Wednesday , March 20 2019
Breaking News
Modi

കര്‍ഷക ക്ഷേമപദ്ധതികള്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകര്‍ക്കുവേണ്ടി വന്‍ പദ്ധതി പ്രഖ്യാപിക്കാനൊരുങ്ങുന്നുവെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ മൂന്നര മണിക്കൂര്‍നീണ്ട കൂടിക്കാഴ്ചകള്‍ നടന്നുവെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്തു.

കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിനുള്ള നടപടികളെപ്പറ്റി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, കൃഷിമന്ത്രി രാധാ മോഹന്‍ സിങ് എന്നിവരുമായി മോദി ചര്‍ച്ച ചെയ്തുവെന്നാണ് സൂചന. കര്‍ഷക ക്ഷേമ പദ്ധതികള്‍ ജനുവരിയോടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി വന്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് കര്‍ഷക ക്ഷേമത്തിന് മുന്‍ഗണന നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം. കര്‍ഷക രോഷമാണ് മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിക്ക് തിരിച്ചടിയായതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷകര്‍ നേരിടുന്ന ദുരിതങ്ങള്‍ ചര്‍ച്ചയാവുമെന്നും നേതൃത്വം കരുതുന്നു. കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന വാഗ്ദാനം നല്‍കി തിരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് മൂന്ന് സംസ്ഥാനങ്ങളിലും അധികാരത്തിലെത്തിയതിന് തൊട്ടുപിന്നാലെ വാഗ്ദാനം പാലിച്ചിരുന്നു. കാര്‍ഷിക കടാശ്വാസ പദ്ധതി പ്രഖ്യാപിക്കാതെ പ്രധാനമന്ത്രി മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത്തരം നീക്കങ്ങള്‍ക്കെല്ലാം മറുപടി നല്‍കാനാണ് ബിജെപി നേതൃത്വം ഒരുങ്ങുന്നതെന്നാണ് സൂചന. കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ എത്തിക്കുന്നത് അടക്കമുള്ള കാര്യങ്ങളാണ് പരിഗണിക്കുന്നതെന്നാണ് സൂചന. മധ്യപ്രദേശിലെയും ജാര്‍ഖണ്ഡിലെയും മുന്‍ ബിജെപി സര്‍ക്കാരുകള്‍ നടപ്പിലാക്കിയ കര്‍ഷക ക്ഷേമപദ്ധതികളും പരിഗണനയിലുണ്ട്.

RANDOM NEWS

Adoor

സോളാര്‍ കേസിലെ പ്രതികള്‍ക്കെതിരെ മത്സരിക്കുമെന്ന് പരാതിക്കാരി

തിരുവനന്തപുരം: സോളാര്‍ കേസില്‍ പ്രതികള്‍ക്കെതിരെ മത്സരിക്കുമെന്ന് പരാതിക്കാരി. താന്‍ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അതില്‍ ഏതെങ്കിലും …