Friday , July 10 2020
Breaking News

വനത്തില്‍ കണ്ടെത്തിയ അസ്ഥികൂടം വിദഗ്ധ പരിശോധനക്ക് പരിയാരത്തേക്ക്

ആദൂര്‍: കൊട്ടിയാടി ചെക്ക് പോസ്റ്റിന് സമീപം വനത്തില്‍ പുരുഷന്റെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ശനിയാഴ്ച വൈകിട്ടോടെയാണ് റോഡില്‍ നിന്നും 25 മീറ്റര്‍ അകലെ വനത്തില്‍ പൂര്‍ണമായും അഴുകിയ മൃതദേഹത്തിന്റെ അസ്ഥികൂടം കണ്ടെത്തിയത്. ഇരുപത് ദിവസം മുമ്പ് മരിച്ചയാളുടെ അസ്ഥികൂടമാണിതെന്ന് സംശയിക്കുന്നു. സ്ഥലത്ത് നിന്നും ഒരു നൈലോണ്‍ കയര്‍ കണ്ടെത്തിയിട്ടുണ്ട്. കൊട്ടിയാടി ചെക്ക്‌പോസ്റ്റിലെ വാച്ചറാണ് അസ്ഥികൂടം കണ്ടത്.
ആദൂര്‍ പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം അസ്ഥികൂടം പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് പറഞ്ഞു. പരിശോധനക്കായി പൊലീസ് സര്‍ജനെ എത്തിക്കുമെന്ന് ശനിയാഴ്ച പൊലീസ് വ്യക്തമാക്കിയിരുന്നുവെങ്കിലും വരാന്‍ അസൗകര്യമുണ്ടെന്നാണ് സര്‍ജന്‍ അറിയിച്ചത്. ഇതോടെ അസ്ഥികൂടം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. ആദൂര്‍ എസ്.ഐ നിബിന്‍ ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. കാവി മുണ്ടാണ് അസ്ഥികൂടത്തിലുണ്ടായിരുന്നത്. സമീപത്തൊന്നും ബലപ്രയോഗം നടന്നതിന്റെയോ മറ്റോ ലക്ഷണങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. യഥാര്‍ഥ മരണകാരണം വിദഗ്ദ്ധ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂവെന്ന് പൊലീസ് പറയുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞാല്‍ മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാനാകുകയുള്ളൂ. അടുത്തിടെയായി സമീപപ്രദേശത്തു നിന്നും ആരെയെങ്കിലും കാണാതായിട്ടുണ്ടോയെന്നതുസംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

RANDOM NEWS

ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ വിദേശത്തു നിന്നും 3 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ : 15പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ വ്യാഴാഴ്ച (ജൂലൈ 9) ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എട്ടുപേര്‍ വിദേശത്ത് …