികസനത്തിലേക്ക് നീങ്ങുകയാണ്, ലോകത്തിലെ പ്രധാന ശക്തികളിലൊന്നായി രാജ്യം മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ മോഹന്‍ ഭാഗവത് രാജ്യം സാമ്പത്തികമായി മുന്നേറുകയാണെന്നും അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ നയങ്ങളിലും മാനദണ്ഡങ്ങളിലും പുനര്‍വിചിന്തനം ആവശ്യമാണെന്നും രാജ്യത്തിന്റെ ആവശ്യമനുസരിച്ചുള്ള ഏകീകൃത മാതൃക വേണമെന്നും മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു.

റോഹിങ്ഗ്യകള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഗോ സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങളെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം ഗോ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം റാലിയില്‍ വിശദീകരിച്ചു. മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പശു സംരക്ഷണത്തിനായി മുന്നോട്ടുവന്നുകൊണ്ടിരിക്കുകയാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

RANDOM NEWS

Prime-minister

സ്വന്തം ശക്തി കൊണ്ട് ജയിക്കണം; ഞങ്ങളെ വലിച്ചിഴയ്ക്കരുത്: മോദിക്കെതിരെ പാകിസ്താന്‍

ഇസ്ലാമാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ പാകിസ്താന്‍ ശ്രമിക്കുന്നുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിനെതിരെ പാകിസ്താന്‍ രംഗത്ത്. ആരോപണം അടിസ്ഥാനരഹിതമാണെന്നും തങ്ങളെ …