Tuesday , July 16 2019
Breaking News

അവിശ്വാസം 25ന്; കുറ്റിക്കോലില്‍ സി പി എമ്മും കോണ്‍ഗ്രസും പരക്കം പാച്ചിലില്‍

Panchayatകുറ്റിക്കോല്‍: കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗമായ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ സി പി എം നല്‍കിയ അവിശ്വാസ പ്രമേയം 25നു ചര്‍ച്ച ചെയ്യാനിരിക്കെ അവിശ്വാസം വിജയിപ്പിക്കാനും പരാജയപ്പെടുത്താനും സി പി എമ്മും കോണ്‍ഗ്രസും പരക്കം പാച്ചിലാരംഭിച്ചു.
ഇരു പാര്‍ട്ടികളും പ്രഖ്യാപിത ശത്രുവായി നിരന്തരം പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്ന ബി ജെ പിയുടെ പഞ്ചായത്ത് മെമ്പര്‍മാരുടെ പിന്തുണ അവിശ്വാസം ജയിപ്പിക്കാനും തോല്‍പ്പിക്കാനും സി പി എമ്മും കോണ്‍ഗ്രസും നേരിട്ട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് ബി ജെ പി മെമ്പര്‍ സൂചിപ്പിച്ചു.
അതേ സമയം പഞ്ചായത്തില്‍ സി പി എമ്മിന്റെ ഭാവി നിര്‍ണ്ണയിക്കാവുന്ന ഈ പ്രശ്നത്തില്‍ സി പി ഐയെ ഒപ്പം നിറുത്താനുള്ള അവസാനശ്രമം സി പി എം നേതൃത്വം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.
പഞ്ചായത്തിലെ രാഷ്ട്രീയ രംഗം ഇളകി മറിഞ്ഞു കൊണ്ടിരിക്കെ കോണ്‍ഗ്രസ് റിബലായി കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച സുനീഷ് ജോസഫിനെ കീഴടക്കാന്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും ശ്രമം തുടരുന്നു. അതേസമയം സുനീഷിനു പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്നു സി പി എം കൊതിപ്പിക്കുന്നതായും സംസാരമുണ്ട്. പക്ഷേ ആ വാഗ്ദാനം സി പി എമ്മിന്റേതായതു കൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ സുനീഷ് തയ്യാറായിട്ടുമില്ലെന്ന് സൂചനയുണ്ട്.
സി പി എമ്മിന്റെ പഞ്ചായത്ത് മെമ്പറായ ഒരു നേതാവ് കഴിഞ്ഞ ദിവസം അവിശ്വാസത്തെ അനുകൂലിച്ചു വോട്ടു ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചതായി ബി ജെ പിയുടെ കുറ്റിക്കോല്‍ പഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പര്‍ രജനി പറഞ്ഞു. കോണ്‍ഗ്രസ് മെമ്പര്‍മാര്‍ അവരെ അനുകൂലിച്ചു വോട്ടു ചെയ്യണമെന്നും അഭ്യര്‍ത്ഥിക്കുന്നുണ്ടെന്നു രജനി കൂട്ടിച്ചേര്‍ത്തു.
അവിശ്വാസ പ്രമേയത്തിന് അനുകൂലമായോ എതിരായോആവശ്യമുണ്ടെങ്കില്‍ അതു പരസ്യമായി തങ്ങളുടെ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെടാന്‍ രജനി ഇരു കൂട്ടരോടും നിര്‍ദ്ദേശിച്ചു. ബി ജെ പിയുമായി ഒരു ധാരണയും സഖ്യവുമില്ലെന്നു വീമ്പിളക്കുന്ന പാര്‍ട്ടികള്‍ക്ക് ബി ജെ പിയുടെ വോട്ട് എന്തിനാണെന്ന് ആവര്‍ ആരായുകയും ചെയ്തതായി സംസാരമുണ്ട്.
അതേസമയം ഘടകകക്ഷിയായ സി പി ഐയെ പഞ്ചായത്തില്‍ ഒപ്പം നിറുത്താന്‍ സി പി എം പ്രയാസപ്പെടുകയാണ്. അവിശ്വാസപ്രമേയത്തിനു സി പി എം നോട്ടീസ് നല്‍കും മുമ്പു തന്നെ കോണ്‍ഗ്രസിനെ അധികാര സ്ഥാനങ്ങളില്‍ നിന്നു പുറത്താക്കുക എന്നതു സി പി ഐ നിലപാടല്ലെന്നു പാര്‍ട്ടി നേതാവ് ഗോപാലന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടിരുന്നു.
