Tuesday , April 23 2019
Breaking News
-------

നാല് റണ്‍സിന് ഇന്ത്യ വീണു; ന്യൂസീലന്‍ഡിന് വിജയം, പരമ്പര

ഹാമില്‍ട്ടന്‍: ന്യൂസീലന്‍ഡിന്റെ പോരാട്ടവീര്യത്തിന് മുന്നില്‍ ഇന്ത്യക്ക് പിടിച്ചുനില്‍ക്കാനായില്ല. അവസാന ട്വെന്റി20യില്‍ ഇന്ത്യയെ നാല് റണ്‍സിന് തകര്‍ത്ത് ന്യൂസീലന്‍ഡ് 21ന് പരമ്പര സ്വന്തമാക്കി. അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യക്ക് 11 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സിക്‌സും ഫോറുമായി മുന്നേറുകയായിരുന്ന ദിനേശ് കാര്‍ത്തിക്കിനേയും ക്രുണാല്‍ പാണ്ഡ്യയേയും അവസാന ഓവറില്‍ പിടിച്ചുനിര്‍ത്തിയ ടിം സൗത്തിയാണ് കിവീസിന് വിജയം സമ്മാനിച്ചത്.

ഇന്ത്യ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണെടുത്തത്. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ഇന്ത്യക്ക് ഓപ്പണര്‍ ധവാനെ നഷ്ടമായി. നാല് പന്തില്‍ അഞ്ച് റണ്‍സായിരുന്നു സമ്പാദ്യം. പിന്നീട് വിജയ് ശങ്കറുമായി ചേര്‍ന്ന് രോഹിത് ശര്‍മ്മ രണ്ടാം വിക്കറ്റില്‍ 75 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഇതാണ് ഇന്ത്യയുടെ ഏറ്റവുമയര്‍ന്ന കൂട്ടുകെട്ട്. 28 പന്തില്‍ 43 റണ്‍സടിച്ച ശങ്കറിനെ പുറത്താക്കിയ സാന്റ്‌നര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 12 പന്തില്‍ 28 റണ്‍സടിച്ച.ഋഷഭ് പന്തിനും അധികം ആയുസുണ്ടായിരുന്നില്ല. തൊട്ടുപിന്നാലെ രോഹിത് ശര്‍മ്മയും മടങ്ങി. 32 പന്തില്‍ 38 റണ്‍സായിരുന്നു രോഹിതിന്റെ സമ്പാദ്യം. ഹാര്‍ദിക് പാണ്ഡ്യ 11 പന്തില്‍ 21 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ധോനി ആകെ നേരിട്ടത് നാല് പന്താണ്. സമ്പാദ്യം രണ്ട് റണ്‍സും. ഇതോടെ ഇന്ത്യ ആറു വിക്കറ്റിന് 145 എന്ന നിലയിലായി.

പിന്നീട് ഏഴാം വിക്കറ്റില്‍ ക്രുണാല്‍ പാണ്ഡ്യയും ദിനേശ് കാര്‍ത്തിക്കും ഇന്ത്യക്ക് വിജയപ്രതീക്ഷ സമ്മാനിക്കുകയായിരുന്നു. ഇരുവരും അടിച്ചുതകര്‍ത്തതോടെ ആരാധകര്‍ പ്രതീക്ഷയിലായി. എന്നാല്‍ അവസാന ഓവറില്‍ ടിം സൗത്തി ഇവര്‍ക്ക് കുരുക്കിട്ടു. 16 പന്തില്‍ 33 റണ്‍സോടെ കാര്‍ത്തിക്കും 13 പന്തില്‍ 26 റണ്‍സുമായി ക്രുണാലും പുറത്താകാതെ നിന്നു. ഇരുവരും 63 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. മിച്ചലും സാന്റ്‌നറും ആതിഥേയര്‍ക്കായി രണ്ട് വീതം വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് ഇന്ത്യന്‍ ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചു. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് ആതിഥേയര്‍ അടിച്ചെടുത്തത്. ന്യൂസീലന്‍ഡിന് സെയ്‌ഫേര്‍ട്ടും മണ്‍റോയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ഓപ്പണിങ് വിക്കറ്റില്‍7.4 ഓവറില്‍ 80 റണ്‍സ് അടിച്ചെടുത്തു. സെയ്‌ഫേര്‍ട്ട് 25 പന്തില്‍ 43 റണ്‍സ് അടിച്ചപ്പോള്‍ 40 പന്തില്‍ 72 റണ്‍സായിരുന്നു മണ്‍റോയുടെ സമ്പാദ്യം.
കെയ്ന്‍ വില്ല്യംസണ്‍ 21 പന്തില്‍ 27 റണ്‍സ് നേടി. ഗ്രാന്ദ്‌ഹോം 16 പന്തില്‍ 30 റണ്‍സ് അടിച്ചു. അവസാന ഓവറുകളില്‍ മിച്ചലും റോസ് ടെയ്‌ലറും അടിച്ചുതകര്‍ത്തു. മിച്ചല്‍ മൂന്ന് ഫോറിന്റെ അകമ്പടിയോടെ 11 പന്തില്‍ 19 റണ്‍സ് നേടിയപ്പോള്‍ ടെയ്‌ലര്‍ ഏഴ് പന്തില്‍ 14 റണ്‍സ് നേടി പുറത്താകാതെ നിന്നു. നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത കുല്‍ദീപ് മാത്രമാണ് ഇന്ത്യന്‍ ബൗളിങ്ങില്‍ മികച്ചുനിന്നത്. അതോടൊപ്പം ക്യാച്ചുകള്‍ കൈവിട്ട് ഫീല്‍ഡര്‍മാരും ന്യൂസീലന്‍ഡിനെ കൂറ്റന്‍ സ്‌കോറിലെത്താന്‍ ‘സഹായിച്ചു.

RANDOM NEWS

Cricket

വീണ്ടും ധോനിയുടെ ഫിനിഷിങ് മികവ്; ഇന്ത്യയ്ക്ക് ജയവും പരമ്പരയും

മെല്‍ബണ്‍: പഴയ ഫിനിഷിങ് മികവ് കൈമോശം വന്നിട്ടില്ലെന്ന് എം.എസ് ധോനി തെളിയിച്ചപ്പോള്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം. ഓസ്‌ട്രേലിയ …