Sunday , November 18 2018
Breaking News
Lab

വികസന പ്രവര്‍ത്തനങ്ങളിലെ കാലതാമസം:ആത്മവിമര്‍ശനം നടത്തണമെന്ന് മന്ത്രി

കാസര്‍കോട് : സമൂഹത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുഭാവപൂര്‍വമായ നിലപാട് സ്വീകരിക്കുമ്പോള്‍ അത് നടപ്പിലാവുന്നതില്‍ കാലതാമസം നേരിടുന്നതിനെ കുറിച്ച് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആത്മ വിമര്‍ശനം നടത്തണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി വികസിപ്പിക്കുന്നതിന് വേണ്ടി ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാറിവരുന്ന ജീവിത സാഹചര്യത്തില്‍ ജീവിത ശൈലീ രോഗങ്ങളും വ്യാപകമാവുകയാണ്. ഹൃദയ സംബന്ധ രോഗങ്ങള്‍ക്ക് പൊതുജനം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്. ജില്ലാ ആശുപത്രിയില്‍ അനുവദിച്ചിട്ടുള്ള കാത്ത് ലാബിന് സ്ഥലമില്ലെന്ന് ഉന്നതോദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനാല്‍ ജില്ലയ്ക്ക് നഷ്ടപ്പെടുന്ന സ്ഥിതിവിശേഷമുണ്ടായിരുന്നു. എന്നാല്‍ ആരോഗ്യവകുപ്പുമായി വ്യക്തിപരമായി തന്നെ ഇടപെട്ടു കൊണ്ടിരിക്കുന്നതിനാല്‍ നമുക്ക് സമീപ ഭാവിയില്‍ തന്നെ ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് പ്രതീക്ഷിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. ഡോക്ടര്‍മാരുടെ അഭാവം ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുന്നതായി മന്ത്രി പറഞ്ഞു. ജില്ലയില്‍, ഡോക്ടര്‍മാര്‍ ‘എകസ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്’ നേടാന്‍ മാത്രം വരുന്ന പ്രവണതകണ്ടു. ജില്ലയില്‍ വരുന്ന ഒഴിവുകള്‍ നികത്തുന്നത് മറ്റു ജില്ലകളിലെ പ്രമോഷനുകള്‍ വഴിയാണ്. ഇതര ജില്ലകളില്‍ നിന്നും വരുന്നവര്‍ക്ക് എത്രകാലം ഇവിടെ പൊരുത്തപ്പെട്ട് ജോലി ചെയ്യാനാകും എന്നതും ശ്രദ്ധേയമാണെന്ന് അദ്ദേഹം ചൂണ്ടി.

ജില്ലാആശുപത്രിയുടെ വികസനത്തിന് പൊതുജനവും കൈകോര്‍ക്കേണ്ടതുണ്ട്. പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള സര്‍ക്കാര്‍ യജ്ഞത്തിന് പൊതുസമൂഹത്തില്‍ നിന്ന് വളരെ വലിയ പിന്തുണയാണ് ലഭിച്ചത്. ആ അനുഭവം മനസ്സില്‍ കണ്ട് ആരോഗ്യ മേഖലയിലും പൊതുസമൂഹം മുന്നിട്ടിറങ്ങേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യല്‍ ആശുപത്രിയാക്കാനുള്ള ജില്ലാ പഞ്ചായത്തിന്റെ ശ്രമങ്ങള്‍ക്ക് സര്‍ക്കാരിന്റെ എല്ലാ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു.

RANDOM NEWS

Accident

പള്ളത്തുമൂലയില്‍ കാര്‍ താഴ്ചയിലേക്കു മറിഞ്ഞു; ഒരാള്‍ ഗുരുതരനിലയില്‍

അഡൂര്‍: പള്ളത്തുമൂലയില്‍ കാര്‍ നൂറു അടി താഴ്ചയിലേക്കു മറിഞ്ഞു. ഓടിച്ചിരുന്ന ആള്‍ക്കു ഗുരുതരമായി പരിക്കേറ്റു. കുട്ടി ഉള്‍പ്പെടെ കാറിലുണ്ടായിരുന്ന മറ്റു …