Tuesday , September 24 2019
Breaking News
Money

സമഗ്ര പച്ചക്കറി കൃഷി വികസനം: ജില്ലയ്ക്ക് ആദ്യ ഗഡുവായി 2.5 കോടി രൂപ അനുവദിച്ചു

കാസര്‍കോട് : കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം വിവിധ ഘടകങ്ങളിലായി ജില്ലയ്ക്ക് 2.5 കോടി രൂപ അനുവദിച്ചു.

ഓണത്തിന് വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പില്‍ നിന്ന് തന്നെ ലഭ്യമാക്കാന്‍ ഉദ്ദേശിച്ച് നടപ്പിലാക്കുന്ന ‘ഓണത്തിന് ഒരു മുറം പച്ചക്കറി’പദ്ധതി പ്രകാരം 2,35,000 പച്ചക്കറി വിത്ത് പായ്ക്കറ്റുകള്‍ സ്‌കൂള്‍ കുട്ടികള്‍ക്കും കര്‍ഷകര്‍ക്കും സന്നദ്ധസംഘടനകള്‍ക്കുമായി ജില്ലയില്‍ വിതരണം ചെയ്യും.ഇതിന് പുറമെ 7 ലക്ഷം പച്ചക്കറി തൈകളും ജില്ലയില്‍ സൗജന്യമായി വിതരണം ചെയ്യും.
വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന് അഞ്ചു ഹെക്ടര്‍ വീതമുളള ക്ലസ്റ്ററുകള്‍ കൃഷി ഭവന്‍ തലത്തില്‍ രൂപീകരിച്ചിട്ടുണ്ട്. ക്ലസ്റ്റര്‍ ഒന്നിന് 75,000 രൂപ ധനസഹായം നല്‍കും. ജില്ലയില്‍ ഈ വര്‍ഷം ഇത്തരം 75 ക്ലസ്റ്ററുകള്‍ക്കാണ് ധനസഹായം ലഭിക്കുക. തരിശ് സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്നതിന് 30,000 രൂപയാണ് ഹെക്ടറിന് ധനസഹായം. ജില്ലയില്‍ 70 ഹെക്ടര്‍ തരിശ് സ്ഥലത്ത് കൃഷിയിറക്കുന്നതിന് ഈ വര്‍ഷം ധനസഹായം നല്‍കും.
ജില്ലയില്‍ 25 സെന്റില്‍ കുറയാതെ പച്ചക്കറി കൃഷി ചെയ്യുന്ന മുഴുവന്‍ കര്‍ഷകര്‍ക്കും ഹെക്ടറിന് 15,000 രൂപ തോതില്‍ ധനസഹായം അനുവദിക്കും. 283 ഹെക്ടറിലേക്ക് 42.45 ലക്ഷം രൂപയാണ് ഈ ഘടകത്തില്‍ ജില്ലയ്ക്ക് അനുവദിച്ചിട്ടുളളത്.
100 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുളള മഴമറയ്ക്ക് പരമാവധി 50,000 രൂപ വരെയുളള ധനസഹായം നല്‍കും. ജില്ലയില്‍ ഈ വര്‍ഷം ഇത്തരം 35 മഴമറ യൂണിറ്റുകള്‍ക്കാണ് സബ്‌സിഡി നല്‍കുന്നത്. വേനല്‍ക്കാലത്തും മഴക്കാലത്തും വിളകളെ സംരക്ഷിച്ച് പച്ചക്കറി കൃഷി ചെയ്യുന്നതിനായി രൂപകല്പന ചെയ്തിട്ടുളള നൂതന രീതിയായ മഴമറ കൃഷിയിലൂടെ വര്‍ഷത്തിലുടനീളം പച്ചക്കറി കൃഷിചെയ്യുന്നതിനും ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും കഴിയും.
പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുറഞ്ഞ ചെലവില്‍ കണിക ജലസേചനം നടത്തുന്നതിനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആരംഭിച്ച ഫാമിലി ഡ്രിപ്പ് ഇറിഗേഷന്‍ സിസ്റ്റം ഈ വര്‍ഷവും തുടരും. ഇത്തരം ചെറുകിട ജലസേചന യൂണിറ്റുകള്‍ക്ക് 7,500 രൂപ തോതില്‍ സബ്‌സിഡി അനുവദിക്കും. ജില്ലയില്‍ ഇത്തരം 16 യൂണിറ്റുകള്‍ സ്ഥാപിക്കും.
ബഹുവര്‍ഷ പരമ്പരാഗത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അഗത്തി, മുരിങ്ങ, കറിവേപ്പ്, പപ്പായ തുടങ്ങിയവയുടെ തൈകളടങ്ങിയ 100 രൂപ വില വരുന്ന 2000 കിറ്റുകള്‍ 50 ശതമാനം സബ്‌സിഡിയോടെ വിതരണം ചെയ്യും. കൂടാതെ പരമ്പരാഗത പച്ചക്കറി ഇനങ്ങളുടെ വിത്ത് ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനായി ഹെക്ടറൊന്നിന് 25,000 രൂപ സബ്‌സിഡിയും അനുവദിക്കും. അഞ്ച് ഹെക്ടര്‍ സ്ഥലത്താണ് ഈ വര്‍ഷം പദ്ധതി നടപ്പിലാക്കുന്നത്.
പച്ചക്കറികള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള ചെലവുകുറഞ്ഞ മാര്‍ഗ്ഗമായ ഊര്‍ജ്ജ രഹിത (കൂള്‍ ചേമ്പര്‍) ശീതീകരണ യൂണിറ്റുകള്‍ 38 എണ്ണം നിര്‍മ്മിക്കാനും ലക്ഷ്യമിടുന്നു.അതത് പഞ്ചായത്തുകളിലേക്കാവശ്യമായ പച്ചക്കറി തൈകള്‍ അവിടെ തന്നെ ഉല്‍പാദിപ്പിക്കുന്നതിനായി ചെറുകിട പച്ചക്കറി നഴ്‌സറികള്‍ സ്ഥാപിക്കുന്നതിന് 1.25 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. 50 സ്‌ക്വയര്‍ മീറ്റര്‍ യൂണിറ്റിന് 70,000 രൂപ സബ്‌സിഡി അനുവദിക്കും. സ്‌കൂളിലും മറ്റ് സ്ഥാപനങ്ങളിലും 10 സെന്റില്‍ കുറയാതെയുളള സ്ഥലത്ത് പച്ചക്കറി കൃഷി നടത്തുന്നതിന് 5,000 രൂപ അനുവദിക്കും. ജില്ലയില്‍ 100 സ്ഥാപനങ്ങള്‍ക്ക് ഈ രീതിയില്‍ ധനസഹായം അനുവദിക്കും. ഇതിന് പുറമെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും 25 സെന്റില്‍ കുറയാതെയുളള സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്നതിന് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനും കൃഷി ചെയ്യുന്നതിനുമായി ഒരു ലക്ഷം രൂപ വരെ ധനസഹായം നല്‍കും. പ്രോജക്ട് തയ്യാറാക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഫണ്ട് അനുവദിക്കുന്നത്. ജില്ലയ്ക്ക് 8 ലക്ഷം രൂപ ഈ ഘടകത്തില്‍ അനുവദിച്ചിട്ടുണ്ട്.
വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ജലസേചനം നടത്തുന്നതിന് പമ്പ് സെറ്റ് വാങ്ങുന്നതിന് 50 ശതമാനം സബ്‌സിഡിയോടെ പരമാവധി 10,000 രൂപ അനുവദിക്കും. ജില്ലയില്‍ 125 പമ്പ് സെറ്റ് വാങ്ങുന്നതിന് ഇത്തരത്തില്‍ സബ്‌സിഡി നല്‍കും.
രോഗകീട നിയന്ത്രണത്തിന് ജൈവ കീടനാശിനികളും കുമിള്‍ നാശിനികളും തളിക്കുന്നതിനായി 160 സ്‌പ്രെയറുകള്‍ 1500 രൂപ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യും.നൂതന സാങ്കേതിക വിദ്യകള്‍ കൃഷിയിടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിന് പ്രോജക്ട് അടിസ്ഥാനത്തില്‍ 3 ലക്ഷം വരെ അനുവദിക്കും. വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് കണിക ജലസേചനം ഏര്‍പ്പെടുത്തുന്നതിനായി 12 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്, 50 സെന്റിന്റെ ഒരു യൂണിറ്റിന് 30,000 രൂപ സബ്‌സിഡി അനുവദിക്കും. പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി സമഗ്ര വികസന പദ്ധതിക്കാണ് കൃഷി വകുപ്പ് ഈ വര്‍ഷം ജില്ലയില്‍ തുടക്കം കുറിച്ചത്.

RANDOM NEWS

Arrest

പയ്യന്നൂരില്‍ ടി ടി ഇ യെ അക്രമിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍

പയ്യന്നൂര്‍ : പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ടി ടി ഇ യെ അക്രമിച്ച കേസില്‍ മൂന്നു പേരെ പയ്യന്നൂര്‍ പോലീസ് …