ഗോപാലന്‍ മാസ്റ്റരുടെ ആ നിലപാട് സി പി ഐയുടെ നിലപാടാണോ, ഗോപാലന്‍ മാസ്റ്ററുടെ വ്യക്തിപരമായ നിലപാടാണോ എന്ന് അന്നു മുതല്‍ സി പി എം പ്രാദേശിക നേതൃത്വം സി പി ഐ ജില്ലാ നേതൃത്വം വരെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും സംസാരമുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്ത് അറിയിക്കാമെന്നാണ് അന്നു മുതല്‍ സി പി എമ്മിനു ലഭിക്കുന്ന മറുപടിയെന്നു പറയുന്നു. ഇതും സി പി എമ്മിനെ നിരാശപ്പെടുത്തുന്നുണ്ട്.
ഇതിനിടയില്‍ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് റിബലായി മത്സരിച്ചു വിജയിച്ച സുനീഷ് ജോസഫിന്റെ പിന്തുണ ഉറപ്പാക്കാന്‍ സി പി എം നടത്തുന്ന ശ്രമങ്ങളും ലക്ഷ്യം കണ്ടിട്ടില്ലെന്നു സൂചനയുണ്ട്.
പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കും മുമ്പു വൈസ് പ്രസിഡണ്ടായി തന്നെ തിരഞ്ഞെടുക്കാന്‍ ഒരു ഘട്ടത്തില്‍ സുനീഷ് സി പി എമ്മിനോട് ആവശ്യപ്പെട്ടിരുന്നതായി സൂചനയുണ്ട്. എന്നാല്‍ പ്രസിഡണ്ടിനെ കൂടി പുറത്താക്കിയാല്‍ രണ്ടു സ്ഥാനങ്ങളിലേക്കും ഒരുമിച്ചു തിരഞ്ഞെടുപ്പു നടത്താമെന്നു സി പി എം കടുംപിടിത്തം പിടിക്കുകയായിരുന്നെന്നു സുനീഷ് നേരത്തെ സൂചിപ്പിച്ചിരുന്നു.
പഞ്ചായത്ത് പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കാന്‍ ആകെയുള്ള 16 അംഗങ്ങളില്‍ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ വേണം. എന്നാല്‍ സി പി എമ്മിന് ആറംഗങ്ങളേയുള്ളൂ. സി പി ഐയുടെ ഒരംഗം കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നു പുറത്താക്കാന്‍ സി പി എമ്മിനെ പിന്തുണക്കാനിടയില്ല.
ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് റിബല്‍ അംഗത്തിന്റെയും മറ്റൊരു വനിതാ അംഗത്തിന്റേയും പിന്തുണ സി പി എം പ്രതീക്ഷിക്കുന്നുണ്ട്. ഇതിനു പുറമെ ഒരു ബി ജെ പി അംഗത്തിന്റെ കൂടി പിന്തുണ ഉറപ്പായാല്‍ സി പി ഐയുടെ സഹായമില്ലാതെ തന്നെ അവിശ്വാസം വിജയിപ്പിക്കാനാവുമെന്നാണ് കണക്കുകൂട്ടലെന്നു പറയുന്നു.
പഞ്ചായത്ത് രാഷ്ട്രീയം കലങ്ങി മറിഞ്ഞുകൊണ്ടിരിക്കെ സുനീഷിനെ അനുസരണയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനാക്കാന്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും നീക്കമാരംഭിച്ചിട്ടുണ്ട്. സുനീഷിനു കോണ്‍ഗ്രസ് വിട്ടുപോവാന്‍ കഴിയില്ലെന്നു കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഉറച്ചു വിശ്വസിക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സി പി എം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനെതിരെ പരസ്യമായി ഉറച്ചു നില്‍ക്കണമെന്നും അവിശ്വാസവുമായി ബന്ധപ്പെട്ടു സി പി എമ്മിനോ ബി ജെ പിക്കോ അനുകൂലമായ ഒരു നിലപാടും സ്വീകരിക്കില്ലെന്നും ബോധ്യപ്പെടുത്തിയാല്‍ കോണ്‍ഗ്രസിലേക്കു തിരിച്ചെടുക്കാന്‍ മേല്‍ ഘടകത്തോട് ആവശ്യപ്പെടുമെന്നു പാര്‍ട്ടി മണ്ഡലം കമ്മിറ്റി അറിയിച്ചു.
തിരിച്ചെടുക്കണമെന്ന് സുനീഷ് ഉള്‍പ്പെടെ രണ്ടു റിബല്‍ അംഗങ്ങള്‍ കത്തു നല്‍കിയിരുന്നെന്നും എന്നാല്‍ അക്കാര്യം മേല്‍ഘടകത്തെ ഇതുവരെ അറിയിച്ചിട്ടില്ലെന്നും മണ്ഡലം പ്രസിഡന്റ് പൂഴനാടു ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അറിയിച്ചു.

RANDOM NEWS

Sitting

സാങ്കേതികത്വം പറഞ്ഞ് അര്‍ഹര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട് : നിയമങ്ങളുടെ സാങ്കേതികത്വം അടിസ്ഥാനമാക്കി അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ …