Monday , October 15 2018
Breaking News
download

പുകയും ശബ്ദവുമില്ല; റോഡുകള്‍ കീഴടക്കാന്‍ ദിവ്യ രഥും ടിക് ടീകും

കോഴിക്കോട് : പ്രകൃതിയോടും തൊഴിലാളികളോടും ഇണങ്ങുന്ന വൈദ്യുത ഓട്ടോറിക്ഷകള്‍ ഉടന്‍ കോഴിക്കോടിന്റെ നിരത്തുകള്‍ കീഴടക്കും. മലിനീകരണം ഇല്ലാത്തതും കുറഞ്ഞ ചെലവില്‍ ഉപയോഗിക്കാവുന്നതുമായ ഗുഡ്സ്, പാസഞ്ചര്‍ ഓട്ടോറിക്ഷകളാണ് നഗരത്തിലെത്തുക. കാറുകളും സ്കൂട്ടറുകളുമായി വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ ഉണ്ടെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ ഇത്തരം ഓട്ടോറിക്ഷകള്‍ റോഡിലിറങ്ങുന്നത് സംസ്ഥാനത്ത് ആദ്യമാകും

എകെ ഓട്ടോ ഇലക്ട്രിക്കല്‍സ് എന്ന കമ്പനി പുറത്തിറക്കുന്ന ഓട്ടോറിക്ഷകള്‍ പാലക്കാട് ആസ്ഥാനമായ മെറിഡിയന്‍ മോട്ടോഴ്സ് ആണ് കേരളത്തില്‍ എത്തിക്കുന്നത്. ദിവ്യ രഥ്, ടിക് ടീക് എന്നീ മോഡലുകളാണുള്ളത്. രണ്ട് മോഡലിലും ഗുഡ്സും പാസഞ്ചറും ഉണ്ട്. കുടുംബശ്രീകള്‍ക്കും മറ്റും മാലിന്യം നീക്കാന്‍ ഉപയോഗിക്കാവുന്ന ഗാര്‍ബേജ് ഇനവും സ്കൂളുകള്‍ക്ക് കുട്ടികളെ കൊണ്ടുപോകാവുന്ന വാനും പുറത്തിറക്കുന്നുണ്ട്.
പരിസ്ഥിതി മലിനീകരണവും കൂടിയ പ്രവര്‍ത്തനച്ചെലവും ഏറെ പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിന് പരിഹാരമാണ് വൈദ്യുത ഓട്ടോറിക്ഷകള്‍. സമാനമായ വാഹനങ്ങളോട് ഏതുവിധവും കിടപിടിക്കുന്നവയാണിത്. വാഹനങ്ങള്‍ സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണവും ശബ്ദശല്യവും ഇല്ല. വളരെകുറഞ്ഞ ചെലവില്‍ പ്രവര്‍ത്തിപ്പിക്കാമെന്നതും അറ്റകുറ്റപ്പണി കുറവാണെന്നതും തൊഴിലാളികളുടെ മനം കവരുന്നതാണ്.

മറ്റു ഓട്ടോകളേക്കാള്‍ വിലകുറവാണെന്നതും പ്രത്യേകതയാണ്. 1,10,000 മുതല്‍ 1,80,000 രൂപവരെയാണ് വില. 1000 വാട്സിന്റെ സാധാരണ മോട്ടോറും നാലു ബാറ്ററിയുടെ ഒരു സെറ്റുമാണ് ഇവയുടെ കരുത്ത്. അതുകൊണ്ട് ഇടയ്ക്കുണ്ടാവുന്ന എന്‍ജിന്‍ പണിയെ ഭയക്കേണ്ട. ബാറ്ററികള്‍ക്ക് രണ്ട് വര്‍ഷ ഗ്യാരണ്ടിയുണ്ട്. മറ്റു ഓട്ടോകള്‍ക്ക് ദിവസം 300 രൂപവരെ ഡീസലിന് വേണ്ടിവരുമ്പോള്‍ ഇവക്ക് പരമാവധി 30 രൂപയുടെ വൈദ്യുതിയെ ആവശ്യമുള്ളൂ. അഞ്ച് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ഓടാന്‍ കഴിയും. ഇതിന് മൂന്നര യൂണിറ്റ് വൈദ്യുതി മതി. മികച്ച റോഡാണെങ്കില്‍ 120 കിലോമീറ്റര്‍ വരെ ഓടും. സര്‍ക്കാര്‍ നിശ്ചയിച്ച 25 കിലോമീറ്ററാണ് മണിക്കൂര്‍ വേഗം. 40 കിലോമീറ്റര്‍വരെ കൂട്ടാവുന്നതാണ്.

മൂന്നര അടി വീതിയും നാലര അടി നീളവുമുള്ളവയാണ് ഗുഡ്സ്. പാസഞ്ചറില്‍ നാലുപേര്‍ക്ക് യാത്രചെയ്യാം. ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ നേരത്തെ ഓടിത്തുടങ്ങിയ ഈ ഓട്ടോകള്‍ കേരളത്തിന്റെ കാലാവസ്ഥയ്ക്കും റോഡിനും അനുയോജ്യമാക്കി കുറച്ചുകൂടി മെച്ചപ്പെടുത്തിയാല്‍ ഈ രംഗത്ത് വന്‍ കുതിപ്പാണുണ്ടാവുക. പരിസ്ഥിതിയോട് ഇണങ്ങുന്ന വൈദ്യുത വാഹനങ്ങള്‍ക്ക് സര്‍ക്കാറുകള്‍ നല്ല പ്രേത്സാഹനം നല്‍കുന്നുണ്ട്. 250 വാട്സ് വരെയുള്ള വാഹനങ്ങള്‍ക്ക് റോഡ് നികുതി ആവശ്യമില്ല. അതിനുമുകളിലുള്ളതിന് സാധാരണ വാഹനങ്ങളെ അപേക്ഷിച്ച് ചെറിയ നികുതിമാത്രമാണുള്ളത്. ഇന്‍ഷുറന്‍സും കുറവാണ്. വൈദ്യുത ഓട്ടോ ഇറക്കുന്നതില്‍ കോഴിക്കോട് നഗരത്തിലെ ഓട്ടോതൊഴിലാളികളും വിതരണക്കാരും കഴിഞ്ഞ ദിവസം ധാരണയായി.

RANDOM NEWS

Prime-Miinister

രൂപയുടെ തകര്‍ച്ച: എണ്ണ ഉത്പാദകരുടെ സഹകരണംതേടി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മൂല്യത്തകര്‍ച്ച നേരിടുന്ന രൂപയ്ക്ക് ആശ്വാസം തേടി എണ്ണ ഉത്പാദകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചര്‍ച്ച. യുഎഇ, സൗദി അറേബ്യ തുടങ്ങിയ …