Saturday , July 4 2020
Breaking News

മാനസിക രോഗങ്ങള്‍: സത്യവും മിഥ്യയും

mentalമാനസികരോഗം എന്ന് കേള്‍ക്കുമ്പോഴേ മുഖംതിരിക്കുന്ന, പരിഷ്‌കൃതരെന്ന് അവകാശപ്പെടുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സമൂഹത്തിന്റെ ഈ നിലപാടുമൂലം മാനസികരോഗമുള്ളവരും അവരുടെ കുടുംബാംഗങ്ങളും അനുഭവിക്കുന്ന വിഷമങ്ങള്‍ വിവരണാതീതമാണ്. മാനസികരോഗങ്ങളെക്കുറിച്ചുള്ള വ്യക്തമായ ബോധവത്കരണത്തിലൂടെ മാത്രമേ ഈ ദുരവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാന്‍ കഴിയുകയുള്ളൂ.

സാധാരണ മാനസിക രോഗങ്ങള്‍

സ്‌കീസോഫ്രീനിയ, ബൈപോളാര്‍ ഡിസോഡര്‍, വിഷാദരോഗം, പലതരത്തിലുള്ള അമിതമായ ഉത്കണ്ഠകള്‍, ഒബ്‌സസ്സീവ് കംപള്‍സ്സീവ് ഡിസോഡര്‍ എന്നിവയാണ് വളരെ സാധാരണയായി കണ്ടുവരുന്ന മാനസിക രോഗങ്ങള്‍. സ്‌കീസോഫ്രീനിയ, ബൈപോളാര്‍ ഡിസോഡര്‍ എന്നീ അസുഖങ്ങള്‍ നൂറില്‍ ഒരാള്‍ക്ക് വീതം കാണപ്പെടുന്നു. അമിതമായ ഉത്കണ്ഠ നൂറില്‍ 10 മുതല്‍ 15 വരെ ആളുകളില്‍ കാണപ്പെടുന്നു.
ഒബ്‌സസ്സീവ് കംപള്‍സ്സീവ് ഡിസോഡര്‍ നൂറില്‍ 23 ആളുകള്‍ക്ക് കാണപ്പെടുന്നു. ശരിയായ രീതിയില്‍ കണക്കാക്കുകയാണെങ്കില്‍ ഏകദേശം 20 ശതമാനം (അഞ്ചില്‍ ഒരാള്‍) ജനങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസികരോഗം ഉണ്ട്. കേരളത്തിലെ കണക്ക് എടുക്കുകയാണെങ്കില്‍ 50 ലക്ഷത്തോളം ജനങ്ങള്‍ക്ക് ചികിത്സ ആവശ്യമായ രീതിയിലുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉണ്ട്.

ആര്‍ക്കെല്ലാം ഉണ്ടാകാം

മാനസികരോഗം സമൂഹത്തിലെ ഏതൊരാള്‍ക്കും വരാം. മന:ശക്തി ഇല്ലാത്തവര്‍ക്കാണ് മാനസിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകുന്നത് എന്നത് തെറ്റിദ്ധാരണ മാത്രമാണ്. ഏത് പ്രായത്തിലുള്ളവര്‍ക്കും ആണ്‍, പെണ്‍ ഭേദമെന്യേ മാനസികരോഗം കാണപ്പെടുന്നു. സാമ്പത്തിക സ്ഥിതിയുടെയോ ബുദ്ധിപരമായ കഴിവിന്റെയോ അടിസ്ഥാനത്തില്‍ മാനസിക രോഗങ്ങള്‍ കാണപ്പെടുന്നില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റന്റ് ചര്‍ച്ചില്‍ ഒരു സ്‌കീസോഫ്രീനിയ രോഗിയായിരുന്നു. വിശ്വവിഖ്യാത ചിത്രകാരന്‍ വാന്‍ഗോഗ് ബൈപോളാര്‍ രോഗിയായിരുന്നു.

കാരണങ്ങള്‍

മാനസികരോഗങ്ങള്‍ എങ്ങനെ ഉണ്ടാകുന്നു എന്നതിനെപ്പറ്റി വളരെയധികം മിഥ്യാധാരണകള്‍ നിലവിലുണ്ട്. രോഗിയോ കുടുംബത്തിലുള്ളവരോ ചെയ്ത ദുഷ്പ്രവൃത്തികളുടെ അനന്തരഫലമാണ് മാനസികരോഗം എന്ന് വിശ്വസിക്കുന്ന ഒട്ടനവധി പേര്‍ നമുക്കിടയിലുണ്ട്. പ്രേതബാധയെന്നോ പിശാചിന്റെ ഉപദ്രവമെന്നോ ഇതിനെ കരുതുന്നവരുമുണ്ട്.
ശത്രുക്കള്‍ ചെയ്ത മന്ത്രവാദത്തിന്റെ (കൂടോത്രം) ഫലമാണ് ഇത് എന്ന് കരുതുന്നവരുമുണ്ട്. എന്റെ കുട്ടിക്ക് അസുഖം ഒന്നും ഉണ്ടായിരുന്നില്ലെന്നും വിവാഹ ശേഷമാണ് രോഗം പിടിപെട്ടത് എന്നും പറഞ്ഞ് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നവരും കുറവല്ല. എന്നാല്‍, സത്യം ഇതില്‍നിന്ന് വളരെ വ്യത്യസ്തമാണ്. തലച്ചോറിലെ നാഡികളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ചിലതരം രാസപദാര്‍ഥങ്ങളുടെ അളവിലുണ്ടാകുന്ന വ്യതിയാനമാണ് മാനസികരോഗത്തിനുള്ള കാരണം.

ഓരോ മാനസിക രോഗത്തിലും തലച്ചോറിന്റെ ഏത് ഭാഗമാണ് തകരാറിലായിരിക്കുന്നതെന്നും ഏത് രാസപദാര്‍ഥത്തിന്റെ അളവിലാണ് വ്യതിയാനം ഉണ്ടായിരിക്കുന്നതെന്നും ഇന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. രാസപദാര്‍ഥങ്ങളുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളുടെ യഥാര്‍ഥ കാരണം ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലെങ്കിലും ജനിതകവും ജീവശാസ്ത്രപരവും സാമൂഹികവും പാരിസ്ഥിതികവുമായ പല കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പാരമ്പര്യരോഗമാണോ?

കുടുംബത്തിലെ ആര്‍ക്കെങ്കിലും മനസികരോഗമുണ്ടെങ്കില്‍ മറ്റ് കുടുംബാംഗങ്ങള്‍ക്ക് (രക്തബന്ധമുള്ളവര്‍ക്ക്) രോഗം വരുന്നതിനുള്ള സാധ്യത അല്പം കൂടുതലാണ് എന്നല്ലാതെ അസുഖം വരണമെന്ന് നിര്‍ബന്ധമില്ല. അച്ഛനും അമ്മയ്ക്കും അസുഖമുണ്ടെങ്കില്‍പ്പോലും എല്ലാ കുട്ടികള്‍ക്കും അസുഖം ഉണ്ടാകണമെന്നില്ല.
പല തലമുറകളായി അസുഖം ഇല്ലാത്ത കുടുംബങ്ങളില്‍പ്പോലും ഇവ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അസുഖം വരാനുള്ള കാരണങ്ങളില്‍ ഒന്നുമാത്രമാണ് പാരമ്പര്യം. ചുരുക്കത്തില്‍ പറഞ്ഞാല്‍ കുടുംബത്തില്‍ ആര്‍ക്കെങ്കിലും അസുഖം ഉണ്ടെങ്കില്‍ അസുഖം വരണമെന്നോ അസുഖം ഇല്ലാത്തതുകൊണ്ട് അസുഖം വരാതിരിക്കണമെന്നോ ഇല്ല.
രോഗികളില്‍ ഒരുശതമാനം പോലും അക്രമാസക്തരല്ല. ശരിയായ രീതിയിലുള്ള ചികിത്സ ലഭിക്കാത്ത കുറച്ചുപേര്‍ യാദൃച്ഛികമായി അങ്ങനെയാകുന്നതൊഴിച്ചാല്‍ ഭൂരിഭാഗം മാനസികരോഗികളും അക്രമവാസന ഉള്ളവരല്ല.

രോഗനിര്‍ണയം എങ്ങനെ?

മാനസിക രോഗങ്ങള്‍ കൃത്യമായി കണ്ടുപിടിക്കുന്നതിന് മറ്റ് അസുഖങ്ങളെപ്പോലെ രക്തപരിശോധനയോ ടെസ്റ്റുകളോ ഇല്ല. രോഗിയില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളിലൂടെയും ഡോക്ടര്‍ നടത്തുന്ന പരിശോധനയിലൂടെ എത്തിച്ചേരുന്ന നിഗമനങ്ങളിലൂടെയും മാത്രമേ രോഗനിര്‍ണയം നടത്താന്‍ സാധിക്കുകയുള്ളൂ. ഭൂരിഭാഗം മാനസിക രോഗികളുടെയും തലച്ചോറില്‍ സ്‌കാനിങ് കൊണ്ട് കണ്ടുപിടിക്കാന്‍ കഴിയുന്ന കുഴപ്പങ്ങളൊന്നും കാണാറില്ല.

ചികിത്സാ രീതികള്‍

രണ്ടുതരത്തിലുള്ള ചികിത്സാരീതികളാണ് നിലവിലുള്ളത്; മരുന്നുകളും സൈക്കോതെറാപ്പിയും. ഭൂരിഭാഗം അസുഖങ്ങളും ചികിത്സിക്കുന്നതിന് മരുന്നുകള്‍ അത്യാവശ്യമാണ്. സ്‌കീസോഫ്രീനിയ, ബൈപോളാര്‍ ഡിസോഡര്‍ എന്നിവ മരുന്നുകളില്ലാതെ സുഖപ്പെടുത്തുവാന്‍ സാധിക്കുകയില്ല. ചെറിയ തോതിലുള്ള ഒ.സി.ഡി., അമിതമായ ഉത്കണ്ഠ എന്നിവ സൈക്കോ തെറാപ്പി മൂലം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. കുട്ടികളില്‍ കാണപ്പെടുന്ന പെരുമാറ്റദൂഷ്യങ്ങള്‍, പഠനവൈകല്യങ്ങള്‍ എന്നിവയ്ക്ക് സൈക്കോളജിസ്റ്റിന്റെ സഹായം ആവശ്യമാണ്.

RANDOM NEWS

സ്തനാര്‍ബുദത്തെ പേടിക്കേണ്ട: 30 ശതമാനവും പ്രതിരോധിക്കാം

സ്തനാര്‍ബുദം സ്ത്രീകളുടെ പേടിസ്വപ്നമാണ്. സ്ത്രീകളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന കാന്‍സറാണിത്. പ്രത്യേകിച്ച് ആര്‍ത്തവ വിരാമം വന്നവരില്‍ രോഗനിരക്ക് മുന്‍ വര്‍ഷങ്ങളില്‍ …