Sunday , August 9 2020
Breaking News

മൊബൈല്‍ ഫോണ്‍ വഴി എ ടി എം കാര്‍ഡിന്റെ പിന്‍ നമ്പര്‍ ചോദിച്ച് തട്ടിപ്പ് പതിവാകുന്നു

നീലേശ്വരം : എടിഎം കാര്‍ഡിന്റെ പിന്‍ നമ്പറും മറ്റു വിവരങ്ങളും ആരാഞ്ഞു നീലേശ്വരം നഗരസഭാ പരിധിയില്‍ പലര്‍ക്കും ഫോണ്‍ കോള്‍ വരുന്നതു പതിവാകുന്നു. തട്ടിപ്പു തിരിച്ചറിയാതെ നമ്പര്‍ കൊടുത്ത ചിലര്‍ക്കു പണം നഷ്ടപ്പെട്ടതായും പരാതിയുണ്ട്. മുസ്ലിംലീഗ് നീലേശ്വരം മുനിസിപ്പല്‍ പ്രസിഡണ്ട് തൈക്കടപ്പുറം റൗളത്ത് മന്‍സിലിലെ സി കെ കെ മാണിയൂര്‍ കഴിഞ്ഞ ദിവസം കബളിപ്പിക്കല്‍ കോളില്‍ പണം നഷ്ടപ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

കഴിഞ്ഞ ദിവസം വിളിച്ച സ്ത്രീയോട് ശ്രദ്ധിക്കാതെ എടിഎം പിന്‍ നമ്പര്‍ പറഞ്ഞു കൊടുത്ത പെന്‍ഷന്‍കാരനു അര ലക്ഷം രൂപ.നഷ്ടപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നു ബാങ്കിലും നീലേശ്വരം പൊലീസിലും നല്‍കിയ പരാതിയില്‍ നിലവില്‍ മുംബൈ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. രാവിലെ ഒന്‍പതോടെയാണ് പലര്‍ക്കും ഫോണ്‍ വരുന്നത്. എസ്ബിടിയിലെ
പഴയ അക്കൗണ്ട് നമ്പര്‍ ബാങ്ക് ലയനത്തെ തുടര്‍ന്നു എസ്ബിഐയിലേക്കു മാറ്റിയവരാണ് ഇത്തരം കോള്‍ വന്നവരില്‍ അധികവും.

മറ്റു ബാങ്കുകളുടെ പേരു പറഞ്ഞും തട്ടിപ്പിനു ശ്രമിക്കുന്നുണ്ട്. ഫോണില്‍ വിളിച്ച് അക്കൗണ്ട് ഉടന്‍ ക്ലോസ് ചെയ്യുകയാണ് ബാങ്കില്‍ എത്തുന്നതു വരെ കാത്തിരിക്കാന്‍ നേരമില്ലെന്നു പറയുമ്പോള്‍ മുന്‍ പിന്‍ നോക്കാതെ ആവശ്യപ്പെടട്ട വിവരങ്ങള്‍ പറഞ്ഞു കൊടുക്കുന്നവരാണ് കബളിപ്പിക്കപ്പെടുന്നത്. ആധാര്‍ നമ്പറും എടിഎം കാര്‍ഡിന് ഇരുവശത്തെയും നമ്പറുകളും മറുതലയ്ക്കല്‍ നിന്നു തെറ്റാതെ പറയുമ്പോഴാണ് പലരും പെട്ടുപോകുന്നത്.

അര മണിക്കൂറോളം നീണ്ട കോളിനിടെ ബാങ്ക് പാസ് ബുക്കിലെ ബാലന്‍സ് നോക്കി പറയാന്‍ വേണ്ടി കോള്‍ കട്ടു ചെയ്തതിനിടെ ഡി സി സി ജനറല്‍ സെക്രട്ടറി മാമുനി വിജയന്റെ ഫോണ്‍ വന്നതാണ് മാണിയൂരിന് രക്ഷയായത്. ദിവസങ്ങള്‍ക്കു മുമ്പ് തനിക്കും ഇത്തരം കോള്‍ വന്നതായും തട്ടിപ്പിാണെന്നും ഇദ്ദേഹം പറഞ്ഞതോടയാണ് വെപ്രാളത്തിലായ മാണിയൂര്‍ തുടര്‍ന്ന് ആവര്‍ത്തിച്ചു വന്ന കോളുകള്‍ എടുക്കാതെ എസ് ബി ഐ നീലേശ്വരം ശാഖയില്‍ എത്തി മാനേജരോടു കാര്യം പറഞ്ഞു.

ഫോണ്‍ വിളിക്കുന്നവര്‍ തമിഴ് കലര്‍ന്ന മലയാളത്തിലാണു സംസാരിക്കുന്നത്. തൈക്കടപ്പുറം ബോട്ടുജെട്ടിക്കു സമീപത്തെ പി.വി.അമ്പുവിന്റെ മകന്‍ പി.വി.രൂപേഷിന്റെ എസ്ബിഐ നീലേശ്വരം ശാഖയിലെ അക്കൗണ്ടില്‍ നിന്ന് രണ്ടു തവണകളായി എടിഎം വഴി 29, 000 രൂപ നഷ്ടപ്പെട്ടത് അടുത്തിടെയാണ്..

RANDOM NEWS

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 73 പേരില്‍ ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ 70 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ രോഗം ; 33 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (ആഗസ്റ്റ് എട്ട്) ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ …