Sunday , June 24 2018
Breaking News
Death-Anandan

ആര്‍.എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ഗുരുവായൂരിലും പാവറട്ടിയിലും നിരോധനാജ്ഞ

ഗുരുവായൂര്‍: ഗുരുവായൂരിനടുത്ത് നെന്മിനിയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചതിനെത്തുടര്‍ന്ന് ഗുരുവായൂര്‍, പാവറട്ടി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഗുരുവായൂര്‍, മണലൂര്‍ നിയോജകമണ്ഡലങ്ങളില്‍ ബി.ജെ.പി. ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് നെന്മിനി ബലരാമക്ഷേത്രത്തിന് നൂറുമീറ്റര്‍ അകലെയായി നെന്മിനി കടവള്ളി ലക്ഷംവീട് കോളനിയില്‍ വടക്കേതരകത്ത് അംബികയുടെ മകന്‍ മകന്‍ ആനന്ദന്‍ (28) വെട്ടേറ്റ് മരിച്ചത്. ആനന്ദന്‍ ബൈക്കില്‍ കൂട്ടുകാരന്‍ വിഷ്ണുവിനൊപ്പം വീട്ടിലേക്ക് പോകുമ്പോള്‍ കാറില്‍ വന്ന മൂന്നുപേരാണ് വെട്ടിക്കൊലപ്പെടുത്തിയത്.

2013-ല്‍ ബ്രഹ്മകുളത്ത് സി.പി.എം. പ്രവര്‍ത്തകന്‍ ഫാസില്‍ കൊല്ലപ്പെട്ട കേസിലെ രണ്ടാംപ്രതിയാണ് മരിച്ച ആനന്ദനെന്ന് പോലീസ് പറഞ്ഞു. ആനന്ദനും വിഷ്ണുവും വന്ന ബൈക്ക് ഇടിച്ചിട്ടശേഷം ആനന്ദനെ അക്രമിസംഘം വലിച്ചിഴച്ച് വടിവാളുകൊണ്ട് കഴുത്തിനു പിന്നിലും കാലിലും വെട്ടുകയായിരുന്നു.

ആനന്ദനെ കൊലപ്പെടുത്തിയത് സി.പി.എം.-എസ്.ഡി.പി.ഐ. സംഘമാണെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആരോപിച്ചു. കാറിടിച്ചപ്പോള്‍ത്തന്നെ ആനന്ദന്റെ ഇടതുകാല്‍ ചതഞ്ഞിരുന്നു. കൃത്യം നടത്തിയശേഷം സംഘം കാറില്‍ രക്ഷപ്പെടാനൊരുങ്ങിയെങ്കിലും വണ്ടി നീങ്ങിയില്ല. ആ സമയം അതുവഴി വന്ന നെന്മിനി സ്വദേശിയായ രഞ്ജിത്തിനെ തടഞ്ഞുനിര്‍ത്തി ബൈക്ക് പിടിച്ചുവാങ്ങിയാണ് മൂന്നുപേരും രക്ഷപ്പെട്ടത്.

ഗുരുവായൂര്‍ ആക്ട്‌സിന്റെ ആംബുലന്‍സില്‍ ആനന്ദനെ സമീപത്തെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അക്രമികള്‍ ബൈക്കിനു മുന്നില്‍ വന്ന് കാറിടിച്ചപ്പോള്‍തന്നെ ആനന്ദന്‍ കൂടെയുണ്ടായിരുന്ന വിഷ്ണുവിനോട് ഓടിരക്ഷപ്പെടാന്‍ പറഞ്ഞു. കാലിന് പരിക്കേറ്റ വിഷ്ണുവിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഏങ്ങണ്ടിയൂര്‍ ചെമ്പകശ്ശേരി മോഹന്റെ മകനാണ് നാട്ടിക എസ്.എന്‍. കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിയായ വിഷ്ണു.

ആനന്ദന്‍ വര്‍ഷങ്ങളായി ആര്‍.എസ്.എസിന്റെ സജീവപ്രവര്‍ത്തകനാണ്. അച്ഛന്‍ പുന്നയൂര്‍ക്കുളം ചില്ലരിക്കല്‍ ശശി നേരത്തേ മരിച്ചു. ടിപ്പര്‍ ലോറി ഡ്രൈവറായ ആനന്ദനായിരുന്നു കുടുംബത്തിന്റെ ആശ്രയം. വിദ്യാര്‍ഥിയായ അഭിഷേക് സഹോദരനാണ്. മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം തിങ്കളാഉച്ചയോടെ നെന്മിനിയിലെ വീട്ടിലേക്ക് കൊണ്ടുവരും. രാവിലെ 11-ന് ചൂണ്ടലില്‍നിന്ന് വിലാപയാത്ര ആരംഭിക്കും.

RANDOM NEWS

Rajatham

ജില്ലാ പദ്ധതി രേഖ സമര്‍പ്പണ ചടങ്ങ്: മന്ത്രിയും എം പിയും എം എല്‍ എമാരും എത്തിയില്ല

കാസര്‍കോട്: സംസ്ഥാന ആസൂത്രണ ബോര്‍ഡും ജില്ലാ ആസൂത്രണ സമിതിയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷനും സംയുക്തമായി സംഘടിപ്പിച്ച രജതം …