Sunday , August 9 2020
Breaking News

സര്‍ക്കാര്‍ തണലില്‍ നെല്ലിയരകോളനിയിലെ 11 പട്ടികവര്‍ഗ കുടുംബങ്ങള്‍

പരപ്പ : നാടുമുഴുവന്‍ തെരഞ്ഞെടുപ്പ് ആവേശത്തില്‍ മുഴുകിയിരുന്ന ദിനത്തില്‍ ജില്ലയുടെ മലയോരപ്രദേശമായ പരപ്പയില്‍ ആഞ്ഞടിച്ച കാറ്റിലും മഴയിലും സര്‍വതും നഷ്ടപ്പെട്ട് ഇനി എങ്ങോട്ട് പോകണമെന്നറിയാതെ പകച്ചുനിന്ന പതിനൊന്ന് കുടുംബങ്ങള്‍. ഒരു ആയുസില്‍ സമ്പാദിച്ചതുമുഴുവന്‍ ഒരൊറ്റ ദിവസംകൊണ്ട് ഇല്ലാതായവര്‍. എന്നാല്‍ രണ്ടുമാസം പിന്നിടുമ്പോഴേക്കും സ്ഥിതിഗതികള്‍ ആകെമാറി. കിനാനൂര്‍കരിന്തളം പഞ്ചായത്തിലെ നെല്ലിയരകോളനിയിലെ 11 കുടുംബങ്ങള്‍ക്ക് ആശ്വാസത്തിന്റെ തണലൊരുക്കിയിരിക്കുകയാണ് സര്‍ക്കാര്‍.പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയ വിവിധോദ്ദേശ്യ കമ്മ്യൂണിറ്റി ഹാളിലിരുന്ന് ഊരുമൂപ്പനായ കൃഷ്ണനും ശ്രീജയും സംസാരിച്ചുതുടങ്ങുന്നു….
കഴിഞ്ഞ ഏപ്രില്‍ 23ന് അപ്രതീക്ഷിതമായി എത്തിയ വേനല്‍മഴയിലും കാറ്റിലുമാണ് വീട് നഷ്ടമാകുന്നത്. ജനിച്ചതും വളര്‍ന്നതുമെല്ലാ ഇവിടെയാണ്. പൈതൃകമായി കൈമാറി വരുന്ന ഊരുമൂപ്പന്റെ സ്ഥാനമുണ്ടെന്നെയുള്ളൂ. കൂലിപ്പണിയെടുത്താണ് രണ്ടു മക്കളടങ്ങുന്ന കുടുംബം പുലര്‍ത്തുന്നത്. ഇതാദ്യമായാണ് മാറിതാമസിക്കേണ്ടിവരുന്നത്. സ്വരുക്കൂട്ടി വച്ചതെല്ലാം നഷ്ടമായി…കയറിക്കിടക്കാന്‍ സ്വന്തമായി ഒരു വീടുപോലും ഇല്ലാത്ത അവസ്ഥ…താത്കാലികമായി ഒരുക്കിയ പരപ്പ സ്‌കൂളിലെ അഭയകേന്ദ്രത്തിലേക്ക് ഞാനടക്കമുള്ള 11 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമ്പോഴും ഇനി എത്രനാള്‍ ഇവിടെ തുടരേണ്ടി വരുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഈ സര്‍ക്കാരില്‍ ഞങ്ങള്‍ക്ക് ഒരു ഉറപ്പുണ്ട്. ഞങ്ങളെ കൈവിടില്ലെന്ന വിശ്വാസം…കൃഷ്ണന്‍ പറഞ്ഞവസാനിപ്പിക്കുന്നു.

താത്കാലിക അഭയകേന്ദ്രത്തില്‍ നിന്ന് കമ്മ്യൂണിറ്റി ഹാളിലേക്ക്

നെല്ലിയര കോളനിയിലെ 11 കുടുംബങ്ങളില്‍ നിന്നായി 47 പേരെയാണ് പട്ടിക വര്‍ഗ വികസന വകുപ്പിന്റെയും കിനാനൂര്‍കരിന്തളം പഞ്ചായത്തിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പരപ്പ സ്‌കൂളിലെ താത്കാലിക അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്. എന്നാല്‍ മധ്യവേനല്‍ അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നതോടെ ഇവരെ എവിടേക്ക് മാറ്റുമെന്ന ആശങ്കയുണ്ടായിരുന്നു. തുടര്‍ന്ന് കിനാനൂര്‍കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എ.വിധുബാല ചെയര്‍പേഴ്‌സണും മുന്‍ സര്‍ക്കാര്‍ ജീവനക്കാരനും പൊതുപ്രവര്‍ത്തകനായ എ.ആര്‍ രാജു ജനറല്‍കണ്‍വീനറുമായ കമ്മിറ്റി രൂപീകരിച്ചു. ഇവരുടെ നേതൃത്വത്തില്‍ പട്ടിക വര്‍ഗവികസന വകുപ്പിന്റെ 201920 വര്‍ഷത്തെ കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി വിവിധോദ്ദേശ്യ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മിക്കുന്നത്. മെയ് അഞ്ചിന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. ചില സാങ്കേതിക തടസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ചതിനെക്കാള്‍ വേഗത്തില്‍ 27 ദിവസം കൊണ്ട് പണി പൂര്‍ത്തിയായി. 24 മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയിലുമാണ് കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നത്.

പ്രതീക്ഷയുടെ പുതിയ ഇടങ്ങളിലേക്ക്

ജൂണ്‍ 16നാണ് താത്കാലിക അഭയകേന്ദ്രത്തില്‍ നിന്നും ഇവരെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റുന്നത്. റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനാണ് ഹാള്‍ ഉദ്ഘാടനം ചെയ്തത്. ഒരു കുടംബത്തിന് രണ്ടു വീതം കട്ടിലുകള്‍ അടക്കമുള്ള സാധനങ്ങളും ഹാളില്‍ ഒരുക്കിയിട്ടുണ്ട്. കിടക്ക, തലയണ, ഗ്യാസ് സ്റ്റൗ തുടങ്ങിയവ റെഡ്‌ക്രോസിന്റെ നേതൃത്വത്തിലാണ് നല്‍കിയത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമോ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതി മുഖേനയോ ഒരു വര്‍ഷത്തിനകം ഇവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുകയും ചെയ്യും.

RANDOM NEWS

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 73 പേരില്‍ ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ 70 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ രോഗം ; 33 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (ആഗസ്റ്റ് എട്ട്) ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ …