Monday , August 10 2020
Breaking News

എം.എല്‍.എ.യെ വിമര്‍ശിച്ച് മുസ്ലിം ലീഗ്; ഉത്തരവാദപ്പെട്ടവര്‍ തടസ്സം നിന്നുവെന്ന് എം.എല്‍.എ

പൊയിനാച്ചി: കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട 55.27 കോടി രൂപയുടെ തെക്കില്‍-പെരുമ്പളക്കടവ് ബൈപ്പാസ് അട്ടിമറിക്കാന്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ദുരൂഹമായ നീക്കം നടത്തുന്നതായി ആരോപണം. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ ടി.ഡി.കബീര്‍, മുസ്ലിം ലീഗിന്റെ പ്രാദേശിക നേതാക്കളായ
മുഹമ്മദ് കുഞ്ഞി പെരുമ്പള, അബ്ദുല്ല മാളിക, ഹമീദ് കുതിരില്‍, പി.കെ.മുഹമ്മദ് എന്നിവര്‍ പത്രസമ്മേളനത്തിലാണ് വിമര്‍ശനമുന്നയിച്ചത്.

ബൈപ്പാസ് പദ്ധതി എത്രയും വേഗം യാഥാര്‍ഥ്യമാക്കണമെന്നും അല്ലെങ്കില്‍ സമരരംഗത്ത് ഇറങ്ങുമെന്നും ഇവര്‍ അറിയിച്ചു. റോഡ് പൂര്‍ണമായി ചന്ദ്രഗിരിപ്പുഴക്കരയിലൂടെ പോകണമെന്നായിരുന്നു നാട്ടുകാരുടെ ആഗ്രഹം. എന്നാല്‍ സാറ്റലൈറ്റ് സര്‍വേയില്‍ പെരുമ്പളയിലെത്തുമ്പോള്‍ പഴയ പി.ഡബ്ല്യു.ഡി. റോഡുമായി ബന്ധപ്പെടുത്തി ഡി.പി.ആര്‍. തയ്യാറാക്കിയിരുന്നു. പദ്ധതിയുടെ ആദ്യന്തം എം.എല്‍.എ. ഒളിച്ചുകളിയാണ് നടത്തിയതെന്നും അവര്‍ ആരോപിച്ചു.

പദ്ധതിക്കുവേണ്ടി മുന്നിട്ടിറങ്ങേണ്ട ടി.ഡി.കബീര്‍ അടക്കമുള്ള ചിലരുടെ നീക്കങ്ങളാണ് ബൈപ്പാസ് പദ്ധതി മരവിപ്പിക്കാന്‍ കാരണമെന്ന് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ആരോപണത്തിന് മറുപടിയായി പ്രതികരിച്ചു. മാഹിയില്‍ പോയപ്പോള്‍ അവിടെ കണ്ട ഒരു തീരദേശറോഡിന്റെ ടൂറിസം സാധ്യത മനസ്സിലാക്കിയാണ് ഇവിടെ അത്തരമൊരു പദ്ധതിക്ക് അനുമതി നേടിയത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ കെ.എസ്.ടി.പി. റോഡുമായി ബന്ധപ്പെടുത്താനുള്ള സൗകര്യത്തിനാണ് നിലവിലുള്ള പെരുമ്പള റോഡുമായി ചേര്‍ക്കാന്‍ തീരുമാനിച്ചത്. പുഴയുടെ പാര്‍ശ്വഭാഗം കെട്ടിപ്പൊക്കി റോഡുണ്ടാക്കണമെന്ന ചിലരുടെ ആവശ്യം പ്രായോഗികമല്ല. കിഫ്ബി മാനദണ്ഡപ്രകാരം 12 മീറ്റര്‍ നിര്‍ബന്ധമാണെങ്കിലും ഇടപെടല്‍ നടത്തി ആരാധനാലയത്തിന്റെ ഭാഗത്ത് വീതി 10 മീറ്റര്‍ ആയി ചുരുക്കിയിരുന്നു. റോഡുമായി ബന്ധപ്പെട്ട് മൂന്നുവര്‍ഷത്തിനുള്ളില്‍ നാല് യോഗം വിളിച്ചെങ്കിലും സമവായമുണ്ടാക്കാന്‍ സാധിച്ചില്ല. ഏറ്റെടുക്കുന്ന സ്ഥലത്തിന് 22 കോടി രൂപ നീക്കിവെച്ചിട്ടും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ നവമാധ്യമങ്ങളില്‍ ചില കേന്ദ്രങ്ങള്‍ പോസ്റ്റിട്ടു. ഭൂമി വിലക്ക് തരാന്‍ തയ്യാറുള്ളവരെ ഇവര്‍ വിലക്കി. ആത്മാര്‍ഥമായാണ് പ്രവര്‍ത്തിച്ചതെങ്കില്‍ ടി.ഡി.കബീറിന് ബൈപ്പാസിന് സ്ഥലം ലഭ്യമാക്കാന്‍ ഇടപെടാമായിരുന്നു. പദ്ധതി അനിശ്ചിതത്വത്തിലായതി
നാല്‍ തുക നഷ്ടപ്പെടാതിരിക്കാനാണ് മലയോരത്തെ റോഡുവികസനത്തിന് ബദല്‍ നിര്‍ദേശം സമര്‍പ്പിച്ചത്. റോഡിന് സ്ഥലം വിട്ടുനല്‍കാന്‍ സമ്മതപത്രം നല്‍കിയവരാണിവര്‍.ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഒന്നും ചെയ്യാതെ കൈയും കെട്ടി നിന്നവര്‍ പദ്ധതി നഷ്ടപ്പെടുമെന്ന ഘട്ടമെത്തിയപ്പോള്‍ ആരോപണമുന്നയിച്ച് പുകമറ സൃഷ്ടിക്കുന്നു. എം എല്‍ എ പറഞ്ഞു.

RANDOM NEWS

ജില്ലയില്‍ മാസ്‌ക് ധരിക്കാത്ത 289 പേര്‍ക്കെതിരെ കേസ്

കാസര്‍കോട് : മാസ്‌ക് ധരിക്കാത്തതിന് ആഗസ്റ്റ് ഒമ്പതിന് ജില്ലയില്‍ 289 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ഇതോടെ ഇതുവരെ കേസെടുത്തവരുടെ എണ്ണം …