Monday , July 22 2019
Breaking News
Mugu

ജലപ്രതിസന്ധി നേരിടാന്‍ ഇനി പള്ളങ്ങളും; നദീതടവികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

കാസര്‍കോട് : കാസര്‍കോട് ജില്ല നേരിടുന്ന ജലപ്രതിസന്ധി പരിഹരിക്കാന്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വിപുലമായ നദീതട വികസന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ആദ്യഘട്ടത്തില്‍ മഞ്ചേശ്വരം താലൂക്കിലെ മഞ്ചേശ്വരം, ഉപ്പള, ഷിറിയ, കുമ്പള, മൊഗ്രാല്‍ എന്നീ അഞ്ചു നദികളോടനുബന്ധിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍, സ്വകാര്യ ഭൂമികളുള്‍പ്പെടെ 418 സ്ഥലങ്ങള്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. എടനാട് കണ്ണാടിപ്പള്ളം, മുഗു റോഡിലെ പുത്തിഗെ തോട്, പെര്‍ണ കാവേരികണ്ണം തോട്, മാന്യ വയല്‍തോട്, പൈവളിഗെ, മീഞ്ച എന്നിവടങ്ങളിലെ സര്‍ക്കാര്‍ ഭൂമികളില്‍ പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഈ പ്രദേശങ്ങളില്‍ നിലവിലുള്ള പള്ളങ്ങളുടെ ആഴം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. കൂടാതെ മേഖലയിലെ പാറപ്രദേശങ്ങളില്‍ പുതിയ പള്ളങ്ങളുമുണ്ടാക്കും. മണ്‍സൂണ്‍ ആരംഭിച്ചത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാക്കുന്നുണ്ടെങ്കിലും മഴയില്ലാത്ത ഇടവേളകളില്‍ പദ്ധതി പ്രവര്‍ത്തനം തുടരുകയാണ്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നത് ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ്. പാറകളില്‍ നിന്നുമെടുക്കുന്ന ചെങ്കല്ലുകള്‍ നിര്‍മ്മിതിയുടെ മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് നിര്‍മ്മിതി കേന്ദ്രം എക്സിക്യുട്ടീവ് സെക്രട്ടറി ആര്‍.സി ജയരാജന്‍ പറഞ്ഞു.
ലാറ്ററൈറ്റ് ഭൂപ്രദേശങ്ങള്‍ കൂടുതലുള്ള മഞ്ചേശ്വരം മേഖലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും അനിയന്ത്രിതമായ കുഴല്‍കിണറുകളും ഭൂഗര്‍ഭജലവിതാനത്തെ അപകടകരമാം വിധത്തില്‍ താഴ്ത്തി കൊണ്ടിരിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തെ പ്രതിരോധിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബുവിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം ചെറുകുളങ്ങളും ജലസംഭരണികളും പള്ളങ്ങളും നിര്‍മ്മിക്കും.
നദീജലത്തിന്റെ സ്വാഭാവികമായ ഒഴുക്കിനെ പ്രയോജനപ്പെടുത്തി നദികളില്‍ നിന്നും പത്തു മുതല്‍ പതിനഞ്ച് ഡിഗ്രി വരെ വ്യത്യാസത്തില്‍ പുതിയ കൈവഴികള്‍ നിര്‍മ്മിച്ച് നേരത്തെ നിശ്ചയിച്ച ജലസംഭരണികളിലേക്ക് വെള്ളമെത്തിക്കുകയാണ് പദ്ധതി. ഇതിനായി മീറ്റര്‍ വിവിധ അളവിലുള്ള കുഴികളാണ് നിര്‍മ്മിക്കുക. സ്ഥല ലഭ്യതയനുസരിച്ച് കുഴിയുടെ വിസ്തൃതിയും ആഴവും വര്‍ധിപ്പിക്കും. ഇതിലൂടെ സമീപ പ്രദേശങ്ങളിലെ ജലനിരപ്പുയര്‍ത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യത്തെ മൂന്നു വര്‍ഷം വരെ ജലസംഭരണികളില്‍ വെള്ളം കെട്ടിനില്‍ക്കില്ലെങ്കിലും അഞ്ചു വര്‍ഷം കൊണ്ട് ജലനിരപ്പില്‍ കാര്യമായ വര്‍ധനയുണ്ടാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അധികജലം ലഭിക്കുന്ന സ്ഥലങ്ങളില്‍ വീണ്ടും കനാലുകളും കൈവഴികളും നിര്‍മ്മിച്ച് പുതിയ കുളങ്ങളും ജലസംഭരണികളും നിര്‍മ്മിക്കും. ഇതിലൂടെ വരും വര്‍ഷങ്ങളില്‍ കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലായി 5000 കുളങ്ങള്‍ നിര്‍മിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിക്കാവശ്യമായ ഫണ്ട് കാസര്‍കോട് വികസന പാക്കേജില്‍ നിന്നാണ് ലഭ്യമാക്കുന്നത്.

RANDOM NEWS

Rain

കനത്ത മഴ: കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കണ്ണൂര്‍ : കാലവര്‍ഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ …