Saturday , April 20 2019
Breaking News
Ramesh-Chennithala

ഹര്‍ത്താല്‍ ഭക്തരെയടക്കം വലച്ചു; ശശികലയെ അറസറ്റ് ചെയ്ത് ആളാക്കി മാറ്റി- ചെന്നിത്തല

കോഴിക്കോട്: ആര്‍എസ്എസും ബിജെപിയും ശബരിമലയെ സാമൂഹ്യവിരുദ്ധരുടെ താവളമാക്കി മാറ്റുമ്പോള്‍ മറുഭാഗത്ത് സിപിഎം ശബരിമലയെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നുവെന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊറുക്കാനാവാത്ത തെറ്റാണ് ബിജെപിയുടെ ഇന്നത്തെ ഹര്‍ത്താല്‍. രാത്രി മൂന്ന് മണിക്ക് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ശബരിമല തീര്‍ത്ഥാടകരെയടക്കം പെരുവഴിയിലാക്കി. ഭക്ഷണവും വാഹനവും ലഭിക്കാതെ പാവപ്പെട്ട ജനങ്ങള്‍ വലഞ്ഞു. പ്രതിഷേധം അറിയിക്കാന്‍ മറ്റു ധാരാളം വഴികളുണ്ടായിരുന്നു. ശശികലയെ അറസ്റ്റ് ചെയ്തു വലിയ ആളാക്കിയ സര്‍ക്കാരിന് വലിയ നമസ്‌കാരം. ഭക്ത ആയിട്ടല്ല അവര്‍ ശബരിമലയില്‍ പോയതെന്നാണ് കരുതുന്നത്. ആര്‍ക്കും അറിയാത്ത ശശികലയെ അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍ ആളാക്കി മാറ്റിയത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ശബരിമല വിഷയത്തില്‍ കൊടിപിടിക്കാതെ പ്രവര്‍ത്തകരോട് സമരത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടത് കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് താത്പര്യമില്ലാത്തതിനാലാണ്. ചിത്തിര ആട്ട വിശേഷകാലത്ത് ആര്‍എസ്എസിന്റെ നേതൃത്വത്തിലായിരുന്നു സന്നിധാനം. അതിന് സഹായമൊരുക്കിയത് പോലീസാണ്. അതിന്റെ പേരില്‍ ഇപ്പോള്‍ തീര്‍ത്ഥാടകര്‍ക്ക് ശബരമിലയില്‍ പോകാന്‍ പറ്റാത്ത സ്ഥിതിയാണ്. പോലീസ് രാജ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്നം പരിഹരിക്കാനുള്ള ഏകമാര്‍ഗം ഭരണഘടനാഭേദഗതിയാണ്. അയ്യപ്പ ഭക്തരെ പ്രത്യേക വിഭാഗമായി കണ്ട് ഭരണഘടനാ ഭേദഗതി നടത്തണം. കേന്ദ്ര സര്‍ക്കാരാണ് ഇതുചെയ്യേണ്ടത്. ശ്രീധരന്‍ പിള്ള ഇവിടെ കിടന്ന് തുള്ളികളിക്കാതെ കേന്ദ്ര സര്‍ക്കാരിനെ സമീപ്പിക്കണം. ബിജെപി ചെയ്യേണ്ട കാര്യങ്ങള്‍ നടത്താതെ ഒളിച്ചോടി രാഷ്ട്രീയ മുതലെടുപ്പ് നടത്തേണ്ട കാര്യം കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരിന്റെ അനാവശ്യ ധൃതിയാണ് എല്ലാ പ്രതിസന്ധികള്‍ക്ക് കാരണം. സുപ്രീംകോടതി .ഇന്ന ദിവസം നടപ്പാക്കണമെന്ന് വിധിയില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. സുപ്രീംകോടതിയുടെ ഒരു നിര്‍ദേശവുമില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ നേരത്തെ തന്നെ സര്‍വ്വകക്ഷിയോഗം വിളിച്ചിരുന്നെങ്കില്‍ ഒരു പ്രശ്നവുമുണ്ടാകില്ലായിരുന്നു. തീര്‍ത്ഥാടനത്തിന്റെ പരിശുദ്ധിയും വിശുദ്ധിയും ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

വൈകി വന്ന വിവേകമായിരുന്നു പിന്നീട് വിളിച്ച സര്‍വ കക്ഷി യോഗം. ഈ യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പറഞ്ഞിട്ട് കേള്‍ക്കാത്ത കാര്യം പിന്നീട് തന്ത്രിയും രാജാവും പറഞ്ഞപ്പോള്‍ കേട്ടു. ഇത് നേരത്തെ ആകാമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ബ്രൂവറി ഡിസ്റ്റലറി അനുമതി പിന്‍വലിച്ച മുഖ്യമന്ത്രി പറഞ്ഞത് പ്രളയം മൂലം നമ്മള്‍ ഒരുമിച്ച് പോകണമെന്നാണ്. എന്തൊക്കൊണ്ട് ഇക്കാര്യത്തില്‍ അതുണ്ടായില്ലെന്നും ചെന്നിത്തല ചോദിച്ചു.

RANDOM NEWS

Hospital

മംഗളൂരുവില്‍നിന്ന് എത്തിച്ച 15 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി

കൊച്ചി: ചികിത്സയ്ക്കായി മംഗളൂരുവില്‍നിന്ന് കൊച്ചിയിലെത്തിച്ച 15 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയായി. രാവിലെ ഒമ്പതോടെ തുടങ്ങിയ ശസ്ത്രക്രിയ …