Wednesday , January 16 2019
Breaking News
Train

രാജധാനിക്ക് കാസര്‍കോട്ട് സ്റ്റോപ്പ് യാഥാര്‍ഥ്യമായേക്കും

കാസര്‍കോട്: ഏറെക്കാലത്തെ ആവശ്യമായ കാസര്‍കോട്ടെ രാജധാനി എക്‌സ്പ്രസിന്റെ സ്റ്റോപ്പ് യാഥാര്‍ഥ്യമായേക്കും. ഇതുള്‍പ്പെടെ ജില്ലയില്‍ മൂന്ന് തീവണ്ടികള്‍ക്ക് സ്റ്റോപ്പനുവദിക്കുന്ന കാര്യം റെയില്‍വേയുടെ പരിഗണനയിലാണ്. കാഞ്ഞങ്ങാട്ട് ഗാന്ധിധാം എക്‌സ്പ്രസ്, നീലേശ്വരത്ത് ഇന്റര്‍സിറ്റി എന്നിവയാണ് പരിഗണനയിലുള്ള മറ്റു വണ്ടികള്‍.

രാജധാനിക്ക് സ്റ്റോപ്പനുവദിക്കുന്നതില്‍ ഉദ്യോഗസ്ഥതലത്തില്‍ എതിര്‍പ്പുണ്ട്. സമയക്രമത്തെ ബാധിക്കുമെന്നാണ് അവരുടെ വാദം. എന്നാല്‍ സ്റ്റോപ്പനുവദിക്കണമെന്ന ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന്റെ ആവശ്യമാണ് ഇപ്പോള്‍ അനുകൂല ഘടകമായിരിക്കുന്നത്. കാസര്‍കോട്ട് പൊതുപരിപാടികള്‍ക്കെത്തിയ ഗവര്‍ണര്‍ക്കു മുന്നില്‍ വിഷയം
ജനപ്രതിനിധികളുള്‍പ്പെടെയുള്ളവര്‍ അവതരിപ്പിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം ഇക്കാര്യം റെയില്‍വേ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ജില്ലാ ആസ്ഥാനമായിട്ടും സ്റ്റോപ്പില്ലാത്തതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പി.കരുണാകരന്‍ എം.പി.യും പലവട്ടം റെയില്‍വേ മന്ത്രാലയത്തില്‍ നിവേദനം നല്‍കിയിരുന്നു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഗവര്‍ണര്‍ക്ക് പ്രത്യേകം കത്തും നല്‍കിയിരുന്നു. പ്രത്യേക അഭ്യര്‍ഥന പ്രകാരം കഴിഞ്ഞ നവംബര്‍ 15-ന് പുലര്‍ച്ചെ മുഖ്യമന്ത്രിക്കുവേണ്ടി രാജധാനി ഒരു മിനിറ്റ് കാസര്‍കോട്ട് നിര്‍ത്തിയിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വരുന്നതിനു മുമ്പുതന്നെ സ്റ്റോപ്പ് സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാകും. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സ്റ്റോപ്പുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നൂറുകണക്കിന് നിവേദനങ്ങളാണ് എം.പി.മാര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് റെയില്‍വേ മന്ത്രാലയത്തിന് ലഭിച്ചിട്ടുള്ളത്. റെയില്‍വേയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ സ്റ്റോപ്പും മറ്റും അനുവദിക്കേണ്ടതുള്ളൂ എന്നാണ് മന്ത്രിതലത്തില്‍നിന്നുള്ള നിര്‍ദേശം. ശക്തമായ സമ്മര്‍ദമുള്ളവയില്‍ മാത്രമേ വിട്ടുവീഴ്ച ചെയ്യുന്നുള്ളൂ. കാഞ്ഞങ്ങാട്ടെ ഗാന്ധിധാമിന്റെ സ്റ്റോപ്പിന് നിലവില്‍ എതിര്‍പ്പുകള്‍ ഒന്നുമില്ല. സമ്മര്‍ദത്തിന് വഴങ്ങി മറ്റേതെങ്കിലും സ്ഥലത്ത് സ്റ്റോപ്പനുവദിക്കേണ്ടിവന്നാല്‍ മാത്രമേ കാഞ്ഞങ്ങാട് തഴയപ്പെടുകയുള്ളൂ..

ഇന്റര്‍സിറ്റിയുടെ നീലേശ്വരത്തെ സ്റ്റോപ്പിന്റെ കാര്യത്തിലും സമയക്രമം എന്ന തടസ്സവാദം ഉയര്‍ന്നിട്ടുണ്ട്.
ജനകീയപ്രക്ഷോഭവും രാഷ്ട്രീയ ഇടപെടലും വഴി ചെന്നൈ സൂപ്പര്‍ഫാസ്റ്റ്, കണ്ണൂര്‍-ബെംഗളൂരു എക്‌സ്പ്രസ് എന്നിവയ്ക്ക് അടുത്തിടെ നീലേശ്വരത്ത് സ്റ്റോപ്പനുവദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് ഇന്റര്‍സിറ്റിക്ക് സ്റ്റോപ്പ് എന്ന ആവശ്യമുയര്‍ന്നത്. എതിര്‍പ്പുകള്‍ മറികടന്ന് പരിഗണനപ്പട്ടികയില്‍ ഇന്റര്‍സിറ്റിയും ഇടംപിടിച്ചിട്ടുണ്ട്. വൈകാതെതന്നെ ഇതിലും അന്തിമതീരുമാനമുണ്ടാകും. ജില്ലയില്‍ മറ്റ് സ്റ്റോപ്പുകളൊന്നും നിലവില്‍ പരിഗണനയിലില്ലെന്നാണ് റെയില്‍വേ അധികൃതരില്‍നിന്ന് ലഭിക്കുന്ന വിവരം.

RANDOM NEWS

-----

ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

ഉദുമ: ഉദുമ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ജില്ലാ പഞ്ചായത്ത് ആര്‍.എം.എസ്.എ പദ്ധതി പ്രകാരം നിര്‍മ്മിച്ച കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് …