Thursday , September 19 2019
Breaking News
P-J-Joseph

ചിലര്‍ ശകുനംമുടക്കികളായി; ജോസഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് മുഖപത്രം

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസിലുണ്ടായ തര്‍ക്കങ്ങളില്‍ പി.ജെ ജോസഫിനെതിരെ വിമര്‍ശനവുമായി മുഖപത്രം പ്രതിച്ഛായ.ചില നേതാക്കള്‍ ശകുനംമുടക്കുന്ന നോക്കുകുത്തിയെപ്പോലെ വഴിയിലിറങ്ങി നിന്നെന്നും വിഡ്ഢികളാകാനാണ് അവരുടെ നിയോഗമെന്നും പ്രതിച്ഛായയുടെ മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ജോസ് കെ മാണിയുടെ തീരുമാനം ശരിയായിരുന്നെന്നും മുഖപ്രസംഗം പറയുന്നു.

ഉള്ളില്‍ അണപ്പല്ലുകൊണ്ട് ഇറുമ്മുകയും പുറമേയ്ക്ക് മുന്‍പല്ലുകൊണ്ട് ചിരിക്കുകയും ചെയ്യുന്നവരുടെ സമവായ സ്ഥാനാര്‍ഥിയെ പാലായ്ക്ക് ആവശ്യമില്ലെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. നിഷ ജോസ് കെ മാണിയുടെ അടക്കം പേരുകള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉയര്‍ന്നുവന്നപ്പോള്‍ അതിനെ എതിര്‍ക്കുന്ന നിലപാടാണ് പിജെ ജോസഫ് സ്വീകരിച്ചത്.
പകരം സമവായ സ്ഥാനാര്‍ഥി വേണം എന്ന നിലപാടായിരുന്നു സ്വീകരിച്ചതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ചില നേതാക്കള്‍ ശകുനംമുടക്കികളായി വഴിമുടക്കി നിന്നു. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ജോസ് കെ മാണിയുടെ തീരുമാനം ശരിയായിരുന്നു.കുടുംബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ഥി വേണ്ട എന്ന നിലപാട് ജോസ് കെ മാണി മുന്‍പേ തന്നെ സ്വീകരിച്ചിരുന്നു. ജോസ് കെ മാണിയുടെ തീരുമാനത്തിനൊപ്പമാണ് പാലായിലെ കേരളാ കോണ്‍ഗ്രസ് എന്നും മുഖപ്രസംഗം പറയുന്നു.

വെല്ലുവിളി നിറഞ്ഞ സ്ഥാനാര്‍ഥിനിര്‍ണയം ഇലയ്ക്കും മുള്ളിനും കേടില്ലാതെ നിര്‍വഹിക്കാന്‍ സാധിച്ചു. കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം നല്ല തുടക്കമാണ്. നല്ല തുടക്കത്തോടെ കേരള കോണ്‍ഗ്രസും യുഡിഎഫും പകുതി വിജയം നേടിക്കഴിഞ്ഞതായും മുഖപ്രസംഗം പറയുന്നു. ഇതിനിടയില്‍ അപസ്വരം കേള്‍പ്പിക്കാനാണ് ചില നേതാക്കള്‍ ശ്രക്കുന്നത്. ശകുനം മുടക്കാന്‍ നോക്കുകുത്തിയെപ്പോലെ വഴിവിലങ്ങി നിന്നു വിഡ്ഢിയാവാനാണ് അവരുടെനിയോഗമെന്നും പ്രതിച്ഛായയിലെ മുഖപ്രസംഗം പറയുന്നു.

RANDOM NEWS

Supremcourt

അയോധ്യാ കേസ് വാദം കേള്‍ക്കല്‍ ഒക്ടോബര്‍ പതിനെട്ടോടെ പൂര്‍ത്തിയാകുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: അയോധ്യാ കേസിലെ വാദം കേള്‍ക്കല്‍ ഒക്ടോബര്‍ 18 ഓടെ പൂര്‍ത്തിയാകുമെന്ന് സുപ്രീം കോടതി. കേസിലെ കക്ഷികളുടെ അഭിഭാഷകരുമായി ബുധനാഴ്ച …