Tuesday , October 16 2018
Breaking News
Railway

തിരുവനന്തപുരം-കാസര്‍കോട് സമാന്തര റെയില്‍വേ ലൈന്‍: ലോകബാങ്ക് സഹായത്തിന് ആലോചന

തിരുവനന്തപുരം : തിരുവനന്തപുരം – കാസര്‍കോട് സമാന്തര റെയില്‍വേ പാത നിര്‍മ്മാണത്തിന് ലോകബാങ്ക് സഹായം തേടാന്‍ ആലോചന. നിലവിലെ ഇരട്ടപ്പാതക്ക് സമാന്തരമായി മൂന്നാമത്തെയും നാലാമത്തെയും പാത നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശം റെയില്‍വേ ബോര്‍ഡ് തത്വത്തില്‍ അംഗീകരിക്കുകയും നടപടികളാരംഭിക്കാന്‍ അനുമതി നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ നീക്കം. 510 കിലോമീറ്റര്‍ നീളമുള്ള പാതക്ക് 16600 കോടി രൂപ വേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കേന്ദ്രസര്‍ക്കാര്‍ 49 ശതമാനവും സംസ്ഥാനം 51 ശതമാനവുമാണ് പദ്ധതിക്കായി ചെലവഴിക്കുക. ഏരെ സാമ്പത്തിക ഭാരമുള്ളതാണെങ്കിലും സംസ്ഥാനത്തിന്റെ റെയില്‍വേ വികസനത്തിന് മുതല്‍കൂട്ടാകുന്ന പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ പുതിയ സാധ്യതകള്‍ തേടാനാണ് സര്‍ക്കാര്‍ നീക്കം. ലോകബാങ്ക് സഹായം നിര്‍ദ്ദേശമായുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇനി വേണ്ടത് നയപരമായ തീരുമാനമാണ്.

അതിവേഗ ട്രെയിനുകളാണ് നിര്‍ദ്ദിഷ്ട പാതകളില്‍ കേരളം ഉദ്ദേശിക്കുന്നതെങ്കിലും അതിനു സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടെന്നും സെമി സ്പീഡ് ട്രെയിനുകള്‍ പരിഗണിക്കാമെന്നുമാണ് റെയില്‍വേ ബോര്‍ഡിന്റെ ഉറപ്പ്. ഇതിനു അനുസരിച്ചായിരിക്കും സര്‍വേയും അനുബന്ധ നടപടികളും. തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെ 125 കിലമോമീറ്ററില്‍ നിലവിലെ ബ്രോഡ്‌ഗേജ് ലൈനിന് സമാന്തരമായി മൂന്നും നാലും ലൈനുകള്‍ ഇടുന്നതിന് റെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ ഇതിനകം വിശദ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. 1943 കോടി രൂപയാണ് ഇതിന് കണക്കാക്കിയിട്ടുള്ളത്. അതേസമയം, കാസര്‍കോട് വരെ പുതിയ പാതകള്‍ പണിയാന്‍ 16600 കോടി രൂപ വേണ്ടിവരും. ലൈനുകള്‍ക്ക് ശേഷിയില്ലാത്തതാണ് കേരളത്തില്‍ പുതിയ ട്രെയിനുകള്‍ ഓടിക്കുന്നതിന് മുഖ്യതടസ്സം.

ഇതോടൊപ്പം തലശ്ശേരി-മൈസൂര്‍ (മാനന്തവാടി വഴി) പാത, ബാലരാമപുരം-വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പാത, എറണാകുളത്ത് റെയില്‍വേ ടെര്‍മിനസ് എന്നീ പദ്ധതികള്‍ക്കും സംസ്ഥാനം മുന്‍കൈ എടുത്ത് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. 247 കി.മീറ്റര്‍ വരുന്ന മൈസൂര്‍ പാതക്ക് 3,209 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. ഇപ്പോള്‍ തലശേരിയില്‍ നിന്ന് മൈസൂരിലേക്ക് 810 കിലോമീറ്ററാണ് ദൂരം. നിര്‍ദ്ദിഷ്ട പാതയോടെ യാത്രാസമയത്തില്‍ 12 മണിക്കൂറും ദൂരത്തില്‍ 570 കിലോമീറ്ററും കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

RANDOM NEWS

Santhosh-Echikanam

ദളിത് ആക്ഷേപം നടത്തിയെന്നാരോപിച്ച് സന്തോഷ് ഏച്ചിക്കാനത്തിനെതിരെ കേസ്

കാഞ്ഞങ്ങാട്: ദളിത് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുംവിധം ചാനല്‍ ചര്‍ച്ചയില്‍ സംസാരിച്ചുവെന്നാരോപിച്ച് പ്രശസ്ത തിരകഥാകൃത്തും നോവലിസ്റ്റുമായ സന്തോഷ് ഏച്ചിക്കാനത്തിനെതിരെ പോലീസ് കേസെടുത്തു. ഏച്ചിക്കാനം …