Friday , August 23 2019
Breaking News
Obit

ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ ജോര്‍ജ് ഫെര്‍ണാണ്ടസ് (88) അന്തരിച്ചു.മറവി രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. 1930 ജൂണ്‍ മൂന്നിന് മംഗലാപുരത്താണ് ജോര്‍ജ് ഫെര്‍ണാണ്ടസ് ജനിച്ചത്. ആറു മക്കളില്‍ മൂത്തവനാണ് ജോര്‍ജ് ഫെര്‍ണാണ്ടസ്. ജെറി എന്നായിരുന്നു അദ്ദേഹത്തിന്റെ ചെല്ലപ്പേര്. സ്‌കൂള്‍ പഠനത്തിന് ശേഷം ബാംഗ്ളൂര്‍ സെന്റ് പീറ്റേഴ്സ് സെമിനാരിയില്‍ കത്തോലിക്കാ വൈദികനാകാന്‍ ചേര്‍ന്നു. എന്നാല്‍ രണ്ടു വര്‍ഷത്തിന് ശേഷം സെമിനാരി വിട്ടു. പിന്നീട് ബോംബയിലെത്തി ചെറിയ ജോലികള്‍ക്ക് ചേര്‍ന്നു. പ്ലാസിഡ് ഡെ മെല്ലോ, റാം മനോഹര്‍ ലോഹ്യ എന്നിവരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി സോഷ്യലിസ്റ്റ് ട്രേഡ് യൂണിയനില്‍ ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചു.

1961 ലും 68 ലും ബോംബെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. 1967 ലെ പൊതു തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തെത്തിയതോടെയാണ് അദ്ദേഹം പ്രശസ്തനാകുന്നത്. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ബോംബെ സൗത്തില്‍ നിന്നാണ് അദ്ദേഹം മത്സരിച്ചത്. കോണ്‍ഗ്രസ് നേതാവ് എസ്.കെ പാട്ടീലിനെയാണ് അദ്ദേഹം പരാജജയപ്പെടുത്തിയത്. അതോടെ ജയിന്റ് കില്ലര്‍ പരിവേഷവുമായി ലോക്സഭയിലെത്തി. 1969 ല്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്ക
പ്പെട്ടു. 1973 ല്‍ പാര്‍ട്ടി ചെയര്‍മാനായി.

ജോര്‍ജ് ഫെര്‍ണാണ്ടസ് ഓള്‍ ഇന്ത്യ റെയില്‍വേമെന്‍ ഫെഡറേഷന്‍ പ്രസിഡന്റായ സമയത്ത് 1974 ല്‍ സംഘടിപ്പിച്ച റെയില്‍വേ സമരത്തില്‍ രാഷ്ട്രം ശരിക്കും നിശ്ചലമായി. ശമ്പള പരിഷ്‌ക്കരണത്തിലെ അപാകതകളില്‍ പ്രതിഷേധിച്ചായിരുന്നു സമരം. റയില്‍വേ യൂണിയനുകള്‍ക്ക് പുറമെ മറ്റ് തൊഴിലാളി സംഘടനകളും സമരത്തില്‍ പങ്കെടുത്തു.

അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ജോര്‍ജ് ഫെര്‍ണാണ്ടസ് ജയില്‍വാസം അനുഷ്ടിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ബിഹാറിലെത്തിയ ജോര്‍ജ് ഫെര്‍ണാണ്ടസ് അവിടം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പിന്നീട് 1977 ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ മുസാഫര്‍പുരില്‍ നിന്ന് മൂന്നു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. ജയിലില്‍ കിടന്നുകൊണ്ടായിരുന്നു മത്സരം. മൊറാര്‍ജി ദേശായി സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായി.

1980 ല്‍ നടന്ന തിരഞ്ഞെടുപ്പിലും വിജയിച്ചെങ്കിലും പ്രതിപക്ഷത്തായിരുന്നു. 1984 ല്‍ ബാംഗ്ലൂരില്‍ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1989 ലും 1991
നടന്ന തിരഞ്ഞെടുപ്പുകളില്‍ വൂണ്ടും മുസാഫര്‍പുരില്‍ നിന്ന് വിജയിച്ചു. ജനാതദളായിരുന്നു തട്ടകം. 1989 ലെ വി.പി സിങ് മന്ത്രിസഭയില്‍ റെയില്‍വേ വകുപ്പ് കൈകാര്യം ചെയ്തു. കൊങ്കണ്‍ റെയില്‍വേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത് ഈ കാലത്താണ്. 1999 ല്‍ ജനതാദളില്‍ നിന്ന് പിരിഞ്ഞ് സമതാ പാര്‍ട്ടി രൂപവത്ക്കരിച്ചു. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയുടെ പ്രധാന സഖ്യകക്ഷിയായിരുന്നു സമതാ പാര്‍ട്ടി. എന്‍.ഡിഎയുടെ ആദ്യ കണ്‍വീനറായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്
2003 ല്‍ ജനതാദള്‍ യുണൈറ്റഡുമായി സമതാ പാര്‍ട്ടി ലയിച്ചു. 1998 -2004 ലെ വാജ്പയി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിസ്ഥാനമാണ് ജോര്‍ജ് ഫെര്‍ണാണ്ടസിന് ലഭിച്ചത്. കാര്‍ഗില്‍ യുദ്ധവും പൊഖ്റാന്‍ ആണവ പരീക്ഷണവും ഈ കാലയളവിലാണ് നടന്നത്. കാര്‍ഗില്‍ യുദ്ധസമയത്ത് നടന്ന ശവപ്പെട്ടി കുംഭകോണവുമായി ബന്ധപ്പെട്ട് വിവാദത്തിലകപ്പെട്ടു.

15-ആം ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2010 മുതല്‍ മറവി രോഗത്തിന് ഇരയായ അദ്ദേഹം ചികിത്സയിലായിരുന്നു.

മുന്‍ കേന്ദ്രമന്ത്രിയായ ഹുമയൂണ്‍ കബീറിന്റെ മകള്‍ ലൈല കബീറാണ് ഭാര്യ. 1980 കളില്‍ ഇരുവരും വേര്‍പിരിഞ്ഞു. സീന്‍ ഫെര്‍ണാണ്ടസ് മകനാണ്. ജയാ ജയ്റ്റിലിയാണ് 1984 മുതല്‍ സഹയാത്രിക. അസുഖ വേളയില്‍ ഭാര്യ തിരിച്ചെത്തിയെങ്കിലും അത് കൂടുതല്‍ വിവാദത്തിനിടയാക്കി. ഭാര്യയും മകനും ചേര്‍ന്ന് അദ്ദേഹത്തെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും കാണാന്‍ അനുവദിക്കുന്നില്ലെന്നും കാട്ടി സഹോദരങ്ങള്‍ കോടതിയെ സമീപിച്ചു.
ജോര്‍ജ് ഫെര്‍ണാണ്ടസിനെ ഭാര്യയ്ക്ക് സംരക്ഷിക്കാമെന്നും സഹോദരങ്ങള്‍ക്ക് കാണാന്‍ അവസരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ജയാ ജയ്റ്റ്ലിയേയും കാണാന്‍ അനുവദിക്കണമെന്ന് 2012 ല്‍ സുപ്രീം കോടതി ഭാര്യയ്ക്കും മകനും നിര്‍ദേശം നല്‍കിയിരുന്നു.

RANDOM NEWS

Jammu

ജമ്മുവിലെ ഇന്റര്‍നെറ്റ് നിയന്ത്രണം അവസാനിച്ചു; 5 ജില്ലകളില്‍ 2 ജി നെറ്റ് പുനസ്ഥാപിച്ചു

ശ്രീനഗര്‍: ജമ്മു റീജിയണിലെ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ പുനസ്ഥാപിച്ചു. ജമ്മു, റീസി, സാംബ, കത്വ, ഉദ്ദംപുര്‍ എന്നീ …