Wednesday , March 20 2019
Breaking News
-------------

പ്രാകൃത ബോധത്തില്‍ നിന്നും നമ്മെ പൗരസമൂഹമാക്കിയത് ഭരണഘടന: പി. കരുണാകരന്‍ എംപി

മഞ്ചേശ്വരം : സാമൂഹിക ദുരാചാരങ്ങള്‍ വ്യവസ്ഥാപിതമായി പ്രചാരത്തിലുണ്ടായിരുന്ന നമ്മുടെ രാജ്യത്ത് ജനങ്ങളെ പൗരസമൂഹമായി പരിവര്‍ത്തിപ്പിച്ചത് ഭരണഘടനയാണെന്ന് പി.കരുണാകരന്‍ എം.പി. കേരള നിയമസഭ, പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ സംഘടിപ്പിക്കുന്ന ഭരണഘടന സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാന തല ഭരണഘടന സന്ദേശ യാത്രയുടെ ഉദ്ഘാടനം മഞ്ചേശ്വരം ഗോവിന്ദപൈ നഗറില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ജാതീയമായി മതിലുകള്‍ സൃഷ്ടിച്ച് അയിത്തവും മനുഷ്യത്വ വിരുദ്ധതയും വിശ്വാസ്യആചാരങ്ങളുടെ പേരില്‍ പാലിച്ചിരുന്ന ഒരു ജനതയെ മാനുഷികമായ മൂല്യങ്ങള്‍ പഠിപ്പിച്ച് ആധുനിക മനുഷ്യനായി മാറ്റിമറിക്കുന്നതില്‍ അടിസ്ഥാനമായി വര്‍ത്തിച്ചത് ഭരണഘടനയാണ്. നാം ജനങ്ങള്‍ എന്നു തുടങ്ങുന്ന ഭരണ ഘടന പരമാധികാരം ജനങ്ങള്‍ക്ക് തന്നെയാണെന്ന് സംശയലേശമന്യെ പ്രഖ്യാപിക്കുന്നു. ജാതീയസാമൂഹിക ദുരാചാരങ്ങളിലൂടെ ഭിന്നിക്കപ്പെട്ടിരുന്ന ഇന്ത്യന്‍ സമൂഹത്തെ ഒന്നിപ്പിക്കുന്ന മാനവ മൂല്യങ്ങളാണ് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നത്. കൂടാതെ ഭരണ ക്രമങ്ങളില്‍ കേന്ദ്രസംസ്ഥാന അതിരുകള്‍ കൃത്യമായി നിര്‍വചിച്ച് രാജ്യത്തിന്റെ ഫെഡറല്‍ വ്യവസ്ഥയെയും ഭരണഘടന സംരക്ഷിക്കുന്നുണ്ട്. പഴഞ്ചനാവുകയോ കാലഹരണപ്പെടുകയോ ചെയ്യാത്ത ഭരണ ഘടന കാലോചിതമായി മാറുകയും ചെയ്യുന്നുണ്ട്. ജനാധിപത്യ മൂല്യങ്ങള്‍ വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഭരണ ഘടനാ സന്ദേശ യാത്രക്ക് വളരെയേറെ പ്രസക്തിയുണ്ട്. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം ഭരണഘടനാ മൂല്യങ്ങളെ സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി വിപുലമായ സന്ദേശയാത്ര സംഘടിപ്പിക്കുന്നത്. ഏതെങ്കിലും കക്ഷിയുടെയോ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയോ അല്ലാത്ത സംസ്ഥാനതല സന്ദേശ യാത്ര എല്ലാ ജനവിഭാഗങ്ങളുടേതാണെന്നും മൂല്യബോധമുള്ള ഒരു തലമുറയുടെ വികാസത്തിന് ഭരണഘടനാ സാക്ഷരതാ യാത്ര കരുത്തു പകരുമെന്നും അദ്ദേഹം പറഞ്ഞു.

RANDOM NEWS

Arrest

ഹാര്‍ഡ്‌ബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 12.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് അറസ്റ്റില്‍

കാസര്‍കോട്: ഹാര്‍ഡ്‌ബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ച പന്ത്രണ്ടര ലക്ഷം രൂപയുടെ അനധികൃത സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് പിടിയിലായി. കാസര്‍കോട്ടെ അബ്ദുല്‍നാസറിനെയാണ് തിരുവനന്തപുരത്ത് …