ജോഹന്നാസ്ബര്‍ഗ്: നെല്‍സണ്‍ മണ്ടേലയുടെ മുന്‍ഭാര്യ വിന്നി മണ്ടേല (81) അന്തരിച്ചു. വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തില്‍ ശക്തമായ സാന്നിധ്യമായിരുന്നു അവര്‍. ദീര്‍ഘാകാലമായി അസുഖ ബാധിത ആയിരുന്ന വിന്നി മണ്ടേല ജോഹന്നാസ്ബര്‍ഗിലെ ആശുപത്രിയിലാണ് അന്തരിച്ചതെന്ന് അവരുടെ കുടുംബത്തിന്റെ വക്താവ് അറിയിച്ചു
വിന്നി മണ്ടേലയ്ക്ക് 22 വയസുള്ളപ്പോഴാണ് നെല്‍സണ്‍ മണ്ടേലയെ കണ്ടുമുട്ടുന്നത്. 1958 ജൂണില്‍ വിവാഹിതരായ ഇരുവര്‍ക്കും അധികകാലം ഒരുമിച്ച് കഴിയാന്‍ സാധിച്ചില്ല. വിവാഹത്തിന് തൊട്ടുപിന്നാലെ നെല്‍സണ്‍ മണ്ടേല ഒളിവില്‍ പോകുകയും പിന്നീട് പിടിയിലാകുകയും ചെയ്തു.#
നെല്‍സണ്‍ മണ്ടേല ജയിലില്‍ കഴിഞ്ഞ 27 വര്‍ഷക്കാലം അദ്ദേഹത്തിന്റെ രണ്ടു മക്കളെ വളര്‍ത്തിയതും വര്‍ണ വിവേചനത്തിനെതിരായ പോരാട്ടം ശക്തമായി നിലനിര്‍ത്തിയതും വിന്നി മണ്ടേല ആയിരുന്നു. നെല്‍സണ്‍ മണ്ടേലയ്ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ച കാലത്ത് അധികൃതര്‍ വിന്നി മണ്ടേലയെയും വേട്ടയാടി. അദ്ദേഹത്തെ മാനസികമായി മാനസികമായി തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. അവരെ തടവിലാക്കാനും അക്രമിക്കാനും ശ്രമം നടന്നു. അവരുടെ വീടിനുനേരെ രണ്ടുവതണ ബോംബാക്രമണമുണ്ടായി.
പലതവണ ജയിലില്‍ അടയ്ക്കപ്പെട്ടുവെങ്കിലും ഭര്‍ത്താവിന്റെ മോചനത്തിനുവേണ്ടി പോരാട്ടം നടത്തി. ഭര്‍ത്താവിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ അപൂര്‍വമായി മാത്രമെ അവര്‍ക്ക് അധികൃതര്‍ അവസരം നല്കിയിരുന്നുള്ളു. 1990 ല്‍ നെല്‍സണ്‍ മണ്ടേല ജയില്‍ മോചിതനായി. വിന്നിയുടെ കൈപിടിച്ച് ജയിലില്‍നിന്ന് പുറത്തേക്കുവരുന്ന
നെല്‍സണ്‍ മണ്ടേലയുടെ ചിത്രമാണ് ലോകം കണ്ടത്. രണ്ടു വര്‍ഷത്തിനുശേഷം നെല്‍സണ്‍ മണ്ടേലയുമായി പിരിഞ്ഞ വിന്നി 1996 ല്‍ അദ്ദേഹത്തില്‍നിന്ന് വിവാഹ മോചനം നേടി.
1995 ല്‍ അഴിമതി ആരോപണത്തെത്തുടര്‍ന്ന് നെല്‍സണ്‍ മണ്ടേല അവരെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയിരുന്നു. കലാ സാംസ്കാരിക, ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി ആയിരുന്നു അവര്‍.