Wednesday , January 29 2020
Breaking News

ദുരന്തനിവാരണം: വളണ്ടറി യുവജന കര്‍മ്മസേന യോഗം ചേര്‍ന്നു

കാസര്‍കോട് : അടിയന്തര ഘട്ടങ്ങളില്‍ സാമൂഹിക പ്രതിബദ്ധതയോടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച കേരള വളണ്ടറി യൂത്ത് ആക്ഷന്‍ ഫോഴ്‌സിന്റെ ജില്ലാതല യോഗം ചേര്‍ന്നു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച യോഗം എഡിഎം എന്‍ ദേവിദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനം നേരിട്ട നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ ഫലപ്രദമായി അതിജീവിക്കാന്‍ സാധിച്ചത് പൊതുസമൂഹം ഏക മനസ്സോടെ കൈകോര്‍ത്തതിനാലാണെന്ന് എഡിഎം പറഞ്ഞു. പ്രളയം പോലെയുള്ള അടിയന്തര ഘട്ടങ്ങളില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുന്നതിന് പരിശീലനം ലഭിച്ച കര്‍മ്മ സേനകള്‍ അത്യാവശ്യമാണെന്നും ഇത്തരം യുവകൂട്ടായ്മകള്‍ ദുരന്തനിവാരണം എളുപ്പമാക്കിത്തീര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവജനക്ഷേമ ബോര്‍ഡിന്റെ കീഴിലുള്ള ഈ കര്‍മ്മസേനയിലേക്ക് ജില്ലയില്‍ നിന്നും പതിനായിരത്തോളം പേര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ തെരഞ്ഞെടുത്ത 86 പേര്‍ക്ക് രണ്ട് ബാച്ചുകളിലായി കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മൂന്നാറില്‍ വിദഗ്ദ പരിശീലനം നല്‍കിയിരുന്നു. ഈ ത്രിദിന ക്യാംപില്‍ പങ്കെടുത്തവര്‍ പിന്നീട് തിരുവനന്തപുരത്ത് പാസിങ്ങ് ഔട്ട് പരേഡും പൂര്‍ത്തിയാക്കിയിരുന്നു. കര്‍മ്മസേനയെ താലൂക്ക് തലത്തില്‍ വിപുലപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു.
യോഗത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മദുസൂധനന്‍, യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ ഓഫീസര്‍ കെ പ്രസീത, ജില്ലാ യൂത്ത് കോഡിനേറ്റര്‍ എ വി ശിവപ്രസാദ്, പള്ളിക്കര ഗ്രാമപഞ്ചായത്ത് യൂത്ത് കോഡിനേറ്റര്‍ ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത്, നഗരസഭ കോഡിനേറ്റര്‍മാര്‍, കര്‍മ്മസേനയില്‍ അംഗങ്ങളായ കോളേജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

RANDOM NEWS

കിഫ്ബിയിലൂടെ കേരളമാകെ വികസനം സാധ്യമാക്കി : മലയോര ഹൈവെ ഈ വര്‍ഷം പൂര്‍ത്തിയാകും – മുഖ്യമന്ത്രി

അടിസ്ഥാന സൗകര്യവികസനം ഏതെങ്കിലുമൊരു മേഖലയില്‍ മാത്രം കേന്ദ്രീകരിക്കാതെ കിഫ്ബിയിലൂടെ എല്ലാ പ്രദേശങ്ങള്‍ക്കും അര്‍ഹമായ പരിഗണന നല്‍കി സംസ്ഥാനമൊട്ടാകെ വികസന മുന്നേറ്റം …