Tuesday , January 21 2020
Breaking News

ഇരട്ടക്കൊല : പെരിയക്ക് പുറത്തുള്ള രണ്ട് സി പി എം നേതാക്കള്‍ക്ക് പങ്കെന്ന് മൊഴി

കാസര്‍കോട് : പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ലാല്‍ എന്നിവരെ കൊലപ്പെടുത്തിയതില്‍ പെരിയ ലോക്കല്‍ കമ്മിറ്റിക്ക് പുറത്തുള്ള രണ്ട് സി പി എം നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് അറസ്റ്റിലായ മുഖ്യപ്രതി എ പീതാംബരന്റെ മൊഴി. ഇതോടെ കൊലപാതകത്തെ പ്രാദേശികമായ തര്‍ക്കമായി ചുരുക്കാന്‍ ശ്രമിച്ച സി പി എം കൂടുതല്‍ പ്രതിരോധത്തിലായി. കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിനു മുമ്പ് ലോക്കല്‍ പോലീസിന്റെ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ സി പി എം നേതാക്കളുടെ പങ്ക് വ്യക്തമാക്കിയത്.

കൊലപാതകം നടത്തിയത് താനല്ലെന്നും പോലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നും പീതാംബരന്‍ കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിനു മുമ്പാകെ പറഞ്ഞിരുന്നു. അറസ്റ്റിലായ സമയത്ത് കുറ്റം സമ്മതിച്ച പീതാംബരന്‍ കോടതിയില്‍ മൊഴിമാറ്റിയത് സി പി എമ്മിനെ പ്രതിസന്ധിയിലാക്കി. ഇതിനു പിന്നാലെയാണ് കൂടുതല്‍ സി പി എം നേതാക്കളുടെ പങ്ക് വെളിപ്പെടുത്തുന്ന പീതാംബരന്റെ മൊഴി പുറത്തുവരുന്നത്. പീതാംബരന്‍, കല്യോട്ട് ബ്രാഞ്ച് കമ്മിറ്റിയംഗം സജി സി ജോര്‍ജ് എന്നിവരടക്കം ഏഴുപേരാണ് കേസില്‍ അറസ്റ്റിലായത്.
അതേസമയം കൊലപാതകവുമായി ബന്ധമുള്ള 12 സി പി എം പ്രവര്‍ത്തകരുടെ പേരുകള്‍ കൊല്ലപ്പെട്ട ശരത്‌ലാലിന്റെ അച്ഛന്‍ സത്യനാരായണനും കൃപേഷിന്റെ അച്ഛന്‍ കൃഷ്ണനും ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുമ്പാകെ വെളിപ്പെടുത്തി. ക്രൈംബ്രാഞ്ച് സംഘം ഇരുവരുടെയും വീടുകളിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.

ക്വാറി വാഹന ഉടമയും സി പി എം അംഗവുമായ കല്യോട്ടെ ശാസ്ത ഗംഗാധരന്‍, ബന്ധുവും രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറിന്റെ ഉടമയുമായ മുരളി, അയല്‍വാസി ഓമനക്കുട്ടന്‍, വ്യാപാരി വത്സരാജ്, മുന്‍ പി ടി എ പ്രസിഡണ്ട് സുരേന്ദ്രന്‍, ശാസ്ത ഗംഗാധരന്റെ അനുജന്‍ പത്മനാഭന്‍, പ്ലാക്കൊട്ടി രവി, സി പി എം കല്യോട്ട് ബ്രാഞ്ച് അംഗം അച്യുതന്‍ എന്നിവരുടെ പേരുകളാണ് മൊഴികളില്‍ നല്‍കിയത്. ഇവര്‍ക്ക് കൊല്ലപ്പെട്ടവരോട് മുന്‍വൈരാഗ്യമുണ്ടെന്നും ഇരുവരും ക്രൈംബ്രാഞ്ച് എസ് പി വി എം റഫീഖിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു.

RANDOM NEWS

കാലങ്ങളായുള്ള അലച്ചിലിന് വിട; സത്യാവതിയമ്മയ്ക്ക് വീടായി

കുറ്റിക്കോലിലെ സത്യാവതിയമ്മയുടെ മുഖത്ത് നിറഞ്ഞ ചിരിയായിരുന്നു. കേറികെടക്കാന്‍ സ്വന്തമായി ഒരു വീട് കിട്ടിയതിന്റെ സന്തോഷ ചിരി. സ്വന്തമായ വീടും സ്ഥലവും